IND vs SA ODI: 'ദക്ഷിണാഫ്രിക്ക ഈ അഞ്ച് താരങ്ങളെ കരുതിയിരുന്നോളൂ', ഇന്ത്യയുടെ മാച്ച് വിന്നര്‍മാര്‍

കേപ്ടൗണ്‍: ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരമ്പരക്ക് 19ന് തുടക്കമാവുകയാണ്. ടെസ്റ്റ് പരമ്പര തോറ്റ ഇന്ത്യക്ക് അഭിമാനം രക്ഷിക്കാന്‍ ഏകദിന പരമ്പര സ്വന്തമാക്കേണ്ടതായുണ്ട്. 2018ല്‍ ആറ് മത്സര പരമ്പര 5-1ന് സ്വന്തമാക്കിയ ഇന്ത്യക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. മികച്ച താരങ്ങളുണ്ടെങ്കിലും നിലവിലെ ടീമിനുള്ളിലെ സാഹചര്യവും ഫോമുമെല്ലാം പരിഗണിക്കുമ്പോള്‍ താരങ്ങള്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനാവുമോയെന്നത് കണ്ടറിയണം.
എന്തായാലും മികച്ച പോരാട്ടം തന്നെയാവും രണ്ട് ടീമുകളും കാഴ്ചവെക്കുക. സെന രാജ്യങ്ങളിലെ മറ്റ് വേദികളെ അപേക്ഷിച്ച് ഇന്ത്യക്ക് അല്‍പ്പം കൂടി ഭേദപ്പെട്ട ഏകദിന റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്. വിരാട് കോലി, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കെല്ലാം മികച്ച റെക്കോഡാണ് ഇവിടെയുള്ളത്. എന്നാല്‍ ഇത്തവണ സാഹചര്യം വ്യത്യസ്തമായതിനാല്‍ത്തന്നെ ഇന്ത്യക്ക് ജയം കടുപ്പം. എന്നാല്‍ ഈ അഞ്ച് താരങ്ങളുടെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി
വിരാട് കോലിക്ക് മികച്ച ബാറ്റിങ് റെക്കോഡുള്ള വേദികളിലൊന്നാണ് ദക്ഷിണാഫ്രിക്ക. 2018ലെ പര്യടനത്തില്‍ രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ റെക്കോഡ് പ്രകടനം കാഴ്ചവെക്കാന്‍ കോലിക്കായിരുന്നു. ഇത്തവണയും കോലിയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 27 മത്സരത്തില്‍ നിന്ന് 1287 റണ്‍സാണ് കോലിയുടെ ആകെയുള്ള സമ്പാദ്യം. നാല് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ സമീപകാലത്തായി കോലി നിര്‍ണ്ണായക പ്രശ്‌നങ്ങളിലൂടെ കടന്ന് പോകുന്നതിനാല്‍ പ്രകടനം കണ്ടുതന്നെ അറിയണം.

ശിഖര്‍ ധവാന്‍
ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ നിലവില്‍ ഏകദിന ടീമിലേക്ക് മാത്രമാണ് പരിഗണിക്കപ്പെടുന്നത്. ഗബ്ബാറെന്ന പേരില്‍ ആരാധകര്‍ സ്‌നേഹിക്കുന്ന ശിഖര്‍ ധവാന്‍ 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ചൊരു ടീമിനെതിരേ വലിയ ഇടവേളക്ക് ശേഷമാണ് ധവാന്‍ കളിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രകടനം എങ്ങനെയാവുമെന്ന് കാത്തിരുന്ന് കാണാം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 18 മത്സരത്തില്‍ നിന്ന് 798 റണ്‍സാണ് ധവാന്‍ നേടിയിരിക്കുന്നത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

റിഷഭ് പന്ത്
ഇന്ത്യയുടെ എക്‌സ്ഫാക്ടറാണ് റിഷഭ് പന്ത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് കേപ്ടൗണ്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടി മിന്നും ഫോമിലാണ്. ടെസ്റ്റില്‍ പലപ്പോഴും ഇന്ത്യക്കായി നിര്‍ണ്ണായക പ്രകടനം നടത്താന്‍ റിഷഭിനായിട്ടുണ്ടെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ ഇത്തരത്തിലൊരു പ്രകടനം റിഷഭ് നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ റിഷഭിന് മികവ് കാട്ടാനുള്ള അവസരം കൂടിയാണ്. റിഷഭിന്റെ മിന്നും ഫോം ദക്ഷിണാഫ്രിക്കയും ഭയക്കുമെന്നുറപ്പ്. ഇന്ത്യയുടെ ഭാവി നായകനെന്ന് ഇതിനോടകം വിശേഷിപ്പിക്കപ്പെടുന്ന റിഷഭിന് പരിമിത ഓവറില്‍ കൂടുതല്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവെക്കേണ്ടതും അത്യാവശ്യമാണ്. ആദ്യമായാണ് റിഷഭ് ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര കളിക്കുന്നത്. അതുകൊണ്ട് തന്നെ പ്രകടനം കാത്തിരുന്ന് കാണാം.

ജസ്പ്രീത് ബുംറ-യുസ്‌വേന്ദ്ര ചഹാല്‍
ബൗളിങ്ങില്‍ ജസ്പ്രീത് ബുംറയുടെ പ്രകടനം തന്നെയാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ദക്ഷിണാഫ്രിക്കയില്‍ പൂര്‍ണ്ണമായും പേസിനെ പിന്തുണക്കുന്ന പിച്ചായിരിക്കില്ല. എന്നാല്‍ പേസിനെയും ബൗണ്‍സിനെയും തുണക്കുമെന്നുറപ്പ്. അതുകൊണ്ട് തന്നെ ബുംറയില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. ടെസ്റ്റ് പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം തന്നെയാണ് ബുംറ കാഴ്ചവെച്ചത്.
യുസ്‌വേന്ദ്ര ചഹാലിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്ക ഭയക്കുന്നത്. 2018ല്‍ ദക്ഷിണാഫ്രിക്കയെ കറക്കിവീഴ്ത്തിയത് യുസ് വേന്ദ്ര ചഹാലും കുല്‍ദീപ് യാദവും ചേര്‍ന്നായിരുന്നു. കുല്‍ദീപില്ലാത്തതിനാല്‍ എല്ലാവരും ഉറ്റുനോക്കുന്നത് ചഹാലിലാവും. ഏഴ് മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് ചഹാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏകദിനത്തില്‍ നേടിയിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications