IND vs ENG: ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമായി, രോഹിത് നയിക്കും, പുജാര തിരിച്ചെത്തി

മുംബൈ: ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ അഞ്ച് മത്സര ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു മത്സരം ശേഷിക്കുന്നുണ്ടായിരുന്നു. ഇതിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ പ്രമുഖരായ താരങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റ അജിന്‍ക്യ രഹാനെയുടെ അഭാവം ടീമിലുണ്ട്. സര്‍പ്രൈസുകളൊന്നുമില്ലാത്ത ടീമാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പേസ് നിരയിലേക്ക് യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണ എത്തിയത് മാത്രമാണ് എടുത്തു പറയാനുള്ളത്.
വൈസ് ക്യാപ്റ്റനായി കെ എല്‍ രാഹുലാണുള്ളത്. മായങ്ക് അഗര്‍വാളിനെ ഇന്ത്യ പരിഗണിച്ചിട്ടില്ല. ഓപ്പണറായി ശുബ്മാന്‍ ഗില്ലിന് ഇടം നല്‍കി. വിരാട് കോലി കരുത്ത് പകര്‍ന്ന് ടീമിനൊപ്പമുണ്ട്. കോലി ഐപിഎല്ലിന് ശേഷം വിശ്രമം എടുത്ത് ഇന്ത്യന്‍ ടീമില്‍ നിന്ന് മാറി നില്‍ക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കോലിയെ ഇന്ത്യ ടീമിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു.

ഐപിഎല്ലിനിടെ പരിക്കേറ്റ അജിന്‍ക്യ രഹാനെക്ക് രണ്ട് മാസത്തെ വിശ്രമം വേണം. അതുകൊണ്ട് തന്നെ പകരം ശ്രേയസ് അയ്യരെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ രഹാനെയുടെ അഭാവം നികത്താന്‍ ശ്രേയസിനായിരുന്നു. എന്നാല്‍ വിദേശത്തെ പ്രകടനം കണ്ടറിയണം. മോശം പ്രകടനത്തെത്തുടര്‍ന്ന് ഇന്ത്യ തഴഞ്ഞ ചേതേശ്വര്‍ പുജാര ടീമിലേക്ക് തിരിച്ചെത്തി. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നാല് സെഞ്ച്വറിയടക്കം പുജാര തകര്‍ത്താടിയിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിന് കാരണമായത്.
വിദേശ പിച്ചില്‍ ഇപ്പോഴും ഇന്ത്യയുടെ മുഖ്യ പരിഗണന ലഭിക്കുന്ന താരമാണ് പുജാര. മൂന്നാം നമ്പറില്‍ പുജാര തിരിച്ചെത്താനുള്ള സാധ്യത കൂടുതലാണ്. വിക്കറ്റ് കീപ്പറായി റിഷഭ് തന്നെയാവും ഇന്ത്യന്‍ ടീമിലുണ്ടാവുക. ബാക്ക് അപ്പ് കീപ്പറായി വൃദ്ധിമാന്‍ സാഹയെ ഇന്ത്യ പരിഗണിച്ചില്ല. യുവ താരത്തെ വളര്‍ത്തിക്കൊണ്ടുവരണമെന്നതിനാല്‍ കെ എസ് ഭരതിനെയാണ് ഇന്ത്യ പരിഗണിച്ചത്. എന്നാല്‍ വിദേശ സാഹചര്യത്തില്‍ അനുഭവസമ്പത്തില്ലാത്ത ഭരത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. മധ്യനിരയില്‍ കരുത്തേകാന്‍ ഹനുമ വിഹാരിയേയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരിക്കേറ്റ് വിശ്രമത്തിലുള്ള സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമില്‍ ഇടം പിടിച്ചു. ആര്‍ അശ്വിനേയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അക്ഷര്‍ പട്ടേലിന് ടീമില്‍ ഇടമില്ല. ഒരു ടെസ്റ്റ് മത്സരം മാത്രമാണ് ശേഷിക്കുന്നതെന്നതിനാല്‍ അക്ഷറിനെ ഇന്ത്യ പരിഗണിച്ചില്ല. ഇംഗ്ലണ്ടിലെ പേസ് സാഹചര്യത്തില്‍ പേസ് ബൗളിങ്ങിനാണ് ഇന്ത്യ മുന്‍തൂക്കം നല്‍കിയത്. പേസ് ഓള്‍റൗണ്ടറായി ശര്‍ദുല്‍ ഠാക്കൂറിനെ ടീമിലേക്ക് പരിഗണിച്ചു. ശര്‍ദുല്‍ സമീപകാലത്തെ വിദേശ ടെസ്്റ്റ് പരമ്പരകളിലെല്ലാം തിളങ്ങിയിരുന്നു.

പേസ് നിരയില്‍ മുഹമ്മദ് ഷമി കരുത്തോടെ ഇടം പിടിച്ചപ്പോള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ടീമിലുണ്ട്. ഇന്ത്യയുടെ യുവ പേസര്‍ മുഹമ്മദ് സിറാജിനൊപ്പം സീനിയര്‍ പേസര്‍ ഉമേഷ് യാദവിനെയും ഇന്ത്യ പരിഗണിച്ചു. പ്രസിദ്ധ് കൃഷ്ണയേയും ഇന്ത്യ പേസ് നിരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ യുവ പേസര്‍ ഉമ്രാന്‍ മാലിക്കിനെ പരിഗണിച്ചില്ല. അതിവേഗം കൊണ്ട് ഞെട്ടിക്കുന്ന ഉമ്രാനെ ഇന്ത്യ ഇംഗ്ലണ്ട് പരമ്പരക്ക് പരിഗണിക്കണമെന്ന് സുനില്‍ ഗവാസ്‌കറടക്കം നിര്‍ദേശിച്ചിരുന്നു.

ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications