IND vs SA: ദക്ഷിണാഫ്രിക്ക ഭയക്കേണ്ട അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ, മാച്ച് വിന്നര്‍മാരായേക്കും
സെഞ്ച്വൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്ക് 26ന് തുടക്കമാവുകയാണ്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യ ഇത്തവണ ചരിത്ര നേട്ടം തന്നെയാണ് സ്വപ്‌നം കാണുന്നത്. സമീപകാലത്തെ ഇന്ത്യയുടെ വിദേശ മത്സരങ്ങളിലെ പ്രകടനം ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ വേഗവും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ മികവ് കാട്ടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്.
പരിക്കും ഇന്ത്യക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്റ്റാര്‍ ഓപ്പണറും പരിമിത ഓവര്‍ നായകനുമായ രോഹിത് ശര്‍മയുടെ അഭാവമാണ് ഏറ്റവും വലിയ തലവേദന. രോഹിത്തിന് പകരം ഇന്ത്യ എ ടീം നായകന്‍ പ്രിയങ്ക് പാഞ്ചലിനെ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. രവീന്ദ്ര ജഡേജയും പരിക്കേറ്റ് ടെസ്റ്റ് പരമ്പരക്കില്ലെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. ശുബ്മാന്‍ ഗില്‍, അക്ഷര്‍ പട്ടേല്‍ എന്നിവരും പരിക്കേറ്റ് ടീമിന് പുറത്താണ്.

സീനിയര്‍ താരങ്ങളുടെ ഫോമും ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കുന്ന കാര്യമാണ്. ക്യാപ്റ്റന്‍ വിരാട് കോലി മൂന്നക്കം കണ്ടിട്ട് രണ്ടര വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ചേതേശ്വര്‍ പുജാര 2019 ജനുവരിയിലാണ് അവസാന സെഞ്ച്വറി നേടിയത്. അജിന്‍ക്യ രഹാനെക്കും മികവിനൊത്ത് ഉയരാന്‍ സമീപകാലത്തായി സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമല്ല.
അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുമായി ഇന്ത്യ മുന്നോട്ട് പോകാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെ തന്നെ ഇന്ത്യ കളത്തില്‍ ഇറക്കേണ്ടതായുണ്ട്. ഇന്ത്യയുടെ ബൗളിങ് നിരയില്‍ ആശങ്ക കുറവാണ്. പേസര്‍മാരെല്ലാം ഒന്നിനൊന്ന് മികച്ചവരും വിദേശത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നവരുമാണ്. എന്നാല്‍ ബാറ്റിങ് നിരയുടെ മികവ് കണ്ടറിയേണ്ടതായുണ്ട്. എങ്കിലും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങളുണ്ട്. ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക കരുതിയിരിക്കേണ്ട അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ദക്ഷിണാഫ്രിക്ക കരുതിയിറങ്ങണം. പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് മാറ്റിയതോടെ വലിയ ഭാരം ഇറക്കിവെച്ചാണ് കോലി ഇന്ത്യന്‍ ടീമിനൊപ്പം ഇറങ്ങുന്നത്. ബാറ്റുകൊണ്ട് പഴയ പ്രതാപം കാട്ടിയിട്ട് നാളുകള്‍ ഏറെയായതിനാല്‍ അദ്ദേഹത്തിന് ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. 70 അന്താരാഷ്ട്ര സെഞ്ച്വറിയില്‍ ഹാന്റ്‌ബ്രേക്കിട്ടിരിക്കുന്ന കോലിക്ക് ഇനിയും മുന്നോട്ട് പോകേണ്ടതായുണ്ട്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ കോലിയുടെ 71 സെഞ്ച്വറിക്കൊപ്പമെത്താന്‍ അദ്ദേഹത്തിനാവും. 2020ല്‍ ആറ് ഇന്നിങ്‌സില്‍ നിന്ന് 116 റണ്‍സും 2021ല്‍ 17 ഇന്നിങ്‌സില്‍ നിന്ന് 483 റണ്‍സും നേടിയ കോലിക്ക് പുതിയ വര്‍ഷം തന്റേതായി മാറ്റേണ്ടതായുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡുള്ള ചുരുക്കം താരങ്ങളിലൊരാളാണ് കോലി. 20 ഇന്നിങ്‌സില്‍ നിന്ന് 1075 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. അതും 59.75 എന്ന മികച്ച ശരാശരിയില്‍. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയില്‍ 55.80 ശരാശരിയില്‍ 558 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറിയാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ നേടിയത്. പഴയ ഫോമിലേക്ക് കോലിയെത്തിയാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ പ്രയാസമാവുമെന്നുറപ്പ്.

ചേതേശ്വര്‍ പുജാര
സമീപകാലത്തെ ചേതേശ്വര്‍ പുജാരയുടെ ഫോം വളരെ മോശമാണെങ്കിലും ഇന്ത്യക്ക് ഇപ്പോഴും വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് അദ്ദേഹം. നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ മിടുക്കനാണ്. രാഹുല്‍ ദ്രാവിഡിന്റെ പരിശീലനം കൂടി ലഭിക്കുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പുജാരക്ക് സാധിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അടുത്തകാലത്തെ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. 2020ല്‍ 8 ഇന്നിങ്‌സില്‍ നിന്ന് 163 റണ്‍സും 2021ല്‍ 24 ഇന്നിങ്‌സില്‍ നിന്ന് 686 റണ്‍സുമാണ് അദ്ദേഹം നേടിയത്.
ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിരാശപ്പെടുത്തിയാല്‍ ഇനിയൊരു തിരിച്ചുവരവ് പുജാരക്ക് പ്രയാസമാവും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 23 ഇന്നിങ്‌സില്‍ നിന്ന് 758 റണ്‍സ് പുജാരയുടെ പേരിലുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയുമുണ്ട്. ദക്ഷിണാഫ്രിക്കയില്‍ 13 ഇന്നിങ്‌സില്‍ നിന്ന് 411 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ശ്രേയസ് അയ്യര്‍
ഇന്ത്യയുടെ പരിമിത ഓവറിലെ സ്ഥിര സാന്നിധ്യമായ ശ്രേയസ് അയ്യര്‍ ടെസ്റ്റിലേക്കും തന്റെ വരവറിയിക്കുകയാണ്. ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലൂടെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച ശ്രേയസ് അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമിലും ഇടം പിടിച്ച ശ്രേയസ് വലിയ പ്രതീക്ഷ നല്‍കുന്നു. രണ്ട് ടെസ്റ്റില്‍ നിന്ന് 202 റണ്‍സാണ് അദ്ദേഹം നേടിയത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരങ്ങളിലൊരാളാണ് ശ്രേയസ്. ഇന്ത്യയുടെ മധ്യനിരയില്‍ അവസരം ലഭിക്കാനും തിളങ്ങാനും സാധ്യതയുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം.

ആര്‍ അശ്വിന്‍
ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. വിദേശ പിച്ചുകളില്‍ രവീന്ദ്ര ജഡേജക്കാണ് ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെങ്കിലും ജഡേജക്ക് പരിക്കേറ്റതിനാല്‍ അശ്വിന് ദക്ഷിണാഫ്രിക്കയില്‍ അവസരം ഉറപ്പാണ്. സമീപകാലത്തായി ഉജ്ജ്വല ഫോമില്‍ കളിക്കുന്ന താരമാണ് അശ്വിന്‍. നിലവില്‍ 427 വിക്കറ്റുള്ള അശ്വിന്‍ കപില്‍ ദേവിന്റെ (434) ടെസ്റ്റ് വിക്കറ്റ് റെക്കോഡിനെ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ്. ന്യൂസീലന്‍ഡ് പരമ്പരയില്‍ 14 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും മികച്ച റെക്കോഡുണ്ട്. 10 ടെസ്റ്റില്‍ നിന്ന് 53 വിക്കറ്റാണ് അദ്ദേഹം നേടിയത്. ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ടെസ്റ്റില്‍ നിന്ന് ഏഴ് വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം.

ജസ്പ്രീത് ബുംറ
ബുംറക്ക് ഏത് മൈതാനവും ഒരുപോലെയാണ്. ഫോമിലേക്കെത്തിയാല്‍ എതിര്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിയാന്‍ അദ്ദേഹത്തിന് അപാര മികവാണുള്ളത്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ബുംറ വീണ്ടുമൊരു കൊടുങ്കാറ്റ് സൃഷ്ടിക്കാനായാവും ഇത്തവണ തിരിച്ചെത്തുന്നത്. മൂന്ന് മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബുംറ നേടിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന പേസറാണ് ബുംറ. അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications