IND vs SA: കോലിയും അശ്വിനും ചരിത്രം കുറിക്കുമേ? കാത്തിരിക്കുന്ന വമ്പന്‍ നാഴികക്കല്ലുകളറിയാം
കേട്പൗണ്‍: ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് ഈ മാസം 26നാണ് തുടക്കമാവുന്നത്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പരമ്പരയാണിത്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാത്ത ടീമെന്ന ചീത്തപ്പേര് മാറ്റാന്‍ ഇന്ത്യക്ക് മുന്നിലുള്ള സുവര്‍ണ്ണാവരമാണിത്. ദക്ഷിണാഫ്രിക്കയ്ക്ക് പഴയ വീര്യമില്ല. ഇന്ത്യന്‍ ടീം അതിശക്തവും. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ പരിക്ക് ആശങ്ക സൃഷ്ടിക്കുന്നതാണെങ്കിലും അതിനെ മറികടക്കാനുള്ള മികവ് ഇന്ത്യന്‍ ടീമിനുണ്ട്.

ദക്ഷിണാഫ്രിക്കയിലെ വേഗ മൈതാനത്ത് പേസാക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള പ്രതിഭകള്‍ ഇന്ത്യയുടെ പേസ് നിരയിലുണ്ട്. എന്നാല്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ സമീപകാല പ്രകടനങ്ങള്‍ വളരെ മോശമാണ്. അതുകൊണ്ട് തന്നെ ശക്തമായ പോരാട്ടം ഇന്ത്യക്ക് കാഴ്ചവെക്കേണ്ടതായി വരും. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ വിരാട് കോലി, ആര്‍ അശ്വിന്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരെ സംബന്ധിച്ച് പ്രധാന പരമ്പരയാണിത്. ചരിത്ര നാഴികക്കല്ലാണ് ഇവരെ കാത്തിരിക്കുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

കോലിയെ കാത്ത് വമ്പന്‍ നേട്ടം
ദക്ഷിണാഫ്രിക്കയില്‍ വലിയ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് വിരാട് കോലി. അഞ്ച് ടെസ്റ്റില്‍ നിന്ന് 558 റണ്‍സും രണ്ട് സെഞ്ച്വറിയും കോലി നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ 199 റണ്‍സ് കൂടി നേടിയാല്‍ 8000 ടെസ്റ്റ് റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ കോലിക്ക് സാധിക്കും. നിലവില്‍ 97 മത്സരത്തില്‍ നിന്ന് 50.65 ശരാശരിയില്‍ 7801 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 12 മത്സരത്തില്‍ നിന്ന് 1075 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. കോലിയുടെ സെഞ്ച്വറി പ്രകടനം പിറന്നിട്ട് രണ്ടര വര്‍ഷം പിന്നിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയില്‍ കോലിയുടെ സെഞ്ച്വറി എല്ലാവരും പ്രതീക്ഷിക്കുന്നു.

200 ടെസ്റ്റ് വിക്കറ്റിനരികെ ഷമി
ഇന്ത്യയുടെ പേസ് നിരയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണ് മുഹമ്മദ് ഷമി. അഞ്ച് വിക്കറ്റുകള്‍ നേടിയാല്‍ 200 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിലെത്താന്‍ ഷമിക്കാവും. നിലവില്‍ 54 മത്സരത്തില്‍ നിന്ന് 195 വിക്കറ്റാണ് ഷമിയുടെ പേരിലുള്ളത്. 2017-18ലെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ മൂന്ന് മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.

സ്റ്റെയിനെയും കടത്തിവെട്ടുമോ അശ്വിന്‍?
ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നറായ അശ്വിന്‍ ചരിത്ര നാഴികക്കല്ല് പിന്നിടാനുള്ള തയ്യാറെടുപ്പിലാണ്. നിലവില്‍ 427 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്. റിച്ചാര്‍ഡ് ഹാഡ്‌ലി (431),രങ്കന ഹരാത്ത് (433),കപില്‍ ദേവ് (434),ഡെയ്ല്‍ സ്റ്റെയിന്‍ (439) എന്നിവരുടെ ടെസ്റ്റ് വിക്കറ്റ് നേട്ടത്തെ മറികടക്കാനുള്ള അവസരമാണ് അശ്വിനെ കാത്തിരിക്കുന്നത്. രവീന്ദ്ര ജഡേജയുടെ അസാന്നിധ്യത്തില്‍ അശ്വിന് പ്ലേയിങ് 11ല്‍ സ്ഥാനം ഉറപ്പാണ്. കപില്‍ ദേവിനെ മറികടന്നാല്‍ ഇന്ത്യക്കാരിലെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തെത്താന്‍ അശ്വിനാവും. ദക്ഷിണാഫ്രിക്കയില്‍ രണ്ട് ടെസ്റ്റില്‍ നിന്ന് ഏഴ് വിക്കറ്റാണ് അശ്വിന്‍ നേടിയിട്ടുള്ളത്.

രഹാനെക്കും പുജാരക്കും നിര്‍ണ്ണായകം
മോശം ഫോമിലുള്ള അജിന്‍ക്യ രഹാനെക്കും ചേതേശ്വര്‍ പുജാരക്കും തിരിച്ചുവരാനുള്ള അവസരമാണ് മുന്നിലുള്ളത്. ഇരുവരെയും വലിയ നേട്ടം കാത്തിരിക്കുന്നു. പുജാരക്കും രഹാനെക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാനുള്ള അവസരമാണ് മുന്നിലുള്ളത്. പുജാര 14 മത്സരത്തില്‍ നിന്ന് 758 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയത്. ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയില്‍ 7 മത്സരത്തില്‍ നിന്ന് ഒരു സെഞ്ച്വറി ഉള്‍പ്പെടെ 411 റണ്‍സാണ് അദ്ദേഹം നേടിയത്.
രഹാനെ 10 മത്സരത്തില്‍ നിന്ന് 748 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയില്‍ മൂന്ന് മത്സരത്തില്‍ നിന്ന് 266 റണ്‍സാണ് രഹാനെയും സമ്പാദ്യം. 96 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications