IND vs SL T20: ഗ്രൗണ്ടിലിറങ്ങി, ലോക റെക്കോഡില്‍ മുത്തമിട്ട് ഹിറ്റ്മാന്‍, മാലിക്കിനെ മറികടന്നു

ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ കളത്തിലിറങ്ങിയതിന് പിന്നാലെ ലോക റെക്കോഡ് സ്വന്തം പേരിലാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ടി20 മത്സരം കളിക്കുന്ന താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. ഇത് രോഹിത്തിന്റെ 125ാമത്തെ അന്താരാഷ്ട്ര മത്സരമായിരുന്നു. പാകിസ്താനുവേണ്ടി 124 മത്സരം കളിച്ച ഷുഹൈബ് മാലിക്കിന്റെ റെക്കോഡിനെയാണ് രോഹിത് മറികടന്നത്. 119 മത്സരം കളിച്ച പാകിസ്താന്റെ തന്നെ മുഹമ്മദ് ഹഫീസാണ് മൂന്നാം സ്ഥാനത്ത്.

ഇന്ത്യന്‍ താരങ്ങളില്‍ 100ലധികം അന്താരാഷ്ട്ര ടി20 മത്സരം കളിച്ച ഏക താരം രോഹിത് ശര്‍മയാണെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. 98 മത്സരം കളിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി രണ്ടാം സ്ഥാനത്തും മറ്റൊരു മുന്‍ നായകനായ വിരാട് കോലി 97 മത്സരങ്ങളുമായി മൂന്നാം സ്ഥാനത്തുമാണുള്ളത്. മുംബൈക്കാരനായ രോഹിത് 2007ലെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര ടി20യില്‍ അരങ്ങേറ്റം കുറിക്കുന്നത്. 3308 റണ്‍സുമായി ടി20യിലെ റണ്‍വേട്ടക്കാരിലും രോഹിത്താണ് തലപ്പത്ത്. നാല് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള രോഹിത്തിന്റെ സ്‌ട്രൈക്കറേറ്റ് 139.79 ആണ്. 118 റണ്‍സാണ് രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

എന്നാല്‍ ഈ നേട്ടത്തിലെത്തിയ മത്സരത്തില്‍ ബാറ്റുകൊണ്ട് രോഹിത്തിന് തിളങ്ങാനായില്ല. 9 പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഇഷാന്‍ കിഷന്റെ അഭാവത്തില്‍ സഞ്ജു സാംസണൊപ്പമാണ് രോഹിത് ഓപ്പണിങ്ങിലിറങ്ങിയത്. ശ്രീലങ്കന്‍ പരമ്പരയില്‍ ഇത്തവണ രോഹിത്തിന് പ്രതീക്ഷക്കൊത്ത് ഉയരാനായിരുന്നില്ല. എന്നാല്‍ നായകനെന്ന നിലയില്‍ രോഹിത് കൈയടി നേടുകയാണ്.

രണ്ടാം ടി20യില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചതോടെ നാട്ടില്‍ കൂടുതല്‍ ടി20 മത്സരം ജയിക്കുന്ന നായകനാവാന്‍ രോഹിത്തിന് സാധിച്ചിരുന്നു. 16 ജയങ്ങളാണ് നിലവില്‍ രോഹിത്തിന്റെ പേരിലുള്ളത്. ഓയിന്‍ മോര്‍ഗന്‍, കെയ്ന്‍ വില്യംസണ്‍ എന്നിവരുടെ പേരിലുണ്ടായിരുന്ന 15 ജയങ്ങളുടെ റെക്കോഡാണ് രോഹിത് തകര്‍ത്തത്. കൂടാതെ തുടര്‍ച്ചയായ മൂന്നാം ടി20 പരമ്പര വൈറ്റ് വാഷാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളെ തകര്‍ത്ത ഇന്ത്യക്ക് ശ്രീലങ്കയെക്കൂടി വൈറ്റ് വാഷ് ചെയ്യാനായാല്‍ അത് ലോക റെക്കോഡായി മാറും.

ഇന്ത്യ തുടര്‍ച്ചയായി 11 മത്സരങ്ങള്‍ ഇതുവരെ ജയിച്ചിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യിലും ജയിക്കാനായാല്‍ 12 തുടര്‍ ജയങ്ങളോടെ ലോക റെക്കോഡില്‍ അഫാഗാനിസ്ഥാനും റുമാനിയക്കുമൊപ്പമെത്താന്‍ ഇന്ത്യക്കാവും. ഇൗ വര്‍ഷം ഒക്ടോബറില്‍ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ രോഹിത് ശര്‍മക്ക് കീഴിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications