നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യക്കു സ്വന്തം. ഇന്ത്യയുടെ പേസാക്രമണത്തില്‍ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. വെറും 183 റണ്‍സില്‍ ആതിഥേയരെ എറിഞ്ഞിടാന്‍ വിരാട് കോലിക്കും സംഘത്തിനും സാധിച്ചു. മറുപടി ബാറ്റിങില്‍ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് പോവാതെ 21 റണ്‍സെുത്തിട്ടുണ്ട്. ഒമ്പത് റണ്‍സ് വീതമെടുത്ത രോഹിത് ശര്‍മയും കെഎല്‍ രാഹുലുമാണ് ക്രീസില്‍.40 ബോളില്‍ രണ്ടു ബൗണ്ടറികളോടെയാണ് രോഹിത് ഒമ്പത് റണ്‍സെടുത്തതെങ്കില്‍ രാഹുല്‍ 39 ബോളില്‍ ഒരു ബൗണ്ടറിയടക്കമാണ് ഒമ്പത് റണ്‍സെടുത്തത്. മുഴുവന്‍ വിക്കറ്റുകളും കൈയിലിരിക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു 162 റണ്‍സ് കൂടി മതി.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയര്‍ക്കു ഇന്ത്യയുടെ നാലംഗ പേസ് നിരയുടെ തീതുപ്പുന്ന ബോളുകള്‍ക്കു മുന്നില്‍ മറുപടിയില്ലായിരുന്നു. മൂന്നാം സെഷനില്‍ 183 റണ്‍സിനു ഇംഗ്ലണ്ട് കൂടാരത്തില്‍ തിരിച്ചെത്തി. മുഴുവന്‍ വിക്കറ്റുകളും പങ്കിട്ടത് ഇന്ത്യയുടെ പേസ് നിരയായിരുന്നു. നായകന്‍ ജോ റൂട്ടിനൊഴികെ (64) മറ്റാര്‍ക്കും ഇന്ത്യയുടെ മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 108 ബോളില്‍ 11 ബൗണ്ടറികളോടെയാണ് റൂട്ട് ടീമിന്റെ അമരക്കാരനായത്. ജോണി ബെയര്‍സ്‌റ്റോ (29), സാം കറെന്‍ (27*), സാക്ക് ക്രോളി (27), ഡൊമിനിക്ക് സിബ്ലി (18), എന്നിവരാണ് രണ്ടക്കം പിന്നിട്ട മറ്റുള്ളവര്‍.
റോറി ബേണ്‍സ് (0), ഡാനിയേല്‍ ലോറന്‍സ് (0), ജോസ് ബട്ട്‌ലര്‍ (0), ഓലി റോബിന്‍സണ്‍ (0) എന്നിവര്‍ക്കൊന്നും അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല. സ്റ്റുവര്‍ട്ട് ബ്രോഡ് (4) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. നാലു വിക്കറ്റുകളുമായി ജസ്പ്രീത് ബുംറ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ മൂന്നു വിക്കറ്റുകളുമായി മുഹമ്മദ് ഷമി ഒപ്പം നിന്നു. ശര്‍ദ്ദുല്‍ ഠാക്കൂര്‍ രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ മുഹമ്മദ് സിറാജിനു ഒരു വിക്കറ്റ് ലഭിച്ചു.

ഇന്ത്യക്കു തകര്‍പ്പന്‍ തുടക്കമായിരുന്നു കളിയില്‍ ലഭിച്ചത്. ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഇന്ത്യ ആദ്യ പ്രഹരമേല്‍പ്പിച്ചിരുന്നു. ഇന്നിങ്‌സിലെ അഞ്ചാമത്തെ ബോളില്‍ റോറി ബേണ്‍സിനെ ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ക്രോളി-സിബ്ലി ജോടി മികച്ച കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റി. 42 റണ്‍സ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തു. എന്നാല്‍ ലഞ്ച് ബ്രേക്കിനു മുമ്പ് ഇംഗ്ലണ്ടിനു ഇന്ത്യ അടുത്ത ഷോക്കും നല്‍കി. ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ പാഡിലും തട്ടിയ ശേഷം റിഷഭ് ക്യാച്ച് ചെയ്യുകയായിരുന്നു. അംപയര്‍ നോട്ടൗട്ടാണ് വിളിച്ചതെങ്കിലും ഇന്ത്യ ഡിആര്‍എസിന്റെ സഹായം തേടിയതോടെ വിധി അനുകൂലമാവുകയും ചെയ്തു.

രണ്ടു സര്‍പ്രൈസ് തീരുമാനങ്ങളുമായിട്ടാണ് ഇന്ത്യ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്. ഇഷാന്ത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവരെ പുറത്തിരുത്തിയ ഇന്ത്യ പകരം ശര്‍ദ്ദുല്‍ ഠാക്കൂര്‍, രവീന്ദ്ര ജഡേജ എന്നിവരെ കളിപ്പിക്കുകയായിരുന്നു. നാലു പേസര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെടുന്ന ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്. ഇതോടെയാണ് അശ്വിനെ ഇന്ത്യക്കു പുറത്തിരിക്കേണ്ടി വന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരാണ് പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത്. രോഹിത് ശര്‍മയ്‌ക്കൊപ്പം കെഎല്‍ രാഹുലാണ് ഓപ്പണറായെത്തുക.
അഞ്ചു ടെസ്റ്റുകളുള്‍പ്പെട്ട ദൈര്‍ഘ്യമേറിയ പരമ്പരയാണിത്. അതുകൊണ്ടു തന്നെ ഇരുടീമുകള്‍ക്കും പരമ്പരയിലേക്കു തിരിച്ചുവരാന്‍ ഒരുപാട് സമയവുമുണ്ട്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനില്‍ ഇരുടീമുകളും കളിക്കുന്ന ആദ്യത്തെ പരമ്പര കൂടിയാണിത്. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ഫൈനലിലേക്കു മുന്നേറിയ ടീമാണ് ഇന്ത്യ. ഫൈനലില്‍ പക്ഷെ കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡിനോടു തോല്‍ക്കുകയായിരുന്നു. ജൂണില്‍ സതാംപ്റ്റണിലായിരുന്നു ഈ മല്‍സരം നടന്നത്. അതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് കൂടിയാണ് ഇന്നത്തേത്.
മറുഭാഗത്ത് ജോ റൂട്ട് നയിക്കുന്ന ഇംഗ്ലണ്ട് പ്രഥമ സീസണിലെ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ നഷ്ടമായതിന്റെ നിരാശയിലാണ്. സ്വന്തം നാട്ടില്‍ ഫൈനല്‍ നടന്നിട്ടും അതിന്റെ ഭാഗമാവാന്‍ സാധിക്കാത്തതിന്റെ നിരാശ തീര്‍ച്ചായും റൂട്ടിനും സംഘത്തിനുമുണ്ട്. അതുകൊണ്ടു തന്നെ ഇത്തനവണ ഇതിന്റെ ക്ഷീണം തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ടീം.

ഈ വര്‍ഷം ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്ന രണ്ടാമത്തെ ടെസ്റ്റ് പരമ്പര കൂടിയാണിത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയിരുന്നു. അന്നു നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ കോലിപ്പട 3-1ന് അവരെ തകര്‍ത്തുവിടുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ വന്‍ മാര്‍ജിനില്‍ ജയിച്ച ശേഷമായിരുന്നു അടുത്ത മൂന്നു ടെസ്റ്റുകളിലും ഇംഗ്ലണ്ട് വന്‍ തോല്‍വിയിലേക്കു വീണത്. സ്പിന്‍ കെണിയൊരുക്കിയായിരുന്നു അന്നു ഇന്ത്യ വിജയം കൊയ്തത്. അന്നത്തെ പരാജയത്തിന് ഇത്തവണ സ്വന്തം നാട്ടില്‍ പകരം ചോദിക്കുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ഇന്ത്യ തങ്ങളുടെ വീക്ക്‌നെസായ സ്പിന്നിനെ മുതലെടുത്തപ്പോള്‍ തിരിച്ച് ഇന്ത്യയുടെ വീക്ക്‌നെസായ പേസും സ്വിങും തുറുപ്പുചീട്ടാക്കി തിരിച്ചടിക്കാനാണ് ഇംഗ്ലണ്ടിന്റെ പ്ലാന്‍. ഇതിനായി പച്ചപ്പമുള്ള, മികച്ച പേസും സ്വിങുമുള്ള പിച്ചുകളാണ് ഇംഗ്ലണ്ട് ഈ പരമ്പരയില്‍ ഒരുക്കിയിരിക്കുന്നത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്-റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി, സാക്ക് ക്രോളി, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ഡാനിയേല്‍ ലോറന്‍സ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കൂപ്പര്‍), സാം കറെന്‍, ഓലി റോബിന്‍സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.