Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: പിടി മുറുക്കി പേസര്‍മാര്‍, ഇന്ത്യ ഡ്രൈവിങ് സീറ്റില്‍, ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടം,

1

ബംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ 252 റണ്‍സ് ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 86 എന്ന തകര്‍ന്ന അവസ്ഥയിലാണ്. നാല് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യയെക്കാള്‍ 166 റണ്‍സിന് പിന്നിലാണ് സന്ദര്‍ശകരായ ശ്രീലങ്ക. നിരോഷന്‍ ഡിക്വെല്ലയും (13), ലസിത് എംബുല്‍ദാനിയയുമാണ് ക്രീസില്‍. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്നും മുഹമ്മദ് ഷമി രണ്ടും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

1

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 59.1 ഓവറില്‍ 252 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. ഇന്ത്യയുടെ പ്രമുഖര്‍ക്കെല്ലാം ചിന്ന സ്വാമിയില്‍ കാലിടറിയപ്പോള്‍ ശ്രേയസ് അയ്യരുടെ (92) പ്രകടനമാണ് വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. സെഞ്ച്വറി നഷ്ടമായത് നിരാശയുണ്ടാക്കിയെങ്കിലും 98 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ ഗംഭീര പ്രകടനമാണ് ശ്രേയസ് കാഴ്ചവെച്ചത്. ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദാനിയ, പ്രവീണ്‍ ജയവിക്രമ എന്നിവര്‍ മൂന്ന് വിക്കറ്റും ധനഞ്ജയ് ഡി സില്‍വ രണ്ട് വിക്കറ്റും സുരങ്ക ലക്മാന്‍ ഒരു വിക്കറ്റും വീഴ്ത്തി.

1

മറുപടിക്കിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 28 റണ്‍സിനിടെ സന്ദര്‍ശകരുടെ നാല് വിക്കറ്റുകള്‍ ഇന്ത്യ പിഴുതു. ഓപ്പണിങ്ങിലേക്കെത്തിയ കുശാല്‍ മെന്‍ഡിസിനെ (2) മടക്കി ജസ്പ്രീത് ബുംറയാണ് ആദ്യ പ്രഹരം നല്‍കിയത്. മൂന്നാമന്‍ ലഹിരു തിരിമാനയേയും (8) ബുംറ മടക്കി അയച്ചപ്പോള്‍ ശ്രീലങ്കന്‍ നായകനും ഓപ്പണറുമായ ദിമുത് കരുണരത്നയെ (4) മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ഡ് ചെയ്തു.

മധ്യനിരയിലെ വിശ്വസ്തന്‍ ധനഞ്ജയ് ഡി സില്‍വയെ (10) ഷമി എല്‍ബി ഡബ്ല്യുവില്‍ കുടുക്കിയപ്പോള്‍ ചരിത് അസലന്‍കയെ (5) അക്ഷര്‍ പട്ടേലും പുറത്താക്കി. ഒരു വശത്ത് നിലയുറപ്പിച്ച് നിന്ന ഏഞ്ചലോ മാത്യൂസിനെ (43) ബുംറ പുറത്താക്കി. സീനിയര്‍ താരമായ മാത്യൂസ് മൂന്ന് ഫോറും രണ്ട് സിക്‌സുമുള്‍പ്പെടെ മികച്ച പ്രകടനം നടത്തി വെല്ലുവിളിയാവുമെന്ന് തോന്നിക്കവെയാണ് ബുംറ ഇന്ത്യയുടെ രക്ഷകനായത്.

1

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. മായങ്ക് അഗര്‍വാള്‍ (4), രോഹിത് ശര്‍മ (15) എന്നിവര്‍ പെട്ടെന്ന് പുറത്തായി. വലിയ ഓപ്പണിങ്ങ് കൂട്ടുകെട്ട് പ്രതീക്ഷിച്ച ഇന്ത്യക്ക് മായങ്കിനെയാണ് ആദ്യം നഷ്ടമായത്. ഏഴ് പന്തില്‍ ഒരു ബൗണ്ടറിയടക്കം നേടിയ മായങ്ക് റണ്ണൗട്ടായാണ് പുറത്തായത്. അനാവശ്യ റണ്‍സിന് ശ്രമിച്ചാണ് മായങ്കിന്റെ പുറത്താകല്‍. പിന്നാലെ രോഹിത്തും പുറത്തായി. 25 പന്ത് നേരിട്ട് ഓരോ സിക്സും ഫോറും പറത്തില നിലയുറപ്പിച്ച് വരികയായിരുന്നു രോഹിത്തിനെ ലസിത് എംബുല്‍ദാനിയയാണ് പുറത്താക്കിയത്.

1

മൂന്നാം നമ്പറിലെത്തിയ ഹനുമ വിഹാരി (31) വലിയൊരു ഇന്നിങ്സ് കെട്ടിപ്പടുക്കാനാവാതെ മടങ്ങി. 81 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറി ഉള്‍പ്പെടെയാണ് വിഹാരിയുടെ പ്രകടനം. ക്ഷമയോടെ ക്രീസില്‍ പിടിച്ചുനിന്ന വിഹാരിയെ പ്രവീണ്‍ ജയവിക്രമ മനോഹരമായ പന്തിലൂടെ വിക്കറ്റ് കീപ്പറുടെ കൈയിലെത്തിക്കുകയായിരുന്നു. പിന്നാലെയെത്തിയ വിരാട് കോലിക്കും (23) രക്ഷകനാവാന്‍ സാധിച്ചില്ല. 48 പന്തുകള്‍ നേരിട്ട് രണ്ട് ബൗണ്ടറിയാണ് കോലി നേടിയത്.

1

അഞ്ചാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് തുടക്കം മുതല്‍ അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 26 പന്തുകള്‍ നേരിട്ട് ഏഴ് ബൗണ്ടറി ഉള്‍പ്പെടെ 29 റണ്‍സ് നേടിയ റിഷഭിനെ എംബുല്‍ദാനിയ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. മൊഹാലിയില്‍ വിസ്മയിപ്പിച്ച രവീന്ദ്ര ജഡേജക്ക് (4) ഇത്തവണ മികവ് ആവര്‍ത്തിക്കാനായില്ല. 14 പന്തില്‍ നിന്ന് ഒരു ബൗണ്ടറി മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. അല്‍പ്പ നേരത്തെ ചെറുത്തുനില്‍പ്പിന് ശേഷം ആര്‍ അശ്വിനും (33 പന്തില്‍ 13) മടങ്ങി. രണ്ടാം മത്സരത്തിലൂടെ തിരിച്ചെത്തിയ അക്ഷര്‍ പട്ടേലും (9) ബാറ്റുകൊണ്ട് നിരാശപ്പെടുത്തി. ഒരുവശത്ത് ശ്രേയസ് അയ്യര്‍ (92) ഇന്ത്യക്കായി രക്ഷാപ്രവര്‍ത്തനം നടത്തിയപ്പോള്‍ മികച്ച പിന്തുണ ലഭിച്ചില്ല. മുഹമ്മദ് ഷമി (5) പെട്ടെന്ന് പുറത്തായപ്പോള്‍ ജസ്പ്രീത് ബുംറ (0) പുറത്താവാതെ നിന്നു.

1

രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഒരു മാറ്റമാണുള്ളത്. ജയന്ത് യാദവിന് പകരം സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ പ്ലേയിങ് 11ലേക്കെത്തി. പേസ് നിരയില്‍ മുഹമ്മദ് സിറാജിന് വീണ്ടും പുറത്തിരിക്കേണ്ടി വന്നപ്പോള്‍ മുഹമ്മദ് ഷമിയും വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയും സ്ഥാനം നിലനിര്‍ത്തി. തുടര്‍ച്ചയായി 11 ജയം നേടുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന ചരിത്രനേട്ടത്തിനരികെയാണ് രോഹിത് ശര്‍മയുള്ളത്.

ആദ്യ മത്സരത്തില്‍ ഇന്നിങ്‌സിനും 222 റണ്‍സിനും തോറ്റ ശ്രീലങ്കയ്ക്ക് രണ്ടാം മത്സരം അഭിമാന പ്രശ്‌നമാണ്. ടീമില്‍ മാറ്റങ്ങളോടെ ശക്തമായ തിരിച്ചുവരവ് ലക്ഷ്യം വെച്ചാവും ദിമുത് കരുണരത്‌നയും സംഘവും രണ്ടാം ടെസ്റ്റിനിറങ്ങുക. രണ്ട് മാറ്റങ്ങളാണ് ശ്രീലങ്ക വരുത്തിയത്. നിസങ്കയ്ക്ക് പകരം കുശാല്‍ മെന്‍ഡിസും ലഹിരു കുമാരക്ക് പകരം പ്രവീണ്‍ ജയവിക്രമയും പ്ലേയിങ് 11ലേക്കെത്തി. ബാറ്റിങ്ങിന് അനുകൂലമായ പിച്ചായതിനാല്‍ മികച്ച ബാറ്റിങ് പ്രകടനമാണ് ഇരു ടീമില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

1

പ്ലേയിങ് 11: ഇന്ത്യ-മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ഹനുമ വിഹാരി, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ

ശ്രീലങ്ക: ദിമുത് കരുണരത്ന, ലഹിരു തിരിമാനെ, കുശാല്‍ മെന്‍ഡിസ്, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ് ഡി സില്‍വ, ചരിത് അസലന്‍ക, നിരോഷന്‍ ഡിക്വെല്ല, സുരങ്ക ലക്മാല്‍, ലസിത് എംബുല്‍ദാനിയ, വിശ്വ ഫെര്‍ണാണ്ടോ, പ്രവീണ്‍ ജയവിക്രമ

Story first published: Saturday, March 12, 2022, 21:20 [IST]
Other articles published on Mar 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+