INDvENG: വോനിനെ കടത്തിവെട്ടി ഗവാസ്‌കര്‍, വിജയമാര്‍ജിന്‍ അതുക്കുംമേലെ!- പ്രവചനം ഇങ്ങനെ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും മുന്‍ ബാറ്റിങ് ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. അഞ്ചു ടെസ്റ്റുകളുടെ പരമ്പര ബുധനാഴ്ച ആരംഭിക്കാനിരിക്കെയാണ് ഗവാസ്‌കര്‍ വിജയികള്‍ ആരാവുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
പരമ്പരയില്‍ പരിക്കും മാനസിക സമ്മര്‍ദ്ദവും കാരണം ചില താരങ്ങളെ നഷ്ടമായത് ഇംഗ്ലണ്ടിനു കനത്ത തിരിച്ചടിയാണന്നും ഇതു ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിച്ചിരിക്കുകാണെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്കും പരിക്ക് കാരണം ചിലരെ നഷ്ടമായിട്ടുണ്ടെങ്കിലും ഈ അഭാവം നികത്താന്‍ ശേഷിയുള്ളവര്‍ സംഘത്തിലുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഇന്ത്യ 4-0നു ജയിക്കും
അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 4-0നു സ്വന്തമാക്കുമെന്നാണ് ഗവാസ്‌കര്‍ പ്രവചിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ കാലാവസ്ഥ കൂടി കണക്കിലെടുത്താണ് എന്റെ പ്രവചനം. ഞാന്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ട് വിട്ടിരുന്നു. എങ്കിലും ആഗസ്റ്റ് മാസത്തില്‍ ഇംഗ്ലണ്ടിലെ കാലാവസ്ഥ വളരെ മികച്ചതാണ്. കൂടുതല്‍ സമയവും ചൂട് തന്നെയായിരിക്കും. അല്‍പ്പം മഴയുണ്ടായേക്കുമെന്നു ചിലര്‍ പറയുന്നുണ്ട്. ചൂടേറിയ കാലാവസ്ഥ തന്നെ തുടര്‍ന്നാല്ഡ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 4-0നു ജയിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഗവാസ്‌കര്‍ വിശദമാക്കി.

കോലി x ആന്‍ഡേഴ്‌സന്‍
ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനു മേല്‍ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിക്കു ഇപ്പോള്‍ മേല്‍ക്കൈയുണ്ടെന്നും ഗവാസ്‌കര്‍ പറയുന്നു. 2018ലെ കഴിഞ്ഞ ഇംഗ്ലീഷ് പര്യടനത്തില്‍ കോലി റണ്‍സ് വാരിക്കൂട്ടിയിരുന്നു.
പരമ്പര ഇന്ത്യ കൈവിട്ടിരുന്നെങ്കിലും 600ന് മുകളില്‍ റണ്‍സുമായി അദ്ദേഹം ടോപ്‌സ്‌കോററായിരുന്നു. 2014ലെ തൊട്ടുമുമ്പത്തെ പരമ്പരയില്‍ ആന്‍ഡേഴ്‌സനു മുന്നില്‍ പതറിയ കോലി 18ല്‍ ഇതിനു പ്രായശ്ചിത്തം ചെയ്യുന്ന പ്രകടനമായിരുന്നു നടത്തിയത്.

കോലി പ്രകടനം ആവര്‍ത്തിക്കും
2018ലെ കഴിഞ്ഞ പര്യടനത്തില്‍ കോലിയുടെ പ്രകടനം നമ്മള്‍ കണ്ടതാണ്. ഇവിടുത്തെ സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെട്ട അദ്ദേഹം ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തെ സമര്‍ഥമായി നേരിടുകയും ചെയ്തിരുന്നു. അന്നത്തെ പരമ്പരയ്ക്കു ശേഷം ഇപ്പോള്‍ ആന്‍ഡേഴ്‌സന് മൂന്നു വയസ് കൂടിക്കഴിഞ്ഞു. കോലിയാവട്ടെ മൂന്നു വര്‍ഷം കൊണ്ട് കൂടുതല്‍ അനുഭവസമ്പത്തും നേടി. ഒരു ബാറ്റ്‌സ്മാന്‍ 28-33-34 പ്രായത്തിലാണ് കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ കടന്നുപോവുകയെന്നാണ് ഞാന്‍ കരുതുന്നത്. 2018ലേതു പോലെ കോലി ഇത്തവണയും ആന്‍ഡേഴ്‌സനും ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കും മേല്‍ ആധിപത്യം സ്ഥാപിച്ച് റണ്‍സ് അടിച്ചെടുക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

വോനിന്റെ പ്രവചനം
ഇംഗ്ലണ്ടിന്റെ മുന്‍ നായകനും കമന്റേറ്ററുമായ മൈക്കല്‍ വോനും ഗവാസ്‌കറിനെപ്പോലെ ടെസ്റ്റ് പരമ്പരയെക്കുറിച്ചു പ്രവചനം നടത്തിയിരുന്നു. അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 3-1നു നേടുമെന്നായിരുന്നു അദ്ദേഹം പ്രവചിച്ചത്.
മാനസിക സമ്മര്‍ദ്ദം കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് പിന്‍മാറിയത് ഇംഗ്ലണ്ടിനേറ്റ കനത്ത പ്രഹരമാണ്. ഇന്ത്യക്കു ഇവിടെ പരമ്പര വിജയിക്കാന്‍ ലഭിച്ച ഏറ്റവും മികച്ച അവസരം കൂടിയാണിത്. സ്റ്റോക്‌സ് പോയതോടെ മികച്ചൊരു ബാറ്റ്‌സ്മാനെയും ബൗളറെയുമാണ് ഇംഗ്ലണ്ടിനു നഷ്ടമായിരിക്കുന്നതെന്നും വോന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്‌റ്റോക്‌സിനെക്കൂടാതെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറും പരമ്പരയില്‍ കളിക്കുന്നില്ല.

അവസാന പരമ്പര വിജയം
മൂന്നു തവണ മാത്രമേ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കു കളിഞ്ഞിട്ടുള്ളൂ. ഏറ്റവും അവസാനത്തേത് 2007ലായിരുന്നു. മുന്‍ ബാറ്റിങ് ഇതിഹാസം കൂടിയായ രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യ അന്നു ഇംഗ്ലീഷുകാരുടെ കഥ കഴിച്ചത്. 1-0നായിരുന്നു ദ്രാവിഡും സംഘവും പരമ്പര പോക്കറ്റിലാക്കിയത്. അതിനു ശേഷം ഇവിടെ കളിച്ച പരമ്പരകളിലെല്ലാം തോല്‍വിയായിരുന്നു ഇന്ത്യക്കു നേരിട്ടത്.
ദ്രാവിഡിനു കീഴില്‍ പരമ്പര നേടുന്നതിനു മുമ്പ് അജിത് വഡേക്കര്‍ (1971), കപില്‍ ദേവ് (1986) എന്നിവരുടെ ക്യാപ്റ്റന്‍സിയിലാണ് ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications