IND vs SL: പരമ്പര നേടി, എന്നാല്‍ ഇന്ത്യക്ക് മുന്നില്‍ മൂന്ന് വെല്ലുവിളികള്‍, പരിശോധിക്കാം

ധരംശാല: രോഹിത് ശര്‍മയെന്ന ക്യാപ്റ്റന് കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നതങ്ങളിലേക്ക് കുതിക്കുകയാണ്. ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും ഇപ്പോഴിതാ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. എതിരാളികള്‍ക്ക് ഒരവസരവും നല്‍കാതെയാണ് ഇന്ത്യയുടെ കുതിപ്പ്. ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ കിരീട പ്രതീക്ഷകളെ സജീവമാക്കുന്ന പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവെക്കുന്നത്.
തോല്‍വി അറിയാതെ 12 ടി20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യ ലോക റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. തുടര്‍ ജയങ്ങള്‍ എത്ര മത്സരങ്ങള്‍ നീളുമെന്നത് കണ്ടറിയണം. യുവതാരങ്ങളെയെല്ലാം ടീമിലേക്കെത്തിച്ച് ടി20 ലോകകപ്പിലേക്ക് മികച്ച പ്ലേയിങ് 11നെ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇന്ത്യ അവസരം നല്‍കുന്ന താരങ്ങളെല്ലാം ഒന്നിനൊന്ന് മികവ് കാട്ടുന്നത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ഇന്ത്യക്ക് മുന്നില്‍ ആശങ്കകള്‍ ബാക്കിയാണ്. പ്രധാനമായും ടീമിന് മുന്നിലുള്ള മൂന്ന് തലവേദനകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പ്ലേയിങ് 11ലേക്ക് ആരൊക്കെ?
പ്ലേയിങ് 11ലേക്ക് ഇന്ത്യ ആരെയൊക്കെ പരിഗണിക്കണമെന്നത് വലിയ തലവേദന തന്നെയാണ്. പ്രധാനമായും ശ്രേയസ് അയ്യരുടെ കാര്യത്തില്‍. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് ടീമിലെ തന്റെ സ്ഥാനത്തിനെക്കുറിച്ച് വലിയ ചോദ്യം ഉയര്‍ത്തിയിരിക്കുകയാണ്. ഇത്രയും മികച്ച പ്രകടനം നടത്തുന്ന ശ്രേയസിനെ ഇന്ത്യക്ക് മാറ്റിനിര്‍ത്തുക എളുപ്പമല്ല. എന്നാല്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ തിരിച്ചെത്തുമ്പോള്‍ ശ്രേയസിന് പ്ലേയിങ് 11ല്‍ ഇടം പിടിക്കുക പ്രയാസമാണ്.
ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയാല്‍ വെങ്കടേഷ് അയ്യരെ എവിടെ കളിപ്പിക്കും എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. വെങ്കടേഷ് അയ്യര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഹര്‍ദിക് ഐപിഎല്ലില്‍ മികവ് കാട്ടി എത്തിയാല്‍ വഴിമാറിക്കൊടുക്കേണ്ടി വന്നേക്കും. ദീപക് ഹൂഡ, ദീപക് ചഹാര്‍, ശര്‍ദുല്‍ ഠാക്കൂര്‍, ആവേഷ് ഖാന്‍ എന്നിവരെയൊക്കെ എവിടെ പരിഗണിക്കുമെന്നത് സെലക്ടര്‍മാരെ സംബന്ധിച്ച് തലവേദന തന്നെയാണ്.

ടോപ് ഓഡറിലെ രോഹിത്തിന്റെ പ്രകടനം
ഓപ്പണറെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതിരുന്ന രോഹിത് ശ്രീലങ്കയ്‌ക്കെതിരേയും മികവ് കാട്ടിയില്ല. ശ്രീലങ്കയ്‌ക്കെതിരേ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന രോഹിത് പക്ഷെ ഇത്തവണ നിരാശപ്പെടുത്തി.
ഓപ്പണിങ്ങില്‍ രോഹിത് ആംഗര്‍ റോളിലേക്ക് മാറി നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമം നടത്തുന്നത് ടീമിന് ഗുണം ചെയ്യില്ല. പഴയതുപോലെ വമ്പന്‍ അടികൊണ്ട് പവര്‍പ്ലേ മുതലാക്കി കളിക്കുന്ന രോഹിത്തിനെയാണ് ഇന്ത്യക്ക് ആവിശ്യം. രോഹിത് വിക്കറ്റ് കാത്ത് കളിക്കുന്ന രീതി ഇന്ത്യയുടെ പവര്‍പ്ലേയിലെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നായകന്റെ ഉത്തരവാദിത്തം ഉണ്ടെങ്കിലും വലിയ ഷോട്ടുകള്‍ കളിക്കുന്ന രോഹിത്തിനെയാണ് ഇന്ത്യക്ക് ആവിശ്യം. രോഹിത്തിന്റെ നിലവിലെ പ്രകടനം ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്.

ഡെത്ത് ഓവറിലെ ബൗളിങ് പ്രകടനം
ഡെത്ത് ഓവറിലെ ഇന്ത്യയുടെ ബൗളിങ് പ്രകടനം വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യ ഡെത്ത് ഓവറില്‍ നിരാശപ്പെടുത്തി. ന്യൂബോളിലും മധ്യ ഓവറിലും ഇന്ത്യ മികവ് കാട്ടുമ്പോഴും ഡെത്ത് ഓലവറിലെ റണ്ണൊഴുക്കിനെ പിടിച്ചുനിര്‍ത്താനാവുന്നില്ല. ഇന്ത്യ കാര്യമായി ചിന്തിക്കേണ്ട കാര്യം തന്നെയാണിത്. 60ന് മുകളിലാണ് ഡെത്ത് ഓവറില്‍ ഇന്ത്യ മൂന്ന് മത്സരത്തിലും വഴങ്ങുന്നത്. ബാറ്റ്‌സ്മാന്‍ ആക്രമിക്കുമ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുന്നു. ഇതോടെ റണ്ണൊഴുക്കിനെ പിടിച്ചുകെട്ടാനാവുന്നില്ല. പ്രധാന ടൂര്‍ണമെന്റുകള്‍ നടക്കാനിരിക്കെ ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യമാണ് ഡെത്ത് ഓവര്‍ ബൗളിങ്. നിലവിലെ പ്രകടനം ആശങ്ക സൃഷ്ടിക്കുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications