ക്രിക്കറ്റ് മത്സരങ്ങള്‍ ബാറ്റും പന്തും കൊണ്ടുള്ള പോരാട്ടങ്ങളുടെ ആവേശം മാത്രമല്ല സമ്മാനിക്കാറുള്ളത്. മൈതാനത്ത് അരങ്ങേറുന്ന നാടകീയ നിമിഷങ്ങളും തമാശകളുമെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണ്. അത്തരത്തില്‍ നാടകീയവും രസകരവുമായൊരു രംഗത്തിന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം സാക്ഷ്യം വഹിച്ചു. രസകരമായ ആ കാഴ്ച വന്നത് ഒരു ആരാധകന്റെ രൂപത്തിലായിരുന്നു.
കളി നടക്കുന്നതിനിടെ ഗ്യാലറിയില്‍ നിന്നുമൊരാള്‍ മൈതാനത്തേക്ക് കടന്നു വരികയായിരുന്നു. ലഞ്ചിന് ശേഷം മത്സരം വീണ്ടും ആരംഭിക്കാനായി താരങ്ങള്‍ മൈതാനത്തേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. ഇന്ത്യന്‍ ജഴ്‌സിയോട് സാമ്യതയുള്ള ജഴ്‌സിയണിഞ്ഞെത്തിയ ഇയാള്‍ താരങ്ങളെപ്പോലെ മൈതാനത്ത് പെരുമാറിയതും കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചതുമെല്ലാം ചിരി പടര്‍ത്തുന്ന കാഴ്ചയായിരുന്നു. ജാര്‍വോ എന്നായിരുന്നു ഇയാളുടെ ജഴ്‌സിയില്‍ എഴുതിയിരുന്ന പേര്.

ഇയാള്‍ ഇന്ത്യന്‍ താരമല്ലെന്ന് വ്യക്തമായതോടെ സുരക്ഷ ഉദ്യോഗസ്ഥര്‍ മൈതാനത്തേക്ക് വരികയും ഇയാളോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ താന്‍ ഇന്ത്യന്‍ താരമാണെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ജഴ്‌സിയും ലോഗോയുമെല്ലാം തെളിവായി കാണിച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു. സംഭവം കണ്ട്് താരങ്ങള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.
സംഗതം തമാശയായിരുന്നുവെങ്കിലും നിലവിലെ കൊവിഡ് പശ്ചാത്തലത്തില്‍ അല്‍പ്പം കൈവിട്ട കളിയായി പോയെന്നാണ് ചിലരുടെ അഭിപ്രായം. താരങ്ങളെല്ലാം കടുത്ത കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മത്സരത്തിനിറങ്ങുന്നത്. ഇതിനിടെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഒരാള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് മൈതാനത്തേക്ക് എത്തുകയും താരങ്ങളുടെ അടുത്തെത്തുകയും ചെയ്തത് ഗുരുതരമായ വിഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ഇംഗ്ലണ്ട് ആരാധകരുടെ ഭാഗത്തു നിന്നുമുള്ള മോശം സമീപനത്തിനും ഇന്നത്തെ മത്സരം സാക്ഷ്യം വഹിച്ചു. നേരത്തെ തന്നെ എതിര്‍ടീമിലെ താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപമടക്കം നടത്തുന്നുവെന്ന വിമര്‍ശനം ഇംഗ്ലണ്ട് ആരാധകര്‍ക്കെതിരെയുണ്ട്. ഈ വാദങ്ങള്‍ ശരിവെക്കുന്നതായിരുന്നു ഇന്ന് നടന്ന സംഭവം. ഇംഗ്ലണ്ടിന്റെ ബാറ്റിംഗിനിടെയായിരുന്നു സംഭവം നടന്നത്. ഇന്ത്യയുടെ ഓപ്പണര്‍ കെഎല്‍ രാഹുലിനെതിരെ ഇംഗ്ലണ്ടിന്റെ ആരാധകര്‍ ഷാംപെയ്ന്‍ കോര്‍ക്ക് വലിച്ചെറിയുകയായിരുന്നു.
ഇംഗ്ലണ്ട് ഇന്നിംഗ്‌സ് 69-ാം ഓവറിലെത്തിയിരുന്നു അപ്പോള്‍. രാഹുല്‍ ബൗണ്ടറി ലൈിന് അരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. ഇതിനിടെ പിന്നില്‍ നിന്നും ഇംഗ്ലണ്ടിന്റെ ആരാധകര്‍ കോര്‍ക്ക് വലിച്ചെറിയുകയായിരുന്നു, കമന്റേറ്റര്‍മാരും ഈ സംഭവം ചൂണ്ടിക്കാണിച്ചു. ഇംഗ്ലണ്ട് ആരാധകരുടെ സമീപനത്തില്‍ രാഹുല്‍ അസ്വസ്ഥനായിരുന്നു. താരം കോര്‍ക്ക് എടുത്ത് ബൗണ്ടറി ലൈനിന് പുറത്തേക്ക് എറിയുന്നതും കണ്ടു. ഈ സംഭവം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയേയും അലട്ടുന്നതായിരുന്നു. രാഹുലിനോട് കോര്‍ക്ക് എടുത്ത് ഗ്യാലറിയിലേക്ക് തിരികെ എറിയാന്‍ പറയുന്ന കോഹ്ലിയുടെ വീഡിയോയും വൈറലായി മാറിയിരുന്നു.
നേരത്തെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 364 റണ്‍സ് എടുത്തിരുന്നു. ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ സെഞ്ചുറിയായിരുന്നു ഇന്ത്യയ്ക്ക് രക്ഷയായത്. മറ്റൊരു ഓപ്പണര്‍ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ചുറിയും നേടി. അതേസമയം നായകന്‍ വിരാട് കോഹ്ലി, ഉപനായകന്‍ അജിന്‍ക്യ രഹാനെ, മുന്‍നിര താരം ചേതേശ്വര്‍ പുജാര എന്നിവരുടെ ഫോമില്ലായ്മ ഇന്ത്യയ്ക്ക് തലവേദനയായി തുടരുകയാണ്.
മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഒരിക്കല്‍ കൂടി നായകന്‍ ജോ റൂട്ട് ഇംഗ്ലണ്ടിന്റെ ശക്തമായിയ മാറുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ റൂട്ട് 160 റണ്‍സ് എടുത്ത് പുറത്താകാതെ നില്‍ക്കുകയാണ്. നേരത്തെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലും റൂട്ട് സെഞ്ചുറി നേടിയിരുന്നു. ഇംഗ്ലണ്ടിനായി ജോണി ബെയര്‍സ്‌റ്റോ അര്‍ധ സെഞ്ചുറി നേടിയാണ് പുറത്തായത്. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സ് കടന്നിട്ടുണ്ട്.