IND vs SL: മൂന്നാം നമ്പറില്‍ ഇനി പുജാരയില്ല, പകരമാര് ? ഈ അഞ്ചുപേരിലൊരാളെ പരിഗണിക്കാം

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ചര്‍ച്ചകള്‍ സജീവമാണ്. ഇന്ത്യയുടെ നെടുന്തൂണുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പല താരങ്ങളെയും തഴഞ്ഞതാണ് ഇന്ത്യന്‍ ടീം പ്രഖ്യാപനത്തില്‍ ശ്രദ്ധേയമായത്. ഇതില്‍ പ്രധാനം ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരെ ഒഴിവാക്കിയതാണ്. ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ ഇരുവരും ഇന്ത്യയിലും വിദേശത്തും ടീമിനായി ഒരുപോലെ മികവ് കാട്ടിയിട്ടുള്ളവരാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി തീര്‍ത്തും നിരാശപ്പെടുത്തിയതോടെയാണ് ഇരുവരും തഴയപ്പെട്ടത്.
ദക്ഷിണാഫ്രിക്കന്‍ പരമ്പര ഇരുവരേയും സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായിരുന്നു. ഇതിലും തിളങ്ങാന്‍ സാധിക്കാതെ വന്നതോടെയാണ് ഇരുവര്‍ക്കും ടീമിലെ സ്ഥാനം നഷ്ടമായത്. വിരമിക്കാന്‍ അവസരം നല്‍കണമെന്ന അഭിപ്രായം പല ഭാഗത്ത് നിന്നും ഉയര്‍ന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതും ലഭിക്കാന്‍ സാധ്യത കുറവാണ്. രഞ്ജി ട്രോഫിയില്‍ ഇരുവരും തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. രഹാനെ ഒരു സെഞ്ച്വറിയും പുജാര ഒരു അര്‍ധ സെഞ്ച്വറിയും നേടിയെങ്കിലും സ്ഥിരതയില്ല.

ശ്രീലങ്കന്‍ പരമ്പരയില്‍ ഇരുവരും ഉണ്ടാകില്ലെന്നുറപ്പായതോടെ പകരക്കാരെ തേടേണ്ട സമയം വന്നിരിക്കുകയാണ്. രഹാനെ അഞ്ചാം നമ്പറിലും പുജാര മൂന്നാം നമ്പറിലുമാണ് ടെസ്റ്റില്‍ ബാറ്റുചെയ്തിരുന്നത്. മൂന്നാം നമ്പര്‍ ടെസ്റ്റില്‍ പ്രധാനപ്പെട്ട ബാറ്റിങ് പൊസിഷനാണ്. മൂന്നാം നമ്പറില്‍ പുജാരയുടെ അഭാവത്തില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

കെ എല്‍ രാഹുല്‍
രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ എന്നിവരെല്ലാം ഓപ്പണിങ്ങില്‍ അവസരം തേടുന്നവരാണ്. ഇതില്‍ നായകനായ രോഹിത് ശര്‍മ ഓപ്പണറായി തുടരുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ രോഹിത്തിന്റെ പങ്കാളി ആരാവണമെന്നതാണ് ഇനി അറിയേണ്ടത്. രോഹിത്തിനൊപ്പം ശുബ്മാന്‍ ഗില്ലിനെ ഓപ്പണറാക്കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ കെ എല്‍ രാഹുലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാം. ക്ഷമയോടെ ബാറ്റ് ചെയ്യാനും ആക്രമിക്കാനും രാഹുലിന് മികവുണ്ട്.
സമീപകാലത്ത് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം മൂന്നാം നമ്പറില്‍ റണ്‍സുയരുന്നില്ല എന്നതായിരുന്നു. എന്നാല്‍ രാഹുല്‍ എത്തിയാല്‍ ഈ പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരമാവും. നിലവില്‍ മൂന്നാം നമ്പറില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ കഴിയുന്ന ഏറ്റവും അനുയോജ്യനായ താരം രാഹുലാണ്. 43 ടെസ്റ്റില്‍ നിന്ന് 2547 റണ്‍സാണ് രാഹുല്‍ നേടിയത്. ഇതില്‍ ഏഴ് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മൂന്നാം നമ്പറില്‍ വിശ്വസ്തനെന്ന നിലയില്‍ ഏറെ നാള്‍ കളിക്കാന്‍ 29കാരനായ രാഹുലിന് സാധിച്ചേക്കും.

ശ്രേയസ് അയ്യര്‍
മൂന്നാം നമ്പറിലേക്ക് ഇന്ത്യക്ക് പരിഗണിക്കാന്‍ കഴിയുന്ന മറ്റൊരു താരമാണ് ശ്രേയസ് അയ്യര്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കെത്തിയിട്ട് നാളുകളേറെയായില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലടക്കം കളിച്ച് വലിയ അനുഭവസമ്പത്തുള്ള താരമാണ് ശ്രേയസ്. ന്യൂസീലന്‍ഡിനെതിരായ കാണ്‍പൂര്‍ ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച ശ്രേയസ് അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറിയും നേടി. മുംബൈക്കാരനായ ശ്രേയസ് സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ മിടുക്കനാണ്.
മൂന്നാം നമ്പറിലെ താരത്തിനുവേണ്ട ഏറ്റവും അനുയോജ്യമായ ഗുണവും ഇതുതന്നെയാണ്. അമിത പ്രതിരോധത്തിലൂന്നാതെ പതിയെ റണ്‍സുയര്‍ത്തുന്ന ശൈലിയാണ് ശ്രേയസിന്റേത്. ഈ ശൈലി മൂന്നാം നമ്പറില്‍ വളരെ ഗുണം ചെയ്യുകയും ചെയ്യും. ഇന്ത്യക്കായി രണ്ട് ടെസ്റ്റില്‍ നിന്ന് 202 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 56 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 4794 റണ്‍സും ശ്രേയസ് നേടിയിട്ടുണ്ട്. 52.10 ആണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ശരാശരി. പുജാരയുടെ പകരക്കാരനാവാന്‍ ശ്രേയസും അനുയോജ്യനാണ്.

വിരാട് കോലി
മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി നിലവില്‍ നാലാം നമ്പറിലാണ് കളിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മൂന്നാം നമ്പറില്‍ അനുഭവസമ്പത്തുള്ള ബാറ്റ്‌സ്മാനെയാണ് ഇന്ത്യക്കാവശ്യം. അങ്ങനെ വരുമ്പോള്‍ വിരാട് കോലിയെ പുജാരക്ക് പകരക്കാരനായി പരിഗണിക്കുന്നതിലും തെറ്റില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി നാലാം നമ്പറില്‍ തിളങ്ങാന്‍ കോലിക്കായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം മാറ്റം ആവിശ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ നാലാം നമ്പറില്‍ നിന്ന് മാറ്റി മൂന്നാം നമ്പറിലേക്ക് കോലിയെ പരീക്ഷിക്കാവുന്നതാണ്. കോലിക്ക് ഫോമിലേക്ക് തിരിച്ചെത്താനുള്ള അവസരം കൂടിയായി ഈ മാറ്റം മാറിയേക്കാം.
99 ടെസ്റ്റ് കളിച്ച കോലി 7962 റണ്‍സാണ് നേടിയത്. 50.39 ആണ് ശരാശരി. 27 സെഞ്ച്വറിയും ഏഴ് ഇരട്ട സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയുമാണ് കോലിയുടെ പേരിലുള്ളത്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് കോലിയുടെ 100ാമത്തെ ടെസ്റ്റ് മത്സരമാണ്. നായകസ്ഥാനം ഒഴിഞ്ഞ ശേഷം കോലി കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. അതുകൊണ്ട് തന്നെ കോലിക്ക് ബാറ്റിങ്ങില്‍ ഗംഭീര തിരിച്ചുവരവ് നടത്താന്‍ മൂന്നാം നമ്പറില്‍ മാറ്റം അനിവാര്യമാണ്.

ഹനുമ വിഹാരി
ഇന്ത്യയുടെ മധ്യനിരയിലാണ് നിലവില്‍ ഹനുമ വിഹാരിക്ക് സ്ഥാനം. അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലടക്കം മിന്നും പ്രകടനം നടത്തിയ വിഹാരിയെ മൂന്നാം നമ്പറില്‍ പരീക്ഷിക്കാവുന്ന താരമാണ്. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ ടീമിനൊപ്പവും മൂന്നാം നമ്പറില്‍ ശ്രദ്ധേയ പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഹാരിയെ പുജാരയുടെ പകരക്കാരനായി പരിഗണിക്കാവുന്നതാണ്. ടീമിന്റെ ആംഗര്‍ റോളിലാണ് മൂന്നാം നമ്പറുകാരന്‍ കളിക്കേണ്ടത്. ആ തരത്തില്‍ ചിന്തിക്കുമ്പോള്‍ മൂന്നാം നമ്പറില്‍ കളിക്കാന്‍ വിഹാരി അനുയോജ്യനാണ്. ഇന്ത്യ മൂന്നാം നമ്പറില്‍ അവസരം നല്‍കുമോ അതോ അഞ്ചാം നമ്പറില്‍ കളിപ്പിക്കുമോയെന്നത് കണ്ടറിയണം.

ശുഭ്മാന്‍ ഗില്‍
ഇന്ത്യയുടെ ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം കെ എല്‍ രാഹുല്‍ ഉള്ളതിനാല്‍ ശുബ്മാന്‍ ഗില്‍ ടീമിന് പുറത്താണ്. എന്നാല്‍ പ്രതിഭാശാലിയായ ഗില്ലിനെ പുറത്തിരുത്താന്‍ ഇന്ത്യ തയ്യാറായേക്കില്ല. അതുകൊണ്ട് തന്നെ മധ്യനിരയിലേക്ക് ഗില്ലിനെ പരിഗണിച്ചേക്കും. 22കാരനായ താരത്തെ ടോപ് ഓഡറിലേക്ക് പരിഗണിക്കാവുന്നതാണ്. മൂന്നാം നമ്പറില്‍ പുജാരക്ക് പകരം പരീക്ഷിക്കാവുന്നതാണ്. എന്നാല്‍ ക്ഷമ തീരെയില്ലാത്ത ഗില്‍ മൂന്നാം നമ്പറില്‍ എത്രത്തോളം തിളങ്ങുമെന്നത് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications