
35 വയസുകാരനായ രോഹിത്തിനെ നായകനാക്കുന്നത് ടീമിന്റെ ദീര്‍ഘകാല പദ്ധതികളിലേക്ക് നോക്കുമ്പോള്‍ ഗുണം ചെയ്യില്ലെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും ഒരു നായകന്‍ മതിയെന്ന നിലപാടിലേക്ക് ബിസിസി ഐ എത്തുകയായിരുന്നു. രോഹിത്തിനെ ടെസ്റ്റ് നായകനാക്കിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ രോഹിത്തിനെ ടെസ്റ്റ് നായകനാക്കിയതില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.
'സെലക്ടര്‍മാര്‍ തീര്‍ച്ചയായും നിരവധി കാര്യങ്ങള്‍ പരിഗണിച്ച ശേഷമായിരിക്കും ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ടവര്‍. കോലി ഇപ്പോള്‍ ക്യാപ്റ്റനല്ല. പിന്നീട് രോഹിത്തിനാണ് അവസരം ലഭിക്കേണ്ടത്. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അവന്‍ ടീമിനെ അങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും വ്യക്തത വന്നിരിക്കുകയാണ്. സഹതാരങ്ങള്‍ എന്താണ് ആവിശ്യപ്പെടുന്നതെന്ന് രോഹിത്തിന് നന്നായി അറിയാം'- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

2013 മുതല്‍ പരിമിത ഓവറില്‍ ഓപ്പണറെന്ന നിലയില്‍ രോഹിത് ശര്‍മ സജീവമായിരുന്നു. എന്നാല്‍ ടെസ്റ്റില്‍ സ്ഥിര സാന്നിധ്യമാകാന്‍ പിന്നെയും ഏറെ നാള്‍ കാത്തിരുന്നു. 2019ലാണ് അദ്ദേഹം ടെസ്റ്റ് ടീമില്‍ സജീവമായത്. പിന്നീടങ്ങോട്ട് കളിച്ച പരമ്പരകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിനായിരുന്നു. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമെല്ലാം തിളങ്ങിയതോടെ രോഹിത് ഓപ്പണറെന്ന നിലയില്‍ ടീമില്‍ സ്ഥിര സാന്നിധ്യമായി. ഇപ്പോഴിതാ ടെസ്റ്റ് ടീമില്‍ സ്ഥിര സാന്നിധ്യമായി ചുരുങ്ങിയ കാലംകൊണ്ട് നായകനെന്ന നിലയിലും സ്ഥാനം നേടിയെടുക്കാന്‍ രോഹിത്തിന് സാധിച്ചിരിക്കുകയാണ്.

രോഹിത്തിന്റെ പ്രായം പ്രശ്‌നമാണെങ്കിലും നായകനെന്ന നിലയില്‍ ഗംഭീര പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചേക്കും. പരിമിത ഓവറില്‍ സ്ഥിര നായകനായ ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിന, ടി20 പരമ്പര നേടിയെടുക്കാന്‍ രോഹിത്തിനായിരുന്നു. ശ്രീലങ്കന്‍ പരമ്പരയിലൂടെ ടെസ്റ്റ് നായകസ്ഥാനത്തും രോഹിത് അരങ്ങേറ്റം കുറിക്കുമ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. ശ്രീലങ്കയ്‌ക്കെതിരേ വെടിക്കെട്ട് റെക്കോഡുള്ള രോഹിത് ഇത്തവണയും ഈ മികവ് ആവര്‍ത്തിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

രോഹിത്തിന്റെ ഫിറ്റ്‌നസിനെതിരേ വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇടക്കിടെ പരിക്കേല്‍ക്കുന്ന രോഹിത്തിനെ ടെസ്റ്റില്‍ നായകനാക്കുന്നത് ബുദ്ധിമോശമാണെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. എന്നാല്‍ രോഹിത് പൂര്‍ണ്ണ ഫിറ്റ്‌നസോടെ ഇരിക്കുമ്പോള്‍ മറ്റാര്‍ക്കും നായകനാവാന്‍ സാധിക്കില്ലെന്നാണ് സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. ' റിഷഭ് പന്തിന്റ പേര് പല തവണ പുതിയ ടെസ്റ്റ് നായകന്റെ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ രോഹിത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് അപ്പോള്‍ അറിയില്ലായിരുന്നു. രോഹിത് പൂര്‍ണ്ണ ഫിറ്റ്‌നസോടെ ടീമില്‍ ഉള്ളപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും മറ്റാര്‍ക്കും നായകസ്ഥാനം ലഭിക്കില്ല. കൃത്യമായ തീരുമാനം തന്നെയാണിത്'- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

പരിക്കിനെത്തുടര്‍ന്ന് രോഹിത്തിന് ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തടികുറച്ച് ഫിറ്റ്‌നസ് വീണ്ടെടുത്താണ് രോഹിത് തിരിച്ചെത്തിയിരിക്കുന്നത്. നിലവിലെ ഫോമില്‍ രോഹിത്തിന് എത്ര നാള്‍ കളിക്കാനാവുമെന്നത് കാത്തിരുന്ന് തന്നെ കാണാം. നിലവിലെ സാഹചര്യത്തില്‍ രോഹിത് തന്നെയാണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് അനുയോജ്യനായ നായകന്‍.


Click it and Unblock the Notifications
