ലണ്ടന്‍: ഒരിക്കല്‍ക്കൂടി രവിചന്ദ്രന്‍ അശ്വിനെ പുറത്തിരുത്തി വിരാട് കോലിയുടെ ഇന്ത്യന്‍ ടീം ടെസ്റ്റിന് ഇറങ്ങിയിരിക്കുകയാണ്. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഓഫ് സ്പിന്നറായ രവിചന്ദ്രന്‍ അശ്വിന്‍ വേണ്ടെന്ന് വിരാട് കോലി തീരുമാനിച്ചു. ഇന്ത്യന്‍ നിരയിലേക്ക് ഇഷാന്ത് ശര്‍മ തിരിച്ചെത്തുമ്പോള്‍ സൈഡ് ബെഞ്ചിലിരിക്കാനാണ് രവിചന്ദ്രന്‍ അശ്വിന് നിയോഗം.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് അശ്വിനെ കോലി പുറത്തിരുത്തുന്നത്. കോലിയുടെ തീരുമാനത്തിന് പിന്നിലെ കാരണമെന്ത്? ക്രിക്കറ്റ് പ്രേമികള്‍ ഉത്തരം കാത്തിരിക്കെ മുന്‍ ഇന്ത്യന്‍ ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍ വിഷയത്തില്‍ അഭിപ്രായവുമായി രംഗത്തുവരികയാണ്.

'ഇഷാന്ത് ശര്‍മ ടീമില്‍ തിരിച്ചെത്തിയതില്‍ വിവിഎസ് ലക്ഷ്മണിന് സന്തോഷമുണ്ട്. ഇന്ത്യന്‍ പേസ് നിരയുടെ മൂര്‍ച്ച കൂട്ടാന്‍ ഇഷാന്തിന് സാധിക്കും. എന്നാല്‍ മുഹമ്മദ് സിറാജിന് പകരമായിരുന്നു ഇഷാന്ത് ടീമില്‍ എത്തേണ്ടിയിരുന്നത്. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല', ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയുമായുള്ള സംഭാഷണത്തില്‍ വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു.
രവിചന്ദ്രന്‍ അശ്വിനെ പ്ലേയിങ് ഇലവനില്‍ വിരാട് കോലി ഉള്‍പ്പെടുത്താതിലുള്ള നിരാശ ലക്ഷ്മണ്‍ മറച്ചുവെയ്ക്കുന്നില്ല. ഒരു മാസം മുന്‍പ് ഇംഗ്ലണ്ടില്‍ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പ്രധാന സ്പിന്നറായിരുന്നു അശ്വിന്‍. എന്നാല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ പോലും ഇടംകണ്ടെത്താന്‍ അശ്വിന് കഴിയുന്നില്ലെന്ന് ലക്ഷ്മണ്‍ പറയുന്നു.
'നൂറു ശതമാനം ഫിറ്റെങ്കില്‍ ഇഷാന്ത് ശര്‍മ ടീമില്‍ കളിക്കണം. ഇത് ശരിയായ തീരുമാനമാണ്. എന്നാല്‍ മുഹമ്മദ് സിറാജിന് പകരമായിരുന്നു ഇഷാന്ത് ടീമില്‍ കടന്നുവരേണ്ടത്. പക്ഷെ രണ്ടാം ടെസ്റ്റില്‍ സിറാജും ടീമില്‍ കളിക്കുന്നു; അശ്വിന്‍ പുറത്ത്. ഒരു കാര്യം മനസിലാകുന്നില്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഗോ-ടു സ്പിന്നറായ അശ്വിന് പ്ലേയിങ് ഇലവനില്‍ ഇപ്പോള്‍ സ്ഥാനമില്ല. ഇതിന് പിന്നിലെ കാരണം എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല', വിവിഎസ് ലക്ഷ്മണ്‍ അറിയിച്ചു.
സാഹചര്യം ഏതായാലും നാലു പേസര്‍മാരെ ഒരേ സമയം ടീമില്‍ കളിപ്പിക്കുക ഇന്ത്യയെ സംബന്ധിച്ച് ആഢംബരമെന്നാണ് മുന്‍ ബാറ്റിങ് ഇതിഹാസത്തിന്റെ പക്ഷം. ഇഷാന്ത് ശര്‍മയ്ക്കും മുഹമ്മദ് സിറാജിനും ടെസ്റ്റില്‍ നീണ്ട സ്‌പെല്ലുകള്‍ എറിയാന്‍ ശേഷിയുണ്ട്. നിലവില്‍ മൂന്നു നിലവാരമുള്ള പേസര്‍മാര്‍ ഇന്ത്യന്‍ നിരയിലുണ്ട്. അതുകൊണ്ട് ഇഷാന്തായാലും സിറാജായാലും പേസ് നിലവാരം മാറുന്നില്ല. ഇരുവര്‍ക്കും നീണ്ട സ്‌പെല്ലുകള്‍ എറിയാനും ബുദ്ധിമുട്ടില്ല, ലക്ഷ്മണ്‍ അഭിപ്രായപ്പെടുന്നു.
പക്ഷെ ഇവരെക്കാളേറെ ബൗളിങ്ങില്‍ വൈവിധ്യം കൊണ്ടുവരാന്‍ കഴിയുക രവിചന്ദ്രന്‍ അശ്വിനാണ്. എതിരാളികളെ കുഴക്കുന്ന പന്തുകള്‍ അശ്വിനില്‍ നിന്നാണ് കൂടുതല്‍ കണ്ടുവരുന്നത്. എന്നാല്‍ ഇങ്ങനെയൊരു താരത്തെ വിരാട് കോലി ടീമില്‍ വേണ്ടെന്ന് തീരുമാനിക്കുന്നു; ഇതിന്റെ കാരണം മാത്രം മനസിലാകുന്നില്ല, ലക്ഷ്മണ്‍ പറയുന്നു.
എന്തായാലും ലോര്‍ഡ്‌സിലും അശ്വിന് കളിക്കാത്തതുകൊണ്ട് ഇനിയുള്ള ഇംഗ്ലണ്ട് പര്യടനത്തില്‍ താരത്തിന് അവസരം കിട്ടുമോയെന്ന കാര്യം സംശയമാണെന്ന് ലക്ഷ്മണ്‍ സൂചിപ്പിക്കുന്നുണ്ട്. ഇപ്പോഴത്തെ ടെസ്റ്റ് ലൈനപ്പ് മാറ്റാന്‍ വിരാട് കോലി അടുത്തെങ്ങും തയ്യാറായേക്കില്ല. അതുകൊണ്ട് രവിചന്ദ്രന്‍ അശ്വിന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിക്കാന്‍ കാത്തിരിക്കേണ്ടി വരും, ലക്ഷ്മണ്‍ പറഞ്ഞു.
രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.
ഇന്ത്യ: രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (നായകന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: റോറി ജോസഫ് ബേണ്‍സ്, ഡോം സിബ്ലി, ഹസീബ് ഹമീദ്, ജോ റൂട്ട് (നായകന്‍), ജോണി ബെയര്‍സ്റ്റോ, മോയീന്‍ അലി, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, ഓലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.