IND vs SL: സുവര്‍ണ്ണാവസരം സഞ്ജു പാഴാക്കി, ടി20 ലോകകപ്പില്‍ വേണ്ട, മൂന്ന് കാരണങ്ങള്‍

ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര സഞ്ജു സാംസണെ സംബന്ധിച്ച് മികവ് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്നു. അപ്രതീക്ഷിതമായി ടീമിലേക്ക് വിളിയെത്തിയതിന് പിന്നാലെ സഞ്ജുവിനെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പ്രശംസിക്കുകയും ചെയ്തിരുന്നു. ടി20 ലോകകപ്പിന്റെ പദ്ധതികളില്‍ സഞ്ജു ഭാഗമാണെന്നും താരത്തിന്റെ ബാക് ഫൂട്ട് ഷോട്ടുകള്‍ ഓസ്‌ട്രേലിയയില്‍ ടീമിന് ഗുണം ചെയ്യുന്നതാണെന്നും രോഹിത് പറഞ്ഞിരുന്നു.
ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരത്തിലും സഞ്ജുവിന് പ്ലേയിങ് 11ല്‍ അവസരം ലഭിച്ചു. എന്നാല്‍ അവസരം മുതലാക്കാന്‍ അദ്ദേഹത്തിനായില്ലെന്ന് തന്നെ പറയാം. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ല. രണ്ടാം മത്സരത്തില്‍ സഞ്ജു സാംസണ്‍ 25 പന്തില്‍ 39 റണ്‍സാണ് നേടിയത്. ഈ പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നതായിരുന്നെങ്കിലും മൂന്നാം മത്സരത്തിലെ പ്രകടനം വീണ്ടും നിരാശപ്പെടുത്തി.

ഇത്തവണ ഓപ്പണിങ്ങില്‍ അവസരം ലഭിച്ച സഞ്ജുവിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോറിലേക്ക് ഉയരാനായില്ല. 12 പന്തുകള്‍ നേരിട്ട് 18 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടും. പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാന്‍ സഞ്ജുവിനായില്ലെന്ന് തന്നെ പറയാം. ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത കുറഞ്ഞിരിക്കുകയാണ്. സഞ്ജു ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടില്ലെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ നോക്കാം.

ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരുടെ ധാരാളിത്തം
നിലവിലെ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് പ്ലേയിങ് 11ല്‍ ഇടം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം അവസരം കാത്തുണ്ട്. മൂന്നാം നമ്പറില്‍ വിരാട് കോലി അല്ലെങ്കില്‍ ശ്രേയസ് അയ്യര്‍. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍. അഞ്ചാം നമ്പറില്‍ റിഷഭ് പന്ത്. ആറാം നമ്പറില്‍ വെങ്കടേഷ് അയ്യര്‍ അല്ലെങ്കില്‍ ഹര്‍ദിക് പാണ്ഡ്യ. ഏഴാമനായി രവീന്ദ്ര ജഡേജ. പിന്നാലെ ബൗളിങ് നിര. ഇത്രയും സൂപ്പര്‍ താരങ്ങള്‍ക്കിടയില്‍ സഞ്ജുവിന് പ്ലേയിങ് 11ല്‍ അവസരം ലഭിക്കാന്‍ അത്ഭുതങ്ങള്‍ തന്നെ സംഭവിക്കണം. ടീമിലെടുത്താലും ബെഞ്ചിലിരിക്കാനെ സഞ്ജുവിന് സാധിക്കുകയുള്ളു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരേ ഇനിയും വേണ്ട
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മുഖ്യ പരിഗണന ഇന്ത്യ റിഷഭ് പന്തിനാണ് നല്‍കുന്നത്. മൂന്ന് മത്സരത്തിലും റിഷഭ് പന്താണ് നിലവിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പര്‍. റിഷഭിന്റെ അഭാവത്തില്‍ ഇന്ത്യ ഇഷാന്‍ കിഷനാവും മുഖ്യ പരിഗണന നല്‍കുക. സഞ്ജുവിനെക്കാളും സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന ഇഷാന്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിവുള്ളവനാണ്. കൂടാതെ ഇടം കൈയന്‍ ബാറ്റ്‌സ്മാനും. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പ്രിയപ്പെട്ടവനും ഇഷാനാണെന്നതിനാല്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ല.

ഇതുവരെയുള്ള പ്രകടനം മോശം
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് മികച്ച റെക്കോഡുകള്‍ തന്നെയാണുള്ളത്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്റെ കണക്കുകള്‍ മോശമാണ്. ഇന്ത്യ 13 ടി20യിലും ഒരു ഏകദിനത്തിലുമാണ് സഞ്ജുവിന് അവസരം നല്‍കിയത്. 13 ടി20യില്‍ നിന്ന് 174 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്. 14.5 മാത്രമാണ് ശരാശരി. സ്‌ട്രൈക്കറേറ്റ് 121.68. 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സഞ്ജുവിനെക്കാളും മികച്ച പ്രകടനം നടത്തുന്ന നിരവധി താരങ്ങള്‍ അവസരം കാത്തിരിക്കുന്നതിനാല്‍ ലോകകപ്പില്‍ സഞ്ജുവിന് അവസരം ലഭിക്കുക പ്രയാസം തന്നെയാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications