കൊളംബോ: ബാറ്റ്സ്മാൻമാരുടെ പറുദീസ എന്ന് പറയാവുന്ന ഉപഭൂഖണ്ഡത്തിൽ കളി. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ മിക്കവാറും എല്ലാ ഇന്നിഗ്സുകളും 200 ന് മേൽ കടന്നു. രോഹിത് ശർമയും വിരാട് കോലിയും സെഞ്ചുറിക്ക് മേൽ സെഞ്ചുറികളുമായി തകർത്തടിച്ചു മുന്നേറുന്നു. എന്നിട്ടും ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിൽ താരങ്ങളായത് രണ്ട് ഫാസ്റ്റ് ബൗളർമാർ. രണ്ടുപേരും ഇന്ത്യക്കാർ. ജസ്പ്രീത് ഭുമ്രയും ഭുവനേശ്വർ കുമാറും.
5 മത്സരങ്ങളിൽ നിന്നും 15 വിക്കറ്റുകൾ വീഴ്ത്തി അഹമ്മദാബാദിൽ നിന്നുള്ള ഫാസ്റ്റ് ബൗളർ ജസ്പ്രീത് ഭുമ്രയാണ് മാൻ ഓഫ് ദ സീരിസായത്. 43.2 ഓവറുകൾ പന്തെറിഞ്ഞ ഭുമ്ര 169 റൺസ് മാത്രം വിട്ടുകൊടുത്താണ് 15 വിക്കറ്റുകൾ വീഴ്ത്തിയത്. ഇക്കോണമി വെറും 3.90. ശരാശരിയോ 11.26. ഒരു തവണ അഞ്ച് വിക്കറ്റും ഒരു തവണ നാല് വിക്കറ്റും. കഴിഞ്ഞില്ല, നാലാം ഏകദിനത്തിൽ 5 വിക്കറ്റ് വീഴ്ത്തി മാൻ ഓഫ് ദ മാച്ചുമായി.

ഒരു കളിയിൽ മാത്രമേ ഭുവനേശ്വർ കുമാറിന് വിക്കറ്റ് കിട്ടിയുള്ളൂ. അഞ്ചാം ഏകദിനത്തില്‍. അതിൽ പക്ഷേ അഞ്ച് വിക്കറ്റുകളോടെ മാൻ ഓഫ് ദ മാച്ചായി. വിക്കറ്റ് കിട്ടിയില്ലെങ്കിലും അധികം റൺസ് വഴങ്ങാതെയായിരുന്നു ഭുവിയുടെ ബൗളിംഗ്. അക്ഷർ പട്ടേൽ ആറ്, ചാഹൽ അഞ്ച്, ഹർദീക് പാണ്ഡ്യ നാല്, കുൽദീപ് യാദവ് മൂന്ന് എന്നിങ്ങനെയാണ് ബാക്കി ബൗളർമാരുടെ വിക്കറ്റുകൾ, ലങ്കൻ നിരയില്‍ 4 കളിയിൽ 9 വിക്കറ്റുമായി അഖില ധനജ്ഞയയാണ് തിളങ്ങിയത്.