വീണ്ടും ഇന്ത്യയ്ക്ക് മുന്നില്‍ ഇംഗ്ലണ്ടിന്റെ മതിലായി മാറി ജോ റൂട്ട് എന്ന നായകന്‍. മുന്‍നിര ബാറ്റ്‌സ്ന്മാര്‍ വീണ്ടും വീണു പോയപ്പോള്‍ ഇംഗ്ലണ്ടിനായി മൈതാനത്ത് വേരുറപ്പിക്കുകയായിരുന്നു ജോറൂട്ട്. 200 പന്തുകളില്‍ നിന്നും സെഞ്ചുറി തികച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ച് നിലയുറപ്പിച്ചിരിക്കുകയാണ് റൂട്ട്. ജോണി ബെയര്‍സ്‌റ്റോയുമായി ശക്തമായ കൂട്ടുകെട്ട് മധ്യനിരയില്‍ പടുത്തുയര്‍ക്കുകയും ചെയ്തു റൂട്ട്.
ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 364 റണ്‍സെടുത്താണ് പുറത്താകുന്നത്. മറുപടി ബാറ്റിംഗിന് ഇംഗ്ലണ്ട് ഇറങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ പിഴച്ചിരുന്നു. ഓപ്പണര്‍ ഡൊമിനിക് സിബിലിയേയും നാളുകള്‍ക്ക് ശേഷം നാഷണല്‍ ടീമിലേക്ക് മടങ്ങിയെത്തിയ ഹസീബ് ഹമീദിനേയും ഇംഗ്ലണ്ടിന് തൊട്ടടുത്ത പന്തുകളിലാണ് നഷ്ടപ്പെട്ടത്. തുടക്കത്തില്‍ തന്നെ ഇന്ത്യ കളിയില്‍ പിടിമുറുക്കി. എന്നാല്‍ നാലാമനായി ക്രീസിലെത്തിയ റൂട്ട് ഇംഗ്ലണ്ടിനായി ശക്തമായ പോരാട്ടം കാഴ്ചവെക്കുകയായിരുന്നു.

മറുവശത്ത് ആദ്യമുണ്ടായിരുന്നത് ഓപ്പണര്‍ റോറി ബേണ്‍സ് ആയിരുന്നു. എന്നാല്‍ രണ്ടാം ദിവസത്തിന്റെ അവസാന നിമിഷം ഇംഗ്ലണ്ടിന് ബേണ്‍സിനെ നഷ്ടമായി. എന്നാല്‍ പിന്നീട് വന്ന ജോണി ബെയര്‍സ്‌റ്റോയെ മറുവശത്ത് നിര്‍ത്തി റൂട്ട് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു. പരമ്പരയില്‍ റൂട്ടിന്റെ രണ്ടാമത്തെ സെഞ്ചുറിയാണ് ഇന്ന് പിറന്നിരിക്കുന്നത്. നേരത്തെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗിസില്‍ 109 റണ്‍സായിരുന്നു റൂട്ട് നേടിയത്. ആദ്യ ഇന്നിംഗിസില്‍ അര്‍ധ സെഞ്ചുറിയും റൂട്ട് നേടിയിരുന്നു.
ഇന്നത്തെ സെഞ്ചുറിയോടെ നിരവധി റെക്കോര്‍ഡുകളും റൂട്ട് തന്റേതാക്കി മാറ്റി. മൂന്ന് ഫോര്‍മാറ്റുകളിലുമായി റൂട്ടിന്റെ 38-ാമത്തെ സെഞ്ചുറിയാണ് ഇന്ന് പിറന്നത്. ഇതോടെ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ താരം അലിസ്റ്റര്‍ കുക്കിനൊപ്പം ഒന്നാമത് എത്തുകയും ചെയ്തു റൂട്ട്. അതോടൊപ്പം ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ഇംഗ്ലണ്ട് നായകന്മാരുടെ പട്ടികയിലും റൂട്ട് മുന്നിലെത്തി. അഞ്ച് സെഞ്ചുറികളാണ് ഇക്കൊല്ലം ഇതുവരെ മാത്രം റൂട്ട് നേടിയത്.
ഇതോടൊപ്പം ടെസ്റ്റില്‍ 9000 റണ്‍സും റൂട്ട് പിന്നിട്ടു. അലിസ്റ്റര്‍ കുക്കിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏക ഇംഗ്ലീഷ് ബാറ്റര്‍ ആണ് റൂട്ട്. മിഡ് ഓര്‍ഡറില്‍ റൂട്ടിന് ശക്തമായ പിന്തുണ നല്‍കിയത് ജോണി ബെയര്‍സ്‌റ്റോ ആയിരുന്നു. 107 പന്തുകളില്‍ നിന്നും 57 റണ്‍സാണ് ബെയര്‍സ്റ്റോ നേടിയത്. നേരത്തെ ഓപ്പണര്‍ ബേണ്‍സ് 49 റണ്‍സെടുത്താണ് പുറത്തായത്. ഇംഗ്ലണ്ട് അവസാന വിവരം കിട്ടുമ്പോള്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 268 റണ്‍സാണ് എടുത്തിരിക്കുന്നത്.
ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി നില്‍ക്കുന്നത് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ്. ബെയര്‍സ്റ്റോയുടെ വിക്കറ്റും സിറാജായിരുന്ന നേടിയത്. മുഹമ്മദ് ഷമിയ്ക്കാണ് മറ്റൊരു വിക്കറ്റുള്ളത്. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത് 364 റണ്‍സായിരുന്നു. ഇന്ത്യയ്ക്കായി ഓപ്പണര്‍ കെഎല്‍ രാഹുലും സെഞ്ചുറി നേടിയിരുന്നു. മറ്റൊരു ഓപ്പണറായ രോഹിത് ശര്‍മ അര്‍ധ സെഞ്ചുറിയും നേടി. അതേസമയം ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്ലിയും ഉപനായകന്‍ അജിന്‍ക്യ രഹാനയും വീണ്ടും മോശം പ്രകടനം പുറത്തെടുത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പ്രമുഖ താരം ചേതേശ്വര്‍ പൂജാരയും ഒരിക്കല്‍ കൂടി പരാജയപ്പെട്ടു.