IND vs SA T20: സഞ്ജുവിന് ഇടമില്ല, അര്‍ഹതയുണ്ടായിട്ടും തഴയപ്പെട്ടു, അഞ്ച് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ ടി20 പരമ്പരക്കുള്ള ടീമിനെ വൈകുന്നേരമാണ് ബിസിസി ഐ പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് നിലവില്‍ ഐപിഎല്ലില്‍ തിളങ്ങുന്ന മികച്ച താരങ്ങളെയെല്ലാം പരിഗണിച്ചാണ് ഇന്ത്യ ടീമിനെ തിരഞ്ഞെടുത്തത്. ഒട്ടുമിക്ക സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കിയപ്പോള്‍ കെ എല്‍ രാഹുലിനെ നായകനാക്കി. ദിനേഷ് കാര്‍ത്തിക് ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ പുതുമുഖങ്ങളായി ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ് എന്നിവരും ഇടം പിടിച്ചു.
ഇടവേളക്ക് ശേഷം ദിനേഷ് കാര്‍ത്തികും ഹര്‍ദിക് പാണ്ഡ്യയും ടീമിലേക്ക് തിരിച്ചെത്തി. എന്നാല്‍ ഇത്തവണ ടീം പ്രഖ്യാപിച്ചപ്പോള്‍ അര്‍ഹിച്ച ചിലരെ തഴയപ്പെട്ടിട്ടുണ്ടെന്ന് വ്യക്തം. ടി20 ലോകകപ്പില്‍ മുന്നില്‍ക്കണ്ട് ഇന്ത്യ തീര്‍ച്ചയായും ടീമിലേക്ക് പരിഗണിക്കേണ്ടിയിരുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണ്‍
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയടക്കം ലോകകപ്പിന്റെ പദ്ധിതകളുടെ ഭാഗമാണെന്ന് പറഞ്ഞ താരമാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു ഇത്തവണത്തെ ഐപിഎല്ലില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാനും സഞ്ജുവിന് സാധിച്ചു. 14 മത്സരത്തില്‍ നിന്ന് 28.77 ശരാശരിയില്‍ 374 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 35 ഫോറും 21 സിക്‌സുമാണ് സഞ്ജു നേടിയത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സഞ്ജു ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നുവെന്ന് തന്നെ പറയാം.

പൃഥ്വി ഷാ
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വെടിക്കെട്ട് ഓപ്പണറാണ് പൃഥ്വി ഷാ. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കെല്‍പ്പുള്ള പൃഥ്വി വീരേന്ദര്‍ സെവാഗിന്റെ ശൈലിയില്‍ കളിക്കാന്‍ കെല്‍പ്പുള്ളവനാണ്. ടി20യില്‍ പവര്‍പ്ലേ നന്നായി മുതലാക്കി കളിക്കുന്ന താരത്തിന് ഇന്ത്യ ടി20യില്‍ കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. 10 മത്സരത്തില്‍ നിന്ന് 283 റണ്‍സാണ് അദ്ദേഹം നേടിയത്. പനിയെത്തുടര്‍ന്ന് ഇത്തവണ കുറച്ച് മത്സരങ്ങള്‍ പൃഥ്വിക്ക് നഷ്ടമായിരുന്നു. രണ്ട് അര്‍ധ സെഞ്ച്വറി നേടിയ പൃഥ്വിയുടെ സ്‌ട്രൈക്കറേറ്റ് 152.97 ആണ്. ഇന്ത്യ റുതുരാജ് ഗെയ്ക് വാദിനെയും വെങ്കടേഷ് അയ്യരേയുമെല്ലാം പരിഗണിച്ചപ്പോള്‍ അതിലും മികവുള്ള പൃഥ്വിയെ തഴഞ്ഞു.

ടി നടരാജന്‍
ഇത്തവണ പ്രതീക്ഷക്കൊത്ത പ്രകടനം ഐപിഎല്ലില്‍ കാഴ്ചവെക്കാനായില്ലെങ്കിലും ഇന്ത്യ തീര്‍ത്തും ഒഴിവാക്കേണ്ട താരമല്ല ടി നടരാജന്‍. യോര്‍ക്കറുകളിലൂടെ അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ മികവ് കാട്ടുന്ന നടരാജനെ ഇന്ത്യ പരിഗണിക്കേണ്ടതായിരുന്നു. 11 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. എന്നാല്‍ ഇക്കോണമി 9.44 ആയിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് നടരാജന് ഇന്ത്യ അവസരം നല്‍കേണ്ടതായിരുന്നു. നേരത്തെ ഓസ്‌ട്രേലിയയില്‍ കളിച്ച് മികവ് കാട്ടാന്‍ നടരാജന് സാധിച്ചിട്ടുണ്ട്.

വാഷിങ്ടണ്‍ സുന്ദര്‍
സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചില്ല. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ സുന്ദര്‍ മോശം ഫോമിലായിരുന്നു. ആദ്യ മത്സരങ്ങളില്‍ തിളങ്ങിയെങ്കിലും പിന്നീട് പരിക്കിന്റെ പിടിയിലായത് തിരിച്ചടിയായി. നിലവില്‍ ഹൈദരാബാദിന്റെ പ്ലേയിങ് 11ല്‍ സുന്ദര്‍ ഉണ്ടെങ്കിലും ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് പരിഗണിച്ചില്ല. ഒമ്പത് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് നേടിയത്. ഇക്കോണി 8.25. ടി20 ലോകകപ്പിലും സുന്ദറിനെ ഇന്ത്യ തഴയാനാണ് സാധ്യത.

മൊഹ്‌സിന്‍ ഖാന്‍
മികച്ച ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാവുന്ന താരമായിരുന്നു മൊഹ്‌സിന്‍ ഖാന്‍. 20 ലക്ഷം രൂപക്ക് ലഖ്നൗവിലെത്തിയ അദ്ദേഹം തകര്‍പ്പന്‍ പ്രകടനമാണ് ഇത്തവണ നടത്തിയത്. എട്ട് മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് മൊഹ്സിന്‍ ഖാന്‍ വീഴ്ത്തിയത്. 5.93 ആണ് ഇക്കോണമി എന്നതാണ് എടുത്തു പറയേണ്ടത്. ന്യൂബോളില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടി വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹം മിടുക്കനാണ്. ടി20 ലോകകപ്പില്‍ ഇടം കൈയന്‍ പേസറെന്ന നിലയില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമായിരുന്നു മൊഹ്‌സിന്‍ ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications