IND vs SL: ഒന്നാം ടെസ്റ്റിലെ ക്യാപ്റ്റന്‍സി, രോഹിത്തിന് ഫുള്‍ മാര്‍ക്കില്ല, ഗവാസ്‌കര്‍ പറയുന്നു

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ മൊഹാലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മോഹജയം നേടിയെടുത്തിരിക്കുകയാണ്. ഇന്നിങ്‌സിനും 222 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ നായകനെന്ന നിലയില്‍ രോഹിത്തിനായി. ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ഇന്നിങ്‌സ് ജയം നേടിക്കൊടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകനെന്ന ബഹുമതിയും രോഹിത് നേടി. ഫീല്‍ഡ് വിന്യാസത്തിലും ബൗളിങ് ചെയ്ഞ്ചിലുമെല്ലാം വ്യക്തമായ തന്ത്രം രോഹിത്തിനുണ്ടായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതും ഒന്നാം ഇന്നിങ്‌സ് എട്ട് വിക്കറ്റിന് 574 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തതും ഒന്നാം ഇന്നിങ്‌സില്‍ 400 റണ്‍സ് ലീഡ് നേടിയതും ശ്രീലങ്കയെ ഫോളോഓണിന് ക്ഷണിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ മത്സരം അവസാനിപ്പിച്ചതുമെല്ലാം രോഹിത്തിന്റെ നായക മികവ് തന്നെയാണ്. ബാറ്റിങ്ങില്‍ തിളങ്ങാനായില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് കൈയടി നേടി.

ഇപ്പോഴിതാ മൊഹാലി ടെസ്റ്റിലെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് ഗ്രേഡ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. 10ല്‍ 9.5 ആണ് ഗവാസ്‌കര്‍ ഗ്രേഡ് നല്‍കിയത്. അതിന്റെ കാരണവും ഗവാസ്‌കര്‍ വ്യക്തമാക്കുന്നു. 'രോഹിത് മൊഹാലിയില്‍ ഇന്ത്യയെ നയിച്ചത് എത്ര മനോഹരമായാണെന്ന് നോക്കുക. ബൗളിങ് ചെയ്ഞ്ചും ഫീല്‍ഡ് വിന്യാസവും ഗംഭീരം. 10ല്‍ 9.5 ഗ്രേഡാണ് അവന് നല്‍കുന്നത്. അഞ്ച് പോയിന്റ് മാറ്റിവെക്കുന്നു.

ക്യാപ്റ്റനെന്ന നിലയില്‍ മികച്ച തുടക്കം തന്നെ ലഭിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കി. ടീം എത്രത്തോളം ഉയരത്തിലാണെന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഓരോ ക്യാച്ചും നോക്കുക. കൃത്യമായ ഫീല്‍ഡിങ് വിന്യാസമാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. ഒരു ഫീല്‍ഡര്‍ക്കും ക്യാച്ചെടുക്കാന്‍ അധികം ചലിക്കേണ്ടി വന്നില്ല. അത്രത്തോളം കൃത്യമായിരുന്നു ഫീല്‍ഡ് വിന്യാസം. ബൗളിങ്ങിലേക്കെത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ജഡേജയെ അല്‍പ്പം വൈകിച്ചാണ് പന്തെറിയിച്ചതെന്ന് വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ അതിന് പ്രസക്തിയില്ല. കാരണം രണ്ട് ദിവസം ബാക്കി നിര്‍ത്തി ഇന്ത്യ വിജയിച്ചു'- ഗവാസ്‌കര്‍ പറഞ്ഞു.

ഒരു ഘട്ടത്തിലും ശ്രീലങ്കയ്ക്ക് ആധിപത്യം പുലര്‍ത്താനായില്ല. ടോസ് ഇന്ത്യക്ക് ലഭിച്ചതോടെ ബാറ്റ് ചെയ്യാന്‍ രോഹിത് തീരുമാനിക്കുകയായിരുന്നു. ടോപ് ഓഡറില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ലെങ്കിലും പുറത്താവാതെ 175 റണ്‍സുമായി രവീന്ദ്ര ജഡേജ ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിച്ചു. ജഡേജക്ക് ഇരട്ട സെഞ്ച്വറി നേടാന്‍ 25 റണ്‍സകലെ ഇന്ത്യ ഡിക്ലയര്‍ ചെയ്തത് വലിയ വിവാദമായെങ്കിലും ടീമിന്റെ ജയത്തിലേക്ക് നോക്കുമ്പോള്‍ അനിവാര്യമായ തീരുമാനമായിരുന്നു ഇത്. എട്ട് വിക്കറ്റിന് 574 എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്.

മറുപടിക്കിറങ്ങിയ ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 174 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റുമായി ജഡേജ തന്നെയാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബൗളിങ് നിരയേയും നയിച്ചത്. ജസ്പ്രീത് ബുംറയും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി ജഡേജക്ക് മികച്ച പിന്തുണയും നല്‍കി. ഒന്നാം ഇന്നിങ്‌സില്‍ 400 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ ശ്രീലങ്കയെ ഫോളോ ഓണിന് ക്ഷണിച്ചു. പാതി തോറ്റ മനസുമായി ഇറങ്ങിയ ശ്രീലങ്കക്ക് രണ്ടാം ഇന്നിങ്‌സിലും കാലിടറി. 178 റണ്‍സിനാണ് ടീം ഓള്‍ഔട്ടായത്. ആര്‍ അശ്വിനും ജഡേജയും നാല് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ മുഹമ്മദ് ഷമി രണ്ട് വിക്കറ്റും വീഴ്ത്തി.

ജഡേജക്ക് 10 വിക്കറ്റ് നേട്ടത്തിലേക്കെത്താനായില്ലെന്നതും ഇരട്ട സെഞ്ച്വറി നേടാനായില്ലെന്നതും അല്‍പ്പം നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ജയം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് തോല്‍വി അറിയാതെ 16 മത്സരങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications