IND vs SL: ദ്രാവിഡ് വിരമിക്കാന്‍ ആവിശ്യപ്പെട്ടു, ഗാംഗുലിയും ചതിച്ചു, തുറന്നടിച്ച് വൃദ്ധിമാന്‍ സാഹ

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലെ പ്രഖ്യാപിച്ചപ്പോള്‍ നിരവധി മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമിലുണ്ടായത്. മോശം ഫോമിലായിരുന്ന ഒട്ടുമിക്ക സീനിയര്‍ താരങ്ങളെയും ഇന്ത്യ കൈവിട്ടു. അതില്‍ തഴയപ്പെട്ട താരങ്ങളിലൊരാളാണ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. റിഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പറായി ഉയര്‍ന്നതോടെ ബെഞ്ചിലായിരുന്നു സാഹയുടെ സ്ഥാനം. ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് സാഹയെ തഴയുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ വിരമിക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നെങ്കിലും ശ്രീലങ്കന്‍ പരമ്പരയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും വിരമിക്കില്ലെന്ന് വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ ശ്രീലങ്കന്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരേ തുറന്നടിച്ചിരിക്കുകയാണ് സാഹ. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും വിശ്വാസ വഞ്ചന കാണിച്ചുവെന്നും നീതികാട്ടിയില്ലെന്നും സാഹ ആരോപിക്കുന്നു. ' മുന്നോട്ട് തന്നെ പരിഗണിക്കില്ലെന്ന നിലപാടാണ് ടീം മാനേജ്‌മെന്റ് സ്വീകരിച്ചത്. ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നതിനാലാണ് ഇതുവരെ തുറന്ന് പറയാതിരുന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ എന്നോട് വിരമിക്കാന്‍ നിര്‍ദേശിച്ചിരുന്നു'- സാഹ പറഞ്ഞു.
ഇന്ത്യ യുവ വിക്കറ്റ് കീപ്പര്‍മാരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. കീപ്പറെന്ന നിലയില്‍ പ്രതിഭയാണെങ്കിലും ബാറ്റുകൊണ്ട് വിശ്വസ്തനെന്ന് സാഹയെ വിളിക്കാനാവില്ല. റിഷഭ് പന്ത് ബാറ്റുകൊണ്ട് ഇന്ത്യയുടെ എക്‌സ് ഫാക്ടറാണ്. ഫിനിഷറെന്ന നിലയില്‍ ഗംഭീര മികവ് കാട്ടുന്ന റിഷഭിന് പകരക്കാരനാവുന്നവനും ഇതേ മികവ് വേണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിലപാട്. ഇതാണ് 37 കാരനായ സാഹയെ തഴയാന്‍ കാരണം. ശ്രീലങ്കന്‍ പരമ്പരയില്‍ കെ എസ് ഭരതിനെയാണ് രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചിരിക്കുന്നത്.

കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം അനിവാര്യമാണെങ്കിലും ഏകപക്ഷീയമായി സീനിയര്‍ താരത്തോട് വിരമിക്കാന്‍ ആവിശ്യപ്പെടുന്നത് കായിക താരത്തിന്റെ മാനസിക വീര്യത്തെ കെടുത്തുമെന്നുറപ്പാണ്. ടീം മാനേജ്‌മെന്റില്‍ നിന്ന് പിന്തുണ പ്രതീക്ഷിക്കുമ്പോള്‍ അത് ലഭിക്കുന്നില്ലെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. സൗരവ് ഗാംഗുലി ഞാന്‍ എന്തായാലും ടീമിലുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും വാക് പാലിക്കാതെ വഞ്ചിച്ചുവെന്നും സാഹ പറഞ്ഞു.

'ന്യൂസീലന്‍ഡിനെതിരായ കാണ്‍പൂര്‍ ടെസ്റ്റില്‍ വേദന സംഹാരി കഴിച്ചാണ് ഇറങ്ങിയത്. പുറത്താവാതെ 61 റണ്‍സും നേടി. ബംഗാള്‍ ടീമിന്റെ വാട്‌സപ്പ് ഗ്രൂപ്പില്‍ അന്ന് സൗരവ് ഗാംഗുലി എന്നെ പ്രശംസിച്ച് സന്ദേശം അയച്ചിരുന്നു. നീണ്ടനാളത്തേക്ക് ബിസിസി ഐയുടെ പിന്തുണ ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ബോര്‍ഡ് പ്രസിഡന്റിന്റെ അത്തരമൊരു സന്ദേശം എനിക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. എന്നാല്‍ കാര്യങ്ങളെല്ലാം വളരെ വേഗം മാറിയെന്നത് മനസിലാക്കാന്‍ എനിക്ക് സാധിച്ചില്ല'-സാഹ പറഞ്ഞു.

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മാത്രമായിരുന്ന സാഹയെ പരിഗണിച്ചിരുന്നത്. ഇടക്കിടെ പരിക്കിന്റെ പിടിയിലാവുന്നതും പ്രായവും സാഹക്ക് തിരിച്ചടിയായെന്ന് പറയാം. യുവതാരങ്ങള്‍ക്ക് ഇനിയും അവസരം നല്‍കാതെ മാറ്റിനിര്‍ത്തുന്നത് ടീമിന് ഭാവിയില്‍ തിരിച്ചടിയായേക്കും. അതുകൊണ്ടാണ് ടീം മാനേജ്‌മെന്റ് ഇത്തരമൊരു നിര്‍ണ്ണായക മാറ്റത്തിന് തയ്യാറെടുത്തത്. എന്നാല്‍ സീനിയര്‍ താരങ്ങളെ കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്താന്‍ ബിസിസി ഐക്ക് സാധിച്ചില്ലെന്ന് പറയാം.

40 ടെസ്റ്റില്‍ നിന്ന് 1353 റണ്‍സാണ് സാഹ നേടിയത്. 29.41 ശരാശരിയില്‍ കളിച്ച അദ്ദേഹം മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയുമാണ് നേടിയത്. 9 ഏകദിനത്തില്‍ നിന്ന് 41 റണ്‍സും ഇന്ത്യക്കായി അദ്ദേഹം നേടി. എന്തായാലും കെ എസ് ഭരതിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചതോടെ സാഹക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണത്തെ രഞ്ജി ട്രോഫിയും അദ്ദേഹം കളിച്ചിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications