
ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ന്യൂസിലാന്‍ഡ് ടീമില്‍ ഓപ്പണറും ഓള്‍റൗണ്ടറുമായ ഡാരില്‍ മിച്ചെലിനെ ഉള്‍പ്പെടുത്തി. ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ഡെവന്‍ കോണ്‍വേയ്ക്കു പകരമാണ് ഇതേ കളിയിലെ ഹീറോയായ മിച്ചെലിനു നറുക്കുവീണത്. കളിയില്‍ പുറത്തായി മടങ്ങവെ കോണ്‍വേ സ്വന്തം ബാറ്റിങില്‍ കൈകൊണ്ട് ഇടിച്ച് രോഷം പ്രകടിപ്പിച്ചിരുന്നു. ഇതാണ് അദ്ദേഹത്തിനു വിനയായത്. പരിശോധനയില്‍ കൈയ്ക്കു പൊട്ടലുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിനു ഫൈനലും ഇന്ത്യക്കെതിരായ ടി20, ടെസ്റ്റ്
പരമ്പരകളും നഷ്ടമായിരിക്കുകയാണ്.
മുന്‍ ജേതാക്കളായ ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ ത്രസിപ്പിക്കുന്ന റണ്‍ചേസിനൊടുവിലായിരുന്നു കിവീസിന്റെ വിജയം. കളിയില്‍ മിച്ചെല്‍ ടീമിന്റെ ഹീറോയായിരുന്നു, 47 ബോളില്‍ നിന്നും നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കം അദ്ദേഹം പുറത്താവാതെ 72 റണ്‍സെടുത്തിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും മിച്ചെലായിരുന്നു. കോണ്‍വേയായിരുന്നു കിവീസിന്റെ മറ്റൊരു പ്രധാനപ്പെട്ട സ്‌കോറര്‍. അദ്ദേഹം 38 ബോളില്‍ നിന്നും അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 46 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
മികച്ച ഫോമിലുള്ള മിച്ചെലിന്റെ വരവ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ടീമിനെ കൂടുതല്‍ സന്തുലിതമാക്കി മാറ്റും. മീഡിയം പേസ് ബൗളര്‍ കൂടിയായ അദ്ദേഹത്തിനു ടെസ്റ്റില്‍ ടീമിനു വേണ്ടി കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്യാന്‍ സാധിക്കും. ഇതു മുന്‍നിര ബൗളര്‍മാര്‍ക്കു ചെറിയ ബ്രേക്ക് നല്‍കുകയും ചെയ്യും. പരിക്കേറ്റ കോണ്‍വേയ്ക്കു പകരം മിച്ചെല്‍ ന്യൂസിലാന്‍ഡ് ടീമിലേക്കു വരുമെന്ന് കോച്ച് ഗാരി സ്‌റ്റെഡാണ് അറിയിച്ചത്. ഇന്ത്യക്കെതിരായ പരമ്പരയില്‍ കോണ്‍വേയെ നഷ്ടമായത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ന്യൂസിലാന്‍ഡിന്റെ ആദ്യ പരമ്പര കൂടിയാണ് ഇന്ത്യക്കെതിരേയുള്ളത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ സീസണിലെ ആദ്യ പരമ്പരയില്‍ തന്നെ ഡെവനെ നഷ്ടായത് നാണക്കേട് തന്നെയാണ്. പക്ഷെ ഇതു മറ്റൊരാള്‍ക്ക് അവസരമായി മാറുകയും ചെയ്യും. വളരെയധികം വൈവിധ്യമുള്ള കളിക്കാരനാണ് ഡാരില്‍, അതിനാല്‍ തന്നെ ഒരുപാട് ബാറ്റിങ് പൊസിഷനുകളില്‍ അദ്ദേഹത്തെ ടീമിനു പ്രയോജനപ്പെടുത്താന്‍ കഴിയും. നിലവില്‍ വളരെയധികം ആത്മവിശ്വാസത്തിലാണ് മിച്ചെല്‍. ടെസ്റ്റിലും പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചയാളാണ് അദ്ദേഹം. ഇന്ത്യന്‍ പര്യടനത്തിനുള്ള സംഘത്തില്‍ ചേരുന്നതിന്റെ ആവേശത്തിലായിരിക്കും മിച്ചലെന്നു തനിക്കറിയാമെന്നും സ്റ്റെഡ് വിശദമാക്കി. ഇതുവരെ അഞ്ചു ടെസ്റ്റുകളാണ് ന്യൂസിലാന്‍ഡിനു വേണ്ടി മിച്ചെല്‍ കളിച്ചിട്ടുള്ളത്. 58 എന്ന മികച്ച ശരാശരിയില്‍ 232 റണ്‍സും നേടിയിട്ടുണ്ട്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്. ഈ വര്‍ഷമാദ്യം ക്രൈസ്റ്റ്ചര്‍ച്ചില്‍ പാകിസ്താനെതിരേ പുറത്താവാതെ നേടിയ 102 റണ്‍സാണ് മിച്ചെലിന്റെ ഉയര്‍ന്ന സ്‌കോര്‍.
അതേസമയം, സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടില്ലാതെയാണ് ന്യൂസിലാന്‍ഡ് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുക. അദ്ദേഹത്തിനു ടെസ്റ്റില്‍ വിശ്രമം അനുവദിക്കുകയായിരുന്നു. തുടര്‍ച്ചയായ പരിക്കുകളും ബയോ ബബ്‌ളും കാരണം തനിക്കു വിശ്രമം അനുവദിക്കണമെന്ന് ബോള്‍ട്ട് ക്രിക്കറ്റ് ബോര്‍ഡിനോടു അഭ്യര്‍ഥിക്കുകയായിരുന്നു. ഇന്ത്യന്‍ പിച്ചുകളുടെ സ്വഭാവം കണക്കിലെടുത്ത് സ്പിന്‍ ബൗളിങിനു പ്രാധാന്യം നല്‍കിയുള്ള സംഘത്തെയാണ് ന്യൂസിലാന്‍ഡ് തിരഞ്ഞെടുത്തിരിക്കുന്നത്.

അഞ്ചു സ്പിന്നര്‍മാര്‍ കിവീസ് സംഘത്തിലുണ്ട്. അജാസ് പട്ടേല്‍, രചിന്‍ രവീന്ദ്ര എന്നിവരാണിത്. വില്‍ സോമര്‍വില്ലെ, മിച്ചെല്‍ സാന്റ്റര്‍, ഗ്ലെന്‍ ഫിലിസ് എന്നിവരാണ് മറ്റു സ്പിന്നര്‍മാര്‍. ഈ മാസം 25 മുതല്‍ 29 വരെ കാണ്‍പൂരിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഒന്നാം ടെസ്റ്റ് നടക്കുക. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ഡിസംബര്‍ മൂന്ന് മുതല്‍ ഏഴു വരെ മുംബൈയിലായിരിക്കും.
ന്യൂസിലാന്‍ഡ് ടെസ്റ്റ് ടീം
കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ബ്ലെണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചെല്‍, കൈല്‍ ജാമിസണ്‍, ടോം ലാതം, ഹെന്റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ഗ്ലെന്‍ ഫിലിപ്സ്, രചിന്‍ രവീന്ദ്ര, മിച്ചെല്‍ സാന്റ്നര്‍, വില്‍ സോമര്‍വില്ലെ, ടിം സൗത്തി, റോസ് ടെയ്ലര്‍, വില്‍ യങ്, നീല്‍ വാഗ്‌നര്‍.