IND vs SL: ഇന്ത്യ 'ഡബിള്‍' ഹാപ്പി, മൂന്ന് കാര്യങ്ങള്‍ കരുത്തുയര്‍ത്തുന്നു, എന്തൊക്കെയാണെന്നറിയാം

ലഖ്‌നൗ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ 62 റണ്‍സിന്റെ ഗംഭീര ജയം നേടിയിരിക്കുകയാണ്. വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് തുടങ്ങിയ സൂപ്പര്‍ താരങ്ങളൊന്നുമില്ലാതെ ഇറങ്ങിയ ഇന്ത്യ സമ്പൂര്‍ണ്ണ ആധിപത്യത്തോടെയാണ് വിജയം നേടിയെടുത്തത്. ഒരു ഘട്ടത്തിലും ശ്രീലങ്കയോട് ഇന്ത്യ പതറിയില്ല. ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തു. ഇന്ത്യ തുടര്‍ച്ചയായി ജയിക്കുന്ന 10ാമത്തെ ടി20 മത്സരം കൂടിയാണിത്.
വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ നടത്തിയ കുതിപ്പ് ശ്രീലങ്കയ്‌ക്കെതിരെയും ആവര്‍ത്തിച്ചിരിക്കുകയാണെന്ന് പറയാം. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നതാണ്. 2021ലെ ടി20 ലോകകപ്പില്‍ കാര്യമായൊന്നും ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ രോഹിത്തിന് കീഴില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യിലെ പ്രകടനത്തോടെ ഇന്ത്യക്ക് ലഭിച്ച മൂന്ന് പോസിറ്റീവ് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ്
പരിക്കിന്റെ ഇടവേളക്ക് ശേഷം രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. ഒന്നാം ടി20യില്‍ ബാറ്റിങ്ങിനിറങ്ങിയ ജഡേജ നാല് പന്തില്‍ മൂന്ന് റണ്‍സുമായി പുറത്താവാതെ നിന്നു. പന്തെടുത്തപ്പോഴും മോശമാക്കിയില്ല. നാല് ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ജഡേജയുടെ തിരിച്ചുവരവ് ഇന്ത്യയുടെ കരുത്തുയര്‍ത്തുന്നു. ജഡേജ പഴയ ഫോമില്‍ തുടരുന്നത് ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. മധ്യ ഓവറുകളില്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന മിടുക്ക് ജഡേജ മറന്നിട്ടില്ല. നായകന്റെ വിശ്വസ്തനായ ജഡേജ ഏത് സമയത്തും പ്രയോഗിക്കാന്‍ സാധിക്കുന്ന വജ്രായുധമാണ്.

ശ്രേയസ് അയ്യരുടെ ബാറ്റിങ് വെടിക്കെട്ട്
നാലാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു ശ്രേയസ് അയ്യര്‍, എന്നാല്‍. പരിക്കേറ്റ് ഇടവേളയെടുത്തതോടെ ശ്രേയസിന്റെ പ്രകടന നിലവാരം താഴോട്ട് പോയി. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ പ്രയാസപ്പെട്ട താരം ഇപ്പോള്‍ ഗംഭീര തിരിച്ചുവരവാണ് ശ്രീലങ്കയ്‌ക്കെതിരേ നടത്തിയത്. ഒന്നാം വിക്കറ്റില്‍ 111 റണ്‍സ് കൂട്ടുകെട്ട് ലഭിച്ചതിനാല്‍ മൂന്നാമനായി സഞ്ജു സാംസണ്‍, വെങ്കടേഷ് അയ്യര്‍ എന്നിവരിലൊരാളെ ഇറക്കിവിട്ട് അതിവേഗം സ്‌കോര്‍ ഉയര്‍ത്തുമെന്നാണ് കരുതിയതെങ്കിലും ശ്രേയസിനാണ് അവസരം ലഭിച്ചത്.
ഈ തീരുമാനം തെറ്റിയില്ല. 200ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിച്ച താരം 28 പന്തില്‍ 57 റണ്‍സുമായി പുറത്താവാതെ നിന്നു. അഞ്ച് ഫോറും രണ്ട് സിക്‌സുമാണ് ശ്രേയസ് പറത്തിയത്. നാലാം നമ്പറില്‍ നിലവില്‍ സൂര്യകുമാര്‍ യാദവാണ് കത്തിക്കയറുന്നത്. ശക്തമായ പ്രകടനം നടത്തിയതോടെ മധ്യനിരയില്‍ അവസരത്തിനായി താനും രംഗത്തുണ്ടെന്ന ശക്തമായ ഓര്‍മപ്പെടുത്തലാണ് ശ്രേയസ് അയ്യര്‍ നടത്തിയിരിക്കുന്നതെന്ന് പറയാം.

ഇഷാന്‍ കിഷന്റെ പ്രകടനം
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇഷാന്‍ കിഷന്‍ കാഴ്ചവെച്ചത്. പിഞ്ച് ഹിറ്ററായ ഇഷാനെ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചെങ്കിലും മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യിലൂടെ ഗംഭീര തിരിച്ചുവരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. 56 പന്തില്‍ 89 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടും. ഇഷാന്‍ ഫോമിലേക്കെത്തിയതും ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഇതേ ഫോമില്‍ ഇഷാന്‍ കളിച്ചാല്‍ ടി20 ലോകകപ്പില്‍ ഓപ്പണര്‍ സ്ഥാനത്തിനായി കെ എല്‍ രാഹുലുമായി ശക്തമായ മത്സരം തന്നെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications