
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 223 റണ്‍സിന് ഓള്‍ഔട്ടായിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പിഴച്ചു. പ്രതീക്ഷക്കൊത്ത് ടോപ് ഓഡര്‍ തിളങ്ങാതിരുന്നപ്പോള്‍ ഇന്ത്യയുടെ രക്ഷകനായത് നായകന്‍ വിരാട് കോലിയാണ്. സമീപകാലത്തായി മോശം ഫോമിനെത്തുടര്‍ന്ന് വിമര്‍ശനം ഏറ്റുവാങ്ങിയിരുന്ന കോലി നിര്‍ണ്ണായക സമയത്ത് തകര്‍പ്പന്‍ പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. 201 പന്തുകള്‍ നേരിട്ട് 79 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 12 ഫോറും ഒരു സിക്‌സും ഉള്‍പ്പെടും. ക്ഷമയോടെ അവസരത്തിനൊത്തുള്ള മികച്ച ഇന്നിങ്‌സെന്ന് തന്നെ ഈ പ്രകടനത്തെ വിശേഷിപ്പിക്കാം.
കോലിയുടെ ഇന്നിങ്‌സിനെ പ്രശംസിച്ച് ഇതിനോടകം പല പ്രമുഖരും രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ കോലിയുടെ മികച്ച ബാറ്റിങ് പ്രകടനം അഹങ്കാരം മാറ്റിവെച്ചതിലൂടെ ലഭിച്ചതാണെന്നും അവസരത്തിനൊത്ത മികച്ച ഇന്നിങ്‌സായിരുന്നു ഇതെന്നും പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ' ഇംഗ്ലണ്ട് പര്യടനത്തിന് പോകുമ്പോള്‍ ഇന്ത്യയില്‍ത്തന്നെ നിങ്ങളുടെ അഹന്ത ഉപേക്ഷിക്കണമെന്ന് വിരാട് കോലി പല തവണ പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ കോലി തന്റെ അഹന്ത ക്രിക്കറ്റ് കിറ്റില്‍ ഉപേക്ഷിച്ച് ഇറങ്ങി മികച്ച പ്രകടനം നടത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ഇന്ത്യയുടെ വിജയകരമായ പരമ്പരയാണ് കോലി ഓര്‍മ്മിപ്പിക്കുന്നത്. ഇംഗ്ലണ്ടില്‍ ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തുകളെ അവന്‍ ഷോട്ടുകള്‍ കളിച്ചെങ്കിലും പന്തുകള്‍ ഒഴിവാക്കാനും ശ്രദ്ധിച്ചു.കേപ്ടൗണിലും അവന്‍ അതേ രീതിയില്‍ തന്നെയാണ് ചെയ്തത്. ഓഫ് സ്റ്റംപിന് പുറത്തെ പന്തുകള്‍ ഒഴിവാക്കി. ഓരോ പന്തിലും ബൗളര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കാതെ തന്റെ അഹന്തയെ പിടിച്ചുനിര്‍ത്തി'-ഗംഭീര്‍ പറഞ്ഞു.

ഓഫ് സൈഡിന് പുറത്തുള്ള ഷോട്ടുകള്‍ കോലിക്ക് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കവര്‍ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹം ഒരു തരത്തിലും മടികാട്ടിയിരുന്നില്ല. ദക്ഷിണാഫ്രിക്കയിലെ വേഗ മൈതാനത്ത് കോലി കവര്‍ ഷോട്ടിന് ശ്രമിച്ചപ്പോഴെല്ലാം വിക്കറ്റ് നഷ്ടമായി. പല പ്രമുഖരും പ്രശ്‌നം ചൂണ്ടിക്കാട്ടിയിട്ടും കവര്‍ ഷോട്ട് കളിക്കുന്നതില്‍ നിന്ന് കോലി പിന്നോട്ട് പോയിരുന്നില്ല. തന്റെ പ്രതിഭയില്‍ അമിത ആത്മവിശ്വാസം ആദ്യ രണ്ട് മത്സരത്തിലും കാട്ടിയ കോലി കേപ്ടൗണില്‍ അല്‍പ്പംകൂടി കരുതലോടെയാണ് കളിച്ചത്. ഇത് അദ്ദേഹത്തിന് നേട്ടമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു.
സാഹചര്യങ്ങള്‍ക്കനുസരിച്ച് കളി ശൈലി മാറ്റേണ്ടതായുണ്ടെന്നും ഗംഭീര്‍ ഓര്‍മ്മിപ്പിച്ചു. 'ഇത്രയും മികച്ച ബൗളര്‍മാര്‍ക്കെതിരേ ദക്ഷിണാഫ്രിക്കയില്‍ കളിക്കുമ്പോള്‍ തീര്‍ച്ചയായും ബൗളര്‍മാര്‍ക്ക് ആധിപത്യമുണ്ടാവും. എന്നാല്‍ ചില സമയങ്ങളിലെങ്കിലും അവര്‍ അവര്‍ തരും. എല്ലാവരും പറയുന്നു കവറിലാണ് കോലി കൂടുതല്‍ റണ്‍സ് കണ്ടെത്തുന്നതെന്ന്. എന്നാല്‍ ലെഗ് സൈഡിലും ഒരുപാട് റണ്‍സ് അവന്‍ കണ്ടെത്തുന്നുണ്ട്. അതെപ്പോഴും അവന്‍ ചെയ്യാറുള്ളതാണ്. ഇംഗ്ലണ്ടില്‍ കോലി കളിച്ചതിനോട് സാമ്യതയുള്ള ഇന്നിങ്‌സായിരുന്നു ഇത്'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

കെ എല്‍ രാഹുല്‍ (12),മായങ്ക് അഗര്‍വാള്‍ (15) കൂട്ടുകെട്ട് വലിയ സ്‌കോര്‍ നേടാതെ മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ചേതേശ്വര്‍ പുജാര (43) ഭേദപ്പെട്ട ഇന്നിങ്‌സ് കാഴ്ചവെച്ചാണ് മടങ്ങിയത്. 77 പന്തുകള്‍ നേരിട്ട് ഏഴ് ബൗണ്ടറിയാണ് അദ്ദേഹം നേടിയത്. അജിന്‍ക്യ രഹാനെ (9) നിരാശപ്പെടുത്തിയപ്പോള്‍ റിഷഭ് പന്തിന് (27) മികച്ച തുടക്കത്തെ മുതലാക്കാനായില്ല. രണ്ടാം ദിനം ഇന്ത്യയുടെ ബൗളിങ് പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവും. ആദ്യ ദിനം ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗറെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചത് പ്രതീക്ഷ നല്‍കുന്നു.
കേപ്ടൗണില്‍ ജയിക്കുന്ന ടീമാവും പരമ്പര സ്വന്തമാക്കുക. സെഞ്ച്വൂറിയനില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 113 റണ്‍സിന്റെ ജയം നേടിയപ്പോള്‍ ഇന്ത്യയുടെ ഭാഗ്യ മൈതാനമായ ജോഹാനസ്ബര്‍ഗില്‍ ഏഴ് വിക്കറ്റിന്റെ വിജയവുമായാണ് ദക്ഷിണാഫ്രിക്ക തിരിച്ചുവന്നത്. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.