
കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ വിജയിയെ തീരുമാനിക്കുന്ന മൂന്നാം ടെസ്റ്റിന് നാളെ കേപ്ടൗണില്‍ തുടക്കമാവുകയാണ്. സെഞ്ച്വൂറിയനില്‍ നടന്ന ബോക്സിങ് ഡേ ടെസ്റ്റില്‍ ഗംഭീര ജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗ്യമൈതാനമായ ജോഹാനസ്ബര്‍ഗില്‍ ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല ജയത്തോടെ ആതിഥേയരായ ദക്ഷിണാഫ്രിക്ക തിരിച്ചുവന്നു. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ രണ്ട് ടീമും 1-1 എന്ന നിലയിലാണ്. ഇതോടെ കേപ്ടൗണ്‍ ടെസ്റ്റിലെ വിജയിയാവും ടെസ്റ്റ് പരമ്പര സ്വന്തമാക്കുക.
ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര മോഹവുമായി ഇറങ്ങിയ ഇന്ത്യക്ക് ഇതുവരെ ജയിക്കാനാവാത്ത കേപ്ടൗണില്‍ എന്ത് അത്ഭുതം കാട്ടാനാവുമെന്ന് കണ്ടറിയാം. ഇന്ത്യയുടെ ടീം കരുത്തില്‍ ആര്‍ക്കും സംശയമില്ലെങ്കിലും ബാറ്റ്സ്ന്മാരുടെ സ്ഥിരതയാണ് പ്രശ്നം. പരിക്കിനെത്തുടര്‍ന്ന് രണ്ടാം ടെസ്റ്റ് കളിക്കാതിരുന്ന വിരാട് കോലി മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്നുറപ്പായിട്ടുണ്ട്. കോലിയുടെ മടങ്ങിവരവ് ഇന്ത്യക്ക് വലിയ ഊര്‍ജ്ജം നല്‍കുന്ന കാര്യമാണെങ്കിലും അദ്ദേഹം മടങ്ങിയെത്തുമ്പോള്‍ ആരെ പുറത്താക്കുമെന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്.

കോലിക്ക് പകരക്കാരനായി രണ്ടാം ടെസ്റ്റ് കളിച്ച ഹനുമ വിഹാരിയോ അതോ മോശം ഫോമിലുള്ള അജിന്‍ക്യ രഹാനെയോ,ആരെയാണ് ഒഴിവാക്കേണ്ടതെന്നതാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്നം. ഇപ്പോഴിതാ കോലി തിരിച്ചെത്തുമ്പോള്‍ ആരെ പുറത്താക്കണമെന്നതില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രിതീന്ദര്‍ സിങ് സോധി. രഹാനെയെ ഒഴിവാക്കിയാല്‍ അത് വലിയ തീരുമാനം തന്നെയായിരിക്കുമെന്നും അവസരം ലഭിച്ചാല്‍ രഹാനെയുടെ ഭാഗ്യം മാത്രമായിരിക്കുമെന്നുമാണ് രിതീന്ദര്‍ പറയുന്നത്.
'ടീമിലെ നിലവിലെ സാഹചര്യത്തില്‍ അജിന്‍ക്യ രഹാനെ,ഹനുമ വിഹാരി എന്നിവരിലൊരാള്‍ പുറത്തുപോകേണ്ടതായുണ്ട്. അജിന്‍ക്യ രഹാനെയെ ഒഴിവാക്കിയാല്‍ അത് ഇന്ത്യയെടുക്കുന്ന വലിയ തീരുമാനമാവും. ഹനുമ വിഹാരി അവസാന ഇന്നിങ്സില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. തെറ്റായി ഒന്നും അവന്‍ ചെയ്തിട്ടില്ല. രഹാനെയും നിര്‍ണ്ണായക സമയത്ത് അര്‍ധ സെഞ്ച്വറി നേടി. അവന്റെ ഫോം നമ്മള്‍ കണ്ടു. രഹാനെക്ക് അവസരം ലഭിച്ചാല്‍ അത് ഭാഗ്യമാണെന്ന് കരുതുക. കാരണം അവന്‍ സമീപകാലത്തായി വളരെയധികം പ്രയാസപ്പെടുന്നുണ്ട്. നിര്‍ണ്ണായക മത്സരത്തില്‍ അവസരം ലഭിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്താല്‍ അവന് ടീമില്‍ തുടരാനായേക്കും'-രിതീന്ദര്‍ സിങ് സോധി പറഞ്ഞു.

നിലവിലെ സാധ്യതകള്‍ പ്രകാരം ഇന്ത്യ അജിന്‍ക്യ രഹാനെയെ നിലനിര്‍ത്തി വിഹാരിയെ ഒഴിവാക്കിയേക്കും. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ പിന്തുണ സീനിയര്‍ താരങ്ങള്‍ക്കുണ്ട്. ജോഹാനസ്ബര്‍ഗില്‍ രണ്ടാം ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ രഹാനെക്കും പുജാരക്കും സാധിച്ചിരുന്നു. ഈ പ്രകടനം രണ്ട് താരങ്ങളേയും സ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ചേക്കും.
സീനിയര്‍ താരങ്ങള്‍ തുടക്ക സമയങ്ങളില്‍ മികച്ച പ്രകടനം നടത്തി വന്നവരാണെന്നും യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കണമെന്നും അവരുടെ സമയം എത്തുമെന്നുമാണ് രാഹുല്‍ ദ്രാവിഡ് രണ്ടാം ടെസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. ഇതില്‍ നിന്ന് തന്നെ രഹാനെയും പുജാരയും തുടരുമെന്ന് വ്യക്തം.
നിലവിലെ ഇന്ത്യയുടെ സീനിയര്‍ താരങ്ങളിലാര്‍ക്കും കേപ്ടൗണില്‍ മികച്ച റെക്കോഡില്ല. അതുകൊണ്ട് തന്നെ കൂട്ടായ മികച്ച പ്രകടനം ഉണ്ടായില്ലെങ്കില്‍ ഇന്ത്യക്ക് ജയം അസാധ്യം തന്നെയാണ്. സീനിയര്‍ ബാറ്റ്സ്മാന്‍മാര്‍ ഫോമിലേക്കുയരേണ്ടതായുണ്ട്. വിരാട് കോലി ബാറ്റിങ്ങില്‍ താളം കണ്ടെത്തേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഒരു സെഞ്ച്വറി പോലും കോലി നേടിയിരുന്നില്ല. അതുകൊണ്ട് തന്നെ കോലിയുടെ സെഞ്ച്വറി പ്രകടനം എല്ലാവരും പ്രതീക്ഷിക്കുന്നു.
മധ്യനിരയില്‍ റിഷഭ് പന്ത് സ്ഥാനം നിലനിര്‍ത്തിയേക്കും. മികച്ച ബാറ്റിങ് റെക്കോഡുള്ള റിഷഭ് സമീപകാലത്ത് മോശം ഫോമിലാണെങ്കിലും ഇപ്പോഴും ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ തന്നെയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ റിഷഭിനെ ഇന്ത്യ മാറ്റിനിര്‍ത്തിയേക്കില്ല.