IND vs SL T20: രോഹിത്തിനൊപ്പം ആര് ഓപ്പണറാവണം? ഇഷാന്‍ വേണ്ട, വസിം ജാഫര്‍ നിര്‍ദേശിക്കുന്നു

ലഖ്‌നൗ: ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സര ടി20 പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന,ടി20 പരമ്പരകള്‍ തൂത്തുവാരിയെത്തുന്ന ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെ തന്നെയാവും ശ്രീലങ്കന്‍ പരമ്പരയ്്ക്കിറങ്ങുക. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് മികച്ച ബാറ്റിങ് റെക്കോഡുകള്‍ ഉള്ള എതിരാളികളാണ് ശ്രീലങ്ക. ടി20യില്‍ ശ്രീലങ്കയ്‌ക്കെതിരേ രോഹിത് സെഞ്ച്വറി നേടിയിട്ടുണ്ട്. വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെല്ലാം വിശ്രമത്തിലാണെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം കരുത്തുറ്റ താരനിര തന്നെയുണ്ട്.
പരമ്പരയില്‍ നായകന്‍ രോഹിത്തിനൊപ്പം ആര് ഓപ്പണറാവണമെന്നത് പ്രസക്തമായ ചോദ്യമാണ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഇടം കൈയന്‍ ഓപ്പണര്‍ ഇഷാന്‍ കിഷനാണ് അവസരം ലഭിച്ചത്. എന്നാല്‍ തിളങ്ങാന്‍ ഇഷാന് സാധിച്ചിരുന്നില്ല. ഈ അവസരത്തില്‍ രോഹിത്-ഇഷാന്‍ ഓപ്പണിങ് കൂട്ടുകെട്ട് തന്നെ ശ്രീലങ്കയിലും തുടരണമോ അതോ മറ്റേതെങ്കിലും താരത്തെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കണോയെന്നതും ടീം മാനേജ്‌മെന്റിനെ കുഴപ്പിക്കുന്ന ചോദ്യമാണ്.

ഇപ്പോഴിതാ രോഹിത്തിനൊപ്പം യുവതാരം റുതുരാജ് ഗെയ്ക് വാദിനെ ഓപ്പണറാക്കണം എന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ റുതുരാജിന് അവസരം ലഭിച്ചിരുന്നെങ്കിലും തിളങ്ങാനായില്ല. ഒരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചതെന്നതിനാല്‍ റുതുരാജിനെ ശ്രീലങ്കന്‍ പരമ്പരയിലെ മൂന്ന് മത്സരത്തിലും അവസരം നല്‍കണമെന്നാണ് ജാഫര്‍ അഭിപ്രായപ്പെട്ടത്.
'രോഹിത് ശര്‍മ-റുതുരാജ് ഓപ്പണിങ് കൂട്ടുകെട്ടിന് അവസരം നല്‍കണമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇഷാന് അവസാന പരമ്പരയില്‍ അവസരം നല്‍കിയെങ്കിലും പ്രതീക്ഷക്കൊത്ത് തിളങ്ങിയില്ല. അതുകൊണ്ട് തന്നെ റുതുരാജിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുള്ള അവസരമാണിത്. മൂന്നോ രണ്ടോ മത്സരങ്ങളിലെങ്കിലും കളിപ്പിക്കണം' - ജാഫര്‍ പറഞ്ഞു. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരായി ഉള്ളത്. ഇതില്‍ ഇഷാന് തന്നെ വിക്കറ്റ് കീപ്പറായി അവസരം ലഭിച്ചേക്കും. അങ്ങനെയാണെങ്കില്‍ ഓപ്പണറായി ഇഷാന്‍ തന്നെ ഇറങ്ങാനാണ് സാധ്യത.

റുതുരാജിനെ ഓപ്പണറാക്കിയാല്‍ ഇഷാനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാം. വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ താരത്തെ ആവിശ്യമാണ്. അല്ലെങ്കില്‍ നാലാം നമ്പറില്‍ അവസരം നല്‍കാം. ഏത് ബാറ്റിങ് പൊസിഷനിലും കളിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് ഇഷാന്‍. സഞ്ജു സാംസണെ രോഹിത് ശര്‍മ പ്രശംസിച്ചെങ്കിലും പ്ലേയിങ് 11ല്‍ അവസരം നല്‍കാന്‍ സാധ്യത കുറവാണ്.
ടീമിലെ മറ്റ് മാറ്റങ്ങളെക്കുറിച്ചും ജാഫര്‍ പ്രതികരിച്ചു. 'രവീന്ദ്ര ജഡേജ തീര്‍ച്ചയായും കളിക്കും. സ്പിന്നറായി ജഡേജയുള്ളപ്പോള്‍ രബി ബിഷ്‌നോയ് യുസ് വേന്ദ്ര ചഹാല്‍ എന്നിവരിലൊരാള്‍ക്കും അവസരം ലഭിക്കും. എനിക്ക് തോന്നുന്നത് നിലവിലെ പ്രകടനം വിലയിരുത്തി ബിഷ്‌നോയ്ക്ക് അവസരം നല്‍കുമെന്നാണ്. അവന് കൂടുതല്‍ അവസരം നല്‍കി പ്രകടനം വിലയിരുത്തേണ്ടതായുണ്ട്. ശ്രീലങ്കന്‍ താരങ്ങള്‍ സ്പിന്നിനെ നന്നായി നേരിടുന്നവരാണ്. അതുകൊണ്ട് തന്നെ അവനെ സംബന്ധിച്ച് തിളങ്ങുകയെന്നത് വലിയ വെല്ലുവിളിയാണ്'- ജാഫര്‍ പറഞ്ഞു.

തട്ടകത്തിലാണെങ്കിലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നും വസിം ജാഫര്‍ മുന്നറിയിപ്പ് നല്‍കി. 'ശ്രീലങ്കന്‍ ബൗളര്‍മാര്‍ വെല്ലുവിളി തന്നെയാണ്. പ്രധാനമായും അവരുടെ സ്പിന്നര്‍മാര്‍. വിന്‍ഡീസ് പരമ്പരയില്‍ റോഷ്ടന്‍ ചേസിന്റെ പ്രകടനം കണ്ടതാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ അവന്‍ ശരിക്ക് പ്രയാസപ്പെടുത്തിയിരുന്നു. ശ്രീലങ്ക മൂന്ന് സ്പിന്നര്‍മാരെ പരിഗണിക്കുമെന്നാണ് കരുതുന്നത്. ലഖ്‌നൗവിലെ ഗ്രൗണ്ട് വലുതാണ്. അതുകൊണ്ട് തന്നെ സ്പിന്നര്‍മാര്‍ ഉപകാരപ്പെടും. ഐപിഎല്ലിലടക്കം കളിച്ചിട്ടുള്ള ചമീരയെപ്പോലുള്ള മികച്ച പേസര്‍മാരും അവര്‍ക്കൊപ്പമുണ്ട്'- വസിം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications