
ദീപക് ചഹാര്‍ - രവീന്ദ്ര ജഡേജ
ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറായ ദീപക് ചഹാര്‍ പരിക്കിന്റെ പിടിയിലായിട്ട് നാളുകളേറെയായി. ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം പരിക്കിന്റെ പിടിയിലായതാണ്. ഇപ്പോഴും പരിക്ക് പൂര്‍ണ്ണമായും ഭേദമായിട്ടില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ദീപക് ചഹാര്‍ ഇന്ത്യന്‍ ടീമിലുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. അദ്ദേഹത്തിന്റെ പരിക്ക് ഭേദമാവാന്‍ കൂടുതല്‍ സമയം ആവിശ്യമാണെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
ഇപ്പോള്‍ പരിക്കിന്റെ പിടിയിലായിരിക്കുന്ന മറ്റൊരു താരം രവീന്ദ്ര ജഡേജയാണ്. ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് ജഡേജ. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ ജഡേജക്ക് മത്സരത്തിനിടെയാണ് പരിക്കേറ്റത്. ഐപിഎല്ലില്‍ നിന്ന് പുറത്തായ ജഡേജ ടി20 പരമ്പരക്കുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ജഡേജ ടി20 ലോകകപ്പില്‍ ഇന്ത്യ നിര്‍ണ്ണായക പ്രാധാന്യം നല്‍കുന്ന താരമാണ്. അതുകൊണ്ട് തന്നെ ആവിശ്യത്തിന് വിശ്രമം അനുവദിക്കുമെന്നുറപ്പ്.

സൂര്യകുമാര്‍ യാദവ്
ഇന്ത്യയുടെ നാലാം നമ്പറിലെ വിശ്വസ്തനാണ് സൂര്യകുമാര്‍ യാദവ്. മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന ഫ്രീ സ്റ്റൈല്‍ ശൈലിയുള്ള സൂര്യകുമാറിനും ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമാവും. മുംബൈ ഇന്ത്യന്‍സ് താരമായ സൂര്യകുമാറിന് ഐപിഎല്ലില്‍ കളിക്കുന്നതിനിടെയാണ് കാല്‍ മസിലിന് പരിക്കേറ്റത്. ഇതോടെ അദ്ദേഹം നിലവില്‍ ഐപിഎല്ലിന് പുറത്തായിരിക്കുകയാണ്. അടുത്തയാഴ്ച ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുന്ന സൂര്യകുമാറിന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്.

ടി നടരാജന്‍
ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് കാത്തിരിക്കുന്ന താരമാണ് ഇടം കൈയന്‍ പേസര്‍ ടി നടരാജന്‍. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താന്‍ സാധ്യതയുള്ള താരമാണ് നടരാജന്‍. ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ പേസര്‍മാരില്ലാത്തതിനാല്‍ നടരാജന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന കാര്യം 100 ശതമാനം ഉറപ്പായിരുന്നു. എന്നാലിപ്പോള്‍ പരിക്ക് വില്ലനായിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ നടരാജന് പരിക്കേറ്റതോടെ അദ്ദേഹം നിലവില്‍ ടീമില്‍ നിന്ന് പുറത്താണ്. ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കുന്നതിനാല്‍ നടരാജനും ആവിശ്യത്തിന് വിശ്രമം അനുവദിക്കും.

വാഷിങ്ടണ്‍ സുന്ദര്‍
ഇന്ത്യ ടി20യിലേക്ക് പരിഗണിക്കുന്ന സ്പിന്‍ ഓള്‍റൗണ്ടറാണ് വാഷിങ്ടണ്‍ സുന്ദര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി തിളങ്ങുന്ന സുന്ദറിന് നിലവില്‍ പരിക്കേറ്റിരിക്കുകയാണ്. ഐപിഎല്ലില്‍ നിന്ന് പുറത്തായിട്ടില്ലെങ്കിലും നിലവില്‍ പരിക്ക് വലക്കുന്ന താരമാണ് സുന്ദര്‍. ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് സുന്ദറിനെ പരിഗണിക്കാന്‍ സാധ്യതയില്ല. ആവിശ്യത്തിന് വിശ്രമം അനുവദിച്ച് ലോകകപ്പിന് മുന്നോടിയായി ഫിറ്റ്‌നസിലേക്കെത്താന്‍ അവസരമൊരുക്കിയേക്കും.

ഇവര്‍ക്ക് വിശ്രമം അനുവദിച്ചേക്കും
പരിക്ക് മാത്രമല്ല ചില താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കേണ്ടതും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് മാസം കളിച്ച ശേഷമാണ് താരങ്ങളെത്തുന്നത്. ഇന്ത്യയുടെ പല താരങ്ങളും ഐപിഎല്ലിലെ മുഴുവന്‍ മത്സരങ്ങളും കളിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഐപിഎല്‍ അവസാനിച്ചതിന് ഒരാഴ്ചക്ക് ശേഷം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് പലരേയും പരിഗണിക്കാനും സാധിക്കില്ല. അത് ആരൊക്കെയാണെന്നറിയാം.

ജസ്പ്രീത് ബുംറ -ഭുവനേശ്വര്‍ കുമാര്‍
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍മാരായ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ദക്ഷിണാഫ്രിക്കന്‍ പരമ്പര കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. ബുംറ ഇത്തവണ മോശം ഫോമിലായിരുന്നെങ്കിലും മുംബൈ ഇന്ത്യന്‍സിനൊപ്പം എല്ലാ മത്സരങ്ങളിലുമുണ്ടായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം എല്ലാ മത്സരവും കളിച്ചു. രണ്ട് പേരും ലോകകപ്പിലേക്ക് പരിഗണിക്കപ്പെടുന്നവരിലെ മുന്‍നിരക്കാരാണ്. അതുകൊണ്ട് തന്നെ ഇരുവര്‍ക്കും വിശ്രമം നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.

മുഹമ്മദ് ഷമി
ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഗംഭീര പ്രകടനമാണ് പേസര്‍ മുഹമ്മദ് ഷമി കാഴ്ചവെക്കുന്നത്. ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളില്‍ ഷമിയും ഭാഗമായിരിക്കും. അതുകൊണ്ട് തന്നെ ഷമിക്ക് ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഷമിയെ ഇന്ത്യ പരിഗണിച്ചേക്കില്ല. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ഷമി.

വിരാട് കോലി-റിഷഭ് പന്ത്
ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും മുന്‍ നായകനുമായ വിരാട് കോലിക്ക് ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. മോശം ഫോമാണ് കാരണം. ആര്‍സിബിക്കൊപ്പം തീര്‍ത്തും നിരാശപ്പെടുത്തുന്ന കോലിക്ക് വിശ്രമം അനിവാര്യമാണ്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി കോലിയുമായി ചര്‍ച്ചക്ക് തയ്യാറെടുക്കുകയാണെന്നാണ് വിവരം.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്തിനും ഇന്ത്യ വിശ്രമം അനുവദിക്കും. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ റിഷഭ് ഐപിഎല്ലില്‍ എല്ലാ മത്സരവും കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വിശ്രമവും അനിവാര്യമാണ്. കൂടാതെ ഇത്തവണത്തെ റിഷഭിന്റെ ബാറ്റിങ് പ്രകടനവും മോശമാണ്.

പരിക്ക് ഇവര്‍ക്ക് ഗുണം
സൂപ്പര്‍ താരങ്ങളുടെ പരിക്ക് ചില താരങ്ങള്‍ക്ക് ഗുണകരമായി മാറിയിട്ടുണ്ട്. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ഇഷാന്‍ കിഷനെ മറികടന്ന് പ്ലേയിങ് 11ലേക്കെത്തിയേക്കും. സൂപ്പര്‍ പേസര്‍ ഉമ്രാന്‍ മാലിക്കിന് വിളിയെത്തിയേക്കും. ഇടവേളക്ക് ശേഷം ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദിനേയും ഇന്ത്യ പരിഗണിക്കുമെന്നാണ് വിവരം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ മടങ്ങിയെത്തും. ഫിനിഷര്‍ റോളില്‍ രാഹുല്‍ തെവാത്തിയയെ ഇന്ത്യ പരിഗണിക്കാനും സാധ്യതകളേറെയാണ്. ഈ മാസം 23ന് ഇന്ത്യ ടീം പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.


Click it and Unblock the Notifications
