IND vs SL: 'അവന്റെ ഉള്ളിലെ കനല് കെട്ടിട്ടില്ല', സഞ്ജുവിന്റെ തിരിച്ചുവരവിനെക്കുറിച്ച് ആകാശ്

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടി20, ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെയാണ് ബിസിസി ഐ പ്രഖ്യാപിച്ചത്. ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം പിടിച്ചവരില്‍ ഏറ്റവും ശ്രദ്ധേയമായത് സഞ്ജു സാംസണാണ്. ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് വിളിയെത്തുന്നത്. അവസരം ലഭിച്ചപ്പോഴൊന്നും പ്രതീക്ഷക്കൊത്തുയരാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ തിരിച്ചുവിളിച്ചത് ആരാധകരെ ആവേശത്തിലാക്കുന്നു.
റിഷഭ് പന്തിന് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് സഞ്ജുവിന് അവസരം ലഭിച്ചിരിക്കുന്നത്. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെ പരിഗണിക്കാനാണ് സാധ്യത. സഞ്ജുവിന് പ്ലേയിങ് 11ല്‍ ഇടം ലഭിക്കുമോയെന്നത് കണ്ടറിയണം. അവസരം ലഭിക്കുകയും അത് മുതലാക്കുകയും ചെയ്യാനായാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലും ഇടം പിടിക്കാന്‍ സഞ്ജുവിനാവും. ഇപ്പോഴിതാ സഞ്ജുവിനെ തിരിച്ചുവിളിച്ചതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

'ഇന്ത്യ സഞ്ജുവിന് മറ്റൊരു അവസരം കൂടി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതില്‍ തെറ്റ് പറയാനാവില്ല. ഇതിന് മുമ്പ് അവസരങ്ങള്‍ ലഭിച്ചപ്പോഴൊന്നും വേണ്ടത്ര മുതലാക്കാന്‍ അവന് സാധിച്ചിരുന്നില്ല. അവന്റെ ഉള്ളിലെ തീ മനസിലാക്കിയതിനാലാണ് വീണ്ടുമൊരു അവസരം നല്‍കുന്നത്. അവനെക്കൊണ്ട് ചിലത് ചെയ്യാനാവുമെന്നത് നിങ്ങള്‍ക്ക് ഇപ്പോഴും തോന്നുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യിലും ഇഷാന്‍ കിഷന് തിളങ്ങാനാവാത്ത പക്ഷം ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജുവിന് അവസരം ലഭിക്കുന്നതിനെ തെറ്റുപറയാനാവില്ല. അങ്ങനെയാണെങ്കില്‍ രോഹിത് ശര്‍മയും റുതുരാജ് ഗെയ്ക് വാദും ഓപ്പണിങ്ങില്‍ ഇറങ്ങി സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാം'- ആകാശ് പറഞ്ഞു.

ശ്രീലങ്കന്‍ പരമ്പരയില്‍ വിരാട് കോലി ഇല്ലാത്തതിനാല്‍ മൂന്നാം നമ്പറില്‍ ഇന്ത്യക്ക് താരത്തെ ആവിശ്യമാണ്. ഇന്ത്യക്കായി സഞ്ജു 10 ടി20കള്‍ കളിച്ചു. 11.7 ശരാശരിയില്‍ നേടിയത് വെറും 27 റണ്‍സാണ്. പല മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോറാക്കി ഉയര്‍ത്താന്‍ സഞ്ജുവിന് സാധിക്കുന്നില്ല. ഐപിഎല്ലില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത് വിസ്മയിപ്പിക്കാന്‍ പലവട്ടം സഞ്ജുവിന് സാധിച്ചിട്ടുണ്ടെങ്കിലും ഈ മികവ് ഇന്ത്യന്‍ ടീമിനൊപ്പം കാട്ടാനാവുന്നില്ലെന്നതാണ് പ്രശ്‌നം

ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. 75.66 ശരാശരിയിലും 141.87 സ്‌ട്രൈക്കറേറ്റിലും 227 റണ്‍സാണ് താരം നേടിയത്. ഈ പ്രകടനം ശ്രീലങ്കന്‍ പരമ്പരയിലേക്ക് വിളിയെത്താന്‍ സഹായിച്ചു. അവസാന സീസണിലെ ഐപിഎല്ലിലും ഭേദപ്പെട്ട പ്രകടനം നടത്തി. 14 മത്സരത്തില്‍ നിന്ന് 484 റണ്‍സാണ് അദ്ദേഹം നേടിയത്. കൂടുതല്‍ പക്വതയോടെ കളിക്കാന്‍ സമീപകാലത്തായി അദ്ദേഹത്തിന് സാധിക്കുന്നു. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനായ താരം ക്ലിക്കായാല്‍ ടീമിനത് മുതല്‍ക്കൂട്ടാവും. വിക്കറ്റ് കീപ്പറെന്ന നിലയിലും ഫീല്‍ഡറെന്ന നിലയിലും ഗംഭീര പ്രകടനം താരം നടത്തിയിട്ടുണ്ട്.

ടി20യില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായി രോഹിത് ശര്‍മയും വിരാട് കോലിയും എത്തുന്നതിനെക്കുറിച്ചും ആകാശ് പ്രതികരിച്ചു. 'വിരാട്-കോലി ഓപ്പണിങ് കൂട്ടുകെട്ട് നല്ലതാണ്. എന്നാല്‍ ഇത്രയും സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍ കാത്തിരിക്കുമ്പോള്‍ അവര്‍ക്കത് ചെയ്യാനാവില്ല. കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ്, വെങ്കടേഷ് അയ്യര്‍ ഇവരെല്ലാം ഓപ്പണിങ്ങില്‍ മികവ് കാട്ടുന്നവരാണ്. അതുകൊണ്ട് തന്നെ കോലി-രോഹിത് ഓപ്പണിങ് വരുമെന്ന് കരുതുന്നില്ല. രോഹിത് ഓപ്പണിങ്ങിലും കോലി മൂന്നാം നമ്പറിലും തന്നെ കളിക്കാനാണ് സാധ്യത. രോഹിത്തിനൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്നത് ചോദ്യമാണ്. എന്നാല്‍ രോഹിതും കോലിയും ഓപ്പണ്‍ ചെയ്യുന്നത് കാണാന്‍ സാധിച്ചേക്കില്ല'- ആകാശ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications