
മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓള്‍റൗണ്ട് മികവുകൊണ്ട് വിസ്മയിപ്പിച്ചിരിക്കുകയാണ് രവീന്ദ്ര ജഡേജ. ബാറ്റിങ്ങിനിറങ്ങി പുറത്താവാതെ 175 റണ്‍സ് നേടിയതിന് പിന്നാലെ പന്തുകൊണ്ടും അദ്ദേഹം മികവ് കാട്ടി. അഞ്ച് വിക്കറ്റുകളാണ് ജഡേജ പോക്കറ്റിലാക്കിയത്. 13 ഓവറില്‍ 41 റണ്‍സ് വിട്ടുകൊടുത്താണ് ജഡേജ അഞ്ച് വിക്കറ്റ് നേടിയത്. സെഞ്ച്വറിക്ക് പിന്നാലെ അഞ്ച് വിക്കറ്റ് നേടിയതോടെ ചരിത്ര റെക്കോഡിലേക്കും ജഡേജ എത്തിപ്പെട്ടിരിക്കുകയാണ്.
ഒരു മത്സരത്തില്‍ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് പ്രകടനവും നടത്തുന്ന ആറാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ജഡേജയെ തേടിയെത്തിയിരിക്കുന്നത്. 1952ല്‍ വിനോദ് മങ്കാദാണ് ആദ്യമായി ഇന്ത്യക്കായി ഈ നേട്ടത്തിലെത്തിയത്. ഇംഗ്ലണ്ടിനെതിരേ ബാറ്റിങ്ങിനിറങ്ങി 184 റണ്‍സ് നേടിയ വിനോദ് മങ്കാദ് 196 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റും നേടി. 1962ല്‍ പോളി ഉമ്രിഗറും ഈ നേട്ടത്തിലേക്കെത്തി. ബാറ്റിങ്ങിനിറങ്ങി 172 റണ്‍സുമായി പുറത്താവാതെ നിന്ന താരം 107 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റും സ്വന്തമാക്കി.

2011ല്‍ ആര്‍ അശ്വിന്‍ ഈ റെക്കോഡിന്റെ ഭാഗമായി. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 103 റണ്‍സ് നേടിയ അശ്വിന്‍ 156 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റും വീഴ്ത്തി. 2016ലും അശ്വിന്‍ നേട്ടമാവര്‍ത്തിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരേ തന്നെയാണ് രണ്ടാം തവണയും അശ്വിന്‍ ഈ നേട്ടത്തിലെത്തിയത്. 113 റണ്‍സ് നേടിയ അശ്വിന്‍ 83 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകളും സ്വന്തമാക്കി.
2021ല്‍ അശ്വിന്‍ ഇതേ നേട്ടം ആവര്‍ത്തിച്ചു. ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇത്. 106 റണ്‍സ് നേടിയ അദ്ദേഹം 43 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളുമാണ് വീഴ്ത്തിയത്. 2022ല്‍ ജഡേജയും ഈ പട്ടികയിലേക്കെത്തിയിരിക്കുകയാണ്. 25 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ഇരട്ട സെഞ്ച്വറി നേടാനുള്ള അവസരം ജഡേജക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇരട്ട സെഞ്ച്വറിയും പിന്നാലെ അഞ്ച് വിക്കറ്റ് നേടുകയും ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോഡിലേക്കെത്താനുള്ള അവസരമാണ് ജഡേജക്ക് നഷ്ടമായത്.

ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ വ്യക്തമായ ആധിപത്യം ഇതിനോടകം നേടിയെടുത്തിട്ടുണ്ട്. ഇന്ത്യയുടെ 574 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക മൂന്നാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 108 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റുമായി കളം നിറഞ്ഞതോടെ 174 റണ്‍സിനുള്ളില്‍ ശ്രീലങ്ക കൂടാരം കയറുകയായിരുന്നു. 13 ഓവറില്‍ 41 റണ്‍സ് വഴങ്ങിയായിരുന്നു ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനം. ജസ്പ്രീത് ബുംറ, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.

400 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയതോടെ ഇന്ത്യ ശ്രീലങ്കയെ ഫോളോ ഓണിന് ക്ഷണിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ശ്രീലങ്കയ്ക്ക് 308 റണ്‍സാണ് വേണ്ടത്. മൂന്നാം ദിനം സ്പിന്നിന് നല്ല പിന്തുണ ലഭിക്കുന്നതിനാല്‍ ശ്രീലങ്ക വളരെ പ്രയാസപ്പെടുകയാണ്. ലഹിരു കുമാര (0), ദിമുത് കരുണരത്‌ന (27), പതും നിസങ്ക (6) എന്നിവരുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കയ്ക്ക് നഷ്ടമായത്. ഏഞ്ചലോ മാത്യൂസും ധനഞ്ജയ് ഡി സില്‍വയുമാണ് ക്രീസില്‍. ഈ കൂട്ടുകെട്ട് ശ്രീലങ്കയ്ക്ക് നിര്‍ണ്ണായകമാവും. ആര്‍ അശ്വിന്‍ രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.