IND vs SA: 'വിദേശത്ത് ഇക്കളി പോരാ, അത്തരം ബൗളര്‍മാരെ പരിഗണിക്കണം', നിര്‍ദേശിച്ച് ഇര്‍ഫാന്‍ പഠാന്‍

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ ക്യാംപില്‍ വലിയ നിരാശതന്നെയാണുണ്ടാവുക. കാരണം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയെന്ന ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇത്തവണ സുവര്‍ണ്ണാവസരമാണ് ലഭിച്ചതെങ്കിലും അത് മുതലാക്കാനാവാതെ പോയി. സെഞ്ച്വൂറിയനില്‍ ഇന്ത്യ ആദ്യമായി ജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയപ്പോള്‍ പ്രതീക്ഷകള്‍ വാനോളം. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും തീര്‍ത്തും നിരാശപ്പെടുത്തി തോറ്റതോടെ പരമ്പര നേട്ടം ഇന്ത്യയുടെ സ്വപ്‌നം മാത്രമായി.
ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്. സീനിയര്‍ താരങ്ങളടക്കം വിശ്വസ്തരായ പലര്‍ക്കും അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ലെന്ന് തന്നെ പറയാം. ഇന്ത്യയുടെ പേസ് ബൗളിങ് നിര ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും കേപ്ടൗണിലെ പ്രകടനം പ്രതീക്ഷക്കൊത്തായിരുന്നില്ല. ഇപ്പോഴിതാ വിദേശത്ത് ഇന്ത്യ ടീം ഘടനയില്‍ വരുത്തേണ്ട മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍.

ബൗളിങ് നിരയില്‍ മാറ്റം വേണമെന്നതാണ് ഇര്‍ഫാന്‍ തന്റെ ട്വീറ്റിലൂടെ സൂചിപ്പിച്ചിരിക്കുന്നത്. 'ഇന്ത്യയുടെ മധ്യനിരയില്‍ മാറ്റം ഉണ്ടാവുമെന്നാണ് തോന്നിപ്പിക്കുന്നത്. എന്നാല്‍ വിദേശ പര്യടനങ്ങളില്‍ കൈക്കുഴ സ്പിന്നര്‍മാര്‍ ഇന്ത്യക്കൊരപ്പം വേണമെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. അവര്‍ ഏത് സാഹചര്യത്തിലും വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ളവരാണ്' എന്നാണ് ഇര്‍ഫാന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
ദക്ഷിണാഫ്രിക്കയിലെ സാഹചര്യം പൊതുവേ പേസര്‍മാര്‍ക്ക് അനുകൂലമാണ്. സ്പിന്നര്‍മാരും ഇവിടെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇത്തവണ പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ആര്‍ അശ്വിനാണ് ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായി കളിച്ചത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. മൂന്ന് വിക്കറ്റാണ് ആകെ നേടാനായത്. ബാറ്റുകൊണ്ടും തീര്‍ത്തും നിരാശപ്പെടുത്തി.

ഇന്ത്യ നിലവില്‍ ടീമിലേക്ക് പരിഗണിക്കുന്ന സ്പിന്നര്‍മാര്‍ ഇടം കൈയന്‍ രവീന്ദ്ര ജഡേജയേയും ഓഫ് സ്പിന്‍്ര ആര്‍ അശ്വിനേയുമാണ്. വിദേശ ടെസ്റ്റില്‍ ഇന്ത്യ കൂടുതലും ജഡേജയെത്തന്നെയാണ് ആശ്രയിക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ അശ്വിന്‍ മികച്ചവനുമാണ്. എന്നാല്‍ ഈ രണ്ട് സാഹചര്യത്തിലും തിളങ്ങാന്‍ കെല്‍പ്പുള്ളത് കൈക്കുഴ സ്പിന്നര്‍മാര്‍ക്കാണ്. ഏത് പിച്ചിലും വിക്കറ്റ് വീഴ്ത്താന്‍ ഇവര്‍ക്ക് മികവുണ്ട്.
എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിലവില്‍ മികച്ച കൈക്കുഴ സ്പിന്നറില്ല. കുല്‍ദീപ് യാദവിന് വലിയ ഭാവി പ്രതീക്ഷിച്ചിരുന്നെങ്കിലും ചൈനാമാന്‍ ബൗളര്‍ ശോഭിച്ചതിനെക്കാളും വേഗത്തില്‍ നിറം മങ്ങി. 2019ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ കുല്‍ദീപിനായി. ഏഴ് ടെസ്റ്റില്‍ നിന്ന് 26 വിക്കറ്റ് നേടി വലിയ പ്രതീക്ഷ നല്‍കാന്‍ അദ്ദേഹത്തിനായെങ്കിലും ഇന്ന് ടീമിലേക്ക് പോലും പരിഗണിക്കപ്പെടുന്നില്ല. യുസ് വേന്ദ്ര ചഹാലിനെ ടെസ്റ്റിലേക്ക് പരിഗണിച്ചാല്‍ ബാറ്റുകൊണ്ട് ഒന്നും പ്രതീക്ഷിക്കാനാവില്ല. ഫിറ്റ്‌നസ് താരത്തിന് വലിയ പ്രയാസമാണ്.

ഇന്ത്യ മികച്ച കൈക്കുഴ സ്പിന്നര്‍മാരെ കണ്ടെത്തേണ്ട സമയം അതിക്രമിച്ചെന്ന് തന്നെ പറയാം. വിദേശ പര്യടനങ്ങളില്‍ ഇന്ത്യയുടെ സ്പിന്‍ നിരയെ നയിക്കാന്‍ കെല്‍പ്പുള്ള പ്രതിഭകള്‍ സമ്പന്നമായ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലുണ്ടാവുമെന്നുറപ്പ്. അവരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരികയാണ് ഇന്ത്യ ചെയ്യേണ്ടത്. ബൗളിങ് നിരയുടെ കരുത്തുയര്‍ത്താന്‍ കൂടുതല്‍ താരങ്ങളെ ബെഞ്ചിലേക്കെത്തിക്കണം. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരെ പേസ് നിരയില്‍ ഇനിയും വിശ്വസിക്കുന്നതില്‍ കാര്യമില്ല. അതുകൊണ്ട് തന്നെ വലിയ മാറ്റം ഇന്ത്യന്‍ ടീമില്‍ സംഭവിക്കുമെന്നുറപ്പ്.
ബാറ്റിങ് നിരയില്‍ അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും പുറത്താവുമെന്നുറപ്പ്. പകരം ശ്രേയസ് അയ്യരേയും ഹനുമ വിഹാരിയേയും ഇന്ത്യ പരിഗണിക്കും. പേസ് നിരയിലേക്ക് പ്രസിദ്ധ് കൃഷ്ണയേയും പരിഗണിക്കും. ആവേഷ് ഖാനെ ഭാവി താരമായി മുന്നില്‍ക്കണ്ട് വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications