
ധരംശാല: ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 19 പന്തുകള്‍ ബാക്കിയാക്കി നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയം നേടിയെടുത്തത്. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെ (73*) ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (9 പന്തില്‍ 5) സഞ്ജു സാംസണും (12 പന്തില്‍ 18) പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ശ്രേയസ് വീണ്ടും ഇന്ത്യയുടെ രക്ഷകനായി. 45 പന്തുകള്‍ നേരിട്ട് 9 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ മിന്നും പ്രകടനമാണ് ശ്രേയസ് കാഴ്ചവെച്ചത്. ദീപക് ഹൂഡ 16 പന്തില്‍ 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ രവീന്ദ്ര ജഡേജ 15 പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം 22 റണ്‍സുമായി പുറത്താവാതെ നിന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ശ്രീലങ്കയെ നായകന്‍ ദസുന്‍ ഷണകയുടെ പ്രകടനമാണ് (74*) ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. ആദ്യ രണ്ട് മത്സരവും ജയിച്ച് നേരത്തെ ഇന്ത്യ പരമ്പര ഉറപ്പിച്ചിരുന്നു. മൂന്നാം മത്സരത്തിലും ജയച്ചതോടെ തുടര്‍ച്ചയായ 12ാം ടി20 ജയമെന്ന ലോക റെക്കോഡാണ് ഇന്ത്യ സ്വന്തം പേരിലാക്കിയത്. കൂടാതെ തുടര്‍ച്ചയായ മൂന്നാം ടി20 പരമ്പരയാണ് ഇന്ത്യ വൈറ്റ് വാഷ് ചെയ്യുന്നത്.

പിച്ചിലെ ബാറ്റിങ് അനുകൂല ഘടകം പ്രതീക്ഷിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കന്‍ നായകന്‍ ദസുണ്‍ ഷണകയ്ക്ക് പിഴച്ചു. ആദ്യ ഓവറില്‍ത്തന്നെ ശ്രീലങ്കയ്ക്ക് തിരിച്ചടി നേരിട്ടു. ഓപ്പണര്‍ ധനുഷ്‌കത ഗുണതിലകയെ ഗോള്‍ഡന്‍ ഡെക്കായി മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ പതും നിസങ്കയെ (10 പന്തില്‍ 1) ആവേഷ് ഖാന്‍ പുറത്താക്കി. വലിയ ഷോട്ടിന് ശ്രമിച്ച നിസങ്കയുടെ ടോപ് എഡ്ജില്‍ കൊണ്ട് ഉയര്‍ന്ന പന്തിനെ വെങ്കടേഷ് അയ്യര്‍ മനോഹരമായി കൈയിലൊതുക്കി. അധികം വൈകാതെ ചരിത് അസലങ്കയും (6 പന്തില്‍ 4) ആവേഷ് ഖാന് മുന്നില്‍ വീണു.
ഇതോടെ ഒരു ഘട്ടത്തില്‍ നാല് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന വന്‍ തകര്‍ച്ചയിലേക്ക് ശ്രീലങ്കയെത്തി. ജനിത് ലിയാങ്കയെ (9) രവി ബിഷ്നോയ് ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ നേരിയ ചെറുത്ത് നില്‍പ്പിന് ശേഷം ദിനേഷ് ചണ്ഡിമാലും (25) പുറത്തായി. 27 പന്ത് നേരിട്ട് നിലയുറപ്പിച്ച് വന്ന ചണ്ഡിമാലിനെ ഹര്‍ഷല്‍ പട്ടേലാണ് പുറത്താക്കിയത്. വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ശ്രീലങ്കയെ നായകന്‍ ദസുന്‍ ഷണകയാണ് കൈപിടിച്ചുയര്‍ത്തിയത്.

ആക്രമിച്ച് കളിച്ച ഷണക ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തി. 38 പന്തുകള്‍ നേരിട്ട് 9 ഫോറും രണ്ട് സിക്സുമാണ് ഷണക നേടിയത്. 194.73 ആണ് സ്ട്രൈക്കറേറ്റ്. ചമിക കരുണരത്ന (19 പന്തില്‍ 12*) പുറത്താവാതെ നിന്നു. ഇന്ത്യക്കായി ആവേഷ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്നോയ് ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മൂന്നാം മത്സരത്തില്‍ ഇന്ത്യ ടീമില്‍ നാല് മാറ്റങ്ങളാണ് വരുത്തിയത്. ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ഇന്ത്യ അവസരം നല്‍കി. ശ്രീലങ്ക രണ്ട് മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്.

ഈ മത്സരത്തില്‍ രോഹിത് ശര്‍മയെന്ന നായകന്‍ നേടിയത് നിരവധി റെക്കോഡുകളാണ്. ജയത്തോടെ അഞ്ച് വൈറ്റ് വാഷുകള്‍ സ്വന്തമാക്കുന്ന നായകനായി മാറാന്‍ രോഹിത്തിനായി. കൂടാതെ തട്ടകത്തില്‍ 17 ടി20 ജയങ്ങള്‍ നേടുന്ന ആദ്യ നായകനെന്ന റെക്കോഡിലേക്കെത്താനും രോഹിത് ശര്‍മക്ക് സാധിച്ചു 17 മത്സരങ്ങളില്‍ നിന്ന് 16 ജയങ്ങളുമായി രോഹിത് തന്നെയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രോഹിത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ ടീം ടി20 ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കുകയാണെന്ന് പറയാം.
പ്ലേയിങ് 11: ഇന്ത്യ-രോഹിത് ശര്‍മ, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍.
ശ്രീലങ്ക: പതും നിസങ്ക, ധനുഷ്‌ക ഗുണതിലക, ചരിത് അസലങ്ക, ദിനേഷ് ചണ്ഡിമാല്‍, ജനിത് ലിയാംങ്കെ, ദസുന്‍ ഷണക, ചമിക കരുണരത്‌ന, ദുഷ്മന്ത ചമീര, ജെഫ്രി വണ്ടര്‍സെസ ബിനുര ഫെര്‍ണാണ്ടോ, ലഹിരു കുമാര.