
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യിലും രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷനാണ് ഓപ്പണിങ്ങില്‍ ഇറങ്ങിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും ഇഷാനെ ഇന്ത്യ പിന്തുണച്ചു. ഇത് ശരിവെക്കുന്ന പ്രകടനം ഇഷാന്‍ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യിലൂടെ കാഴ്ചവെക്കുകയും ചെയ്തു. 89 റണ്‍സാണ് ഇഷാന്‍ നേടിയത്.
എന്നാല്‍ സമീപകാലത്തെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും റുതുരാജിന് അര്‍ഹിച്ച അവസരം ലഭിക്കാത്തത് അനീതിയാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. 2021ലെ ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിനുടമയായിരുന്നു റുതുരാജ്. ഓപ്പണറെന്ന നിലയില്‍ സിഎസ്‌കെയ്‌ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ റുതുരാജിന് സാധിച്ചിരുന്നു.

ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങിയിട്ടും റുതുരാജിന് ഇന്ത്യ വേണ്ടത്ര പരിഗണന നല്‍കുന്നില്ല. ടീമിലേക്കെത്തുന്നുണ്ടെങ്കിലും പ്ലേയിങ് 11ലേക്ക് എത്തിപ്പെടാന്‍ സാധിക്കുന്നില്ല. ശ്രീലങ്കയ്‌ക്കെതിരേ പരിഗണിക്കാത്തത് പരിക്ക് മൂലമാണെന്നാണ് ബിസിസി ഐയുടെ ഔദ്യോഗിക പ്രതികരണം. വലത് കാല്‍ക്കുഴക്കാണ് പരിക്കേറ്റതെന്നാണ് ബിസിസി ഐ മെഡിക്കല്‍ ടീം അറിയിച്ചത്. ഇന്ത്യ ദീപക് ഹൂഡക്ക് അരങ്ങേറ്റത്തിനുള്ള അവസരം നല്‍കിയിട്ടും റുതുരാജിനെ മനപ്പൂര്‍വ്വം മാറ്റിനിര്‍ത്തുകയാണെന്നാണ് ആരാധക പ്രതികരണം.
സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടെങ്കിലും ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ല. നാലാം നമ്പറിലായിരുന്നു സഞ്ജു ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഡെത്ത് ഓവറില്‍ ഇന്ത്യ നാലാം നമ്പറിലേക്ക് രവീന്ദ്ര ജഡേജയെ പരിഗണിക്കുകയായിരുന്നു. ഇതിലും ആരാധകര്‍ നിരാശ അറിയിച്ചിട്ടുണ്ട്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള സഞ്ജുവിന് ഇന്ത്യ ബാറ്റിങ്ങില്‍ അവസരം നല്‍കണമായിരുന്നുവെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിച്ചത്. എന്നാല്‍ ജഡേജയെ നേരത്തെ ഇറക്കിയ നീക്കത്തെ നായകന്‍ രോഹിത് ശര്‍മ അനുകൂലിക്കുകയാണ് ചെയ്തത്. ടോപ് ഓഡറിലേക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന താരമാണ് ജഡേജയെന്നാണ് രോഹിത് പറഞ്ഞത്.

രണ്ടാം ടി20യില്‍ റുതുരാജിനെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫറും റുതുരാജിന് കൂടുതല്‍ അവസരം നല്‍കണമെന്ന് ആവിശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ റുതുരാജിനെ കളിപ്പിക്കാത്തതിനാല്‍ത്തന്നെ ശ്രീലങ്കയ്‌ക്കെതിരേ മുഴുവന്‍ മത്സരത്തിലും റുതുരാജിനെ കളിപ്പിക്കണമെന്നാണ് വസിം ജാഫര്‍ നിര്‍ദേശിച്ചത്. എന്നാല്‍ റുതുരാജില്‍ ടീം മാനേജ്‌മെന്റ് വലിയ താല്‍പര്യം കാട്ടുന്നില്ല.

റുതുരാജിന്റെ സ്‌ട്രൈക്കറേറ്റ് പരിഗണിക്കുമ്പോള്‍ വമ്പനടിക്കാരനെന്ന് പറയാനാവില്ല. നിലയുറപ്പിച്ച ശേഷം ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്ന ശൈലിയാണ് താരത്തിന്റേത്. അതുകൊണ്ട് തന്നെ പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ അദ്ദേഹം അല്‍പ്പം പിന്നോട്ടാണ്. ഇഷാന്‍ കിഷന്‍ ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരമാണ്. അതുകൊണ്ടാണ് റുതുരാജിനെ തഴഞ്ഞ് ഇന്ത്യ ഇഷാന് കൂടുതല്‍ പരിഗണന നല്‍കുന്നതെന്ന് പറയാം.


Click it and Unblock the Notifications
