IND vs AUS: മെല്‍ബണില്‍ ഇന്ത്യക്കു മധുരപ്രതികാരം, കംഗാരുപ്പടയെ എട്ടു വിക്കറ്റിന് 'തീര്‍ത്തു'
മെല്‍ബണ്‍: അഡ്‌ലെയ്ഡിലെ തോല്‍വിക്ക് മെല്‍ബണില്‍ ഇന്ത്യ പകരം വീട്ടി. 70 റണ്‍സ് ലക്ഷ്യത്തിലേക്ക് നാലാം ദിനം ബാറ്റു പിടിച്ച ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ജയം കൈപ്പിടിയിലാക്കി. ഓസീസ് ബൗളര്‍മാര്‍ക്കെതിരെ ഭയരഹിതമായി നിന്ന ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ഗില്‍ 36 പന്തില്‍ 7 ബൗണ്ടറികളുടെ അകമ്പടിയോടെ 35 റണ്‍സെടുത്തു. ആദ്യ ഇന്നിങ്‌സിലെ ഹീറോ അജിങ്ക്യ രഹാനെയാണ് (40 പന്തിൽ 27) കൂടുതല്‍ വിക്കറ്റു വീഴ്ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചത്.
ലക്ഷ്യം ചെറുതെന്നിരിക്കെ മായങ്ക് അഗര്‍വാളും (15 പന്തില്‍ 5) ചേതേശ്വര്‍ പൂജാരയും (4 പന്തില്‍ 3) പെട്ടെന്ന് മടങ്ങിയത് ഇന്ത്യയെ അങ്കലാപ്പിലാക്കിയിരുന്നു. അഡ്‌ലെയ്ഡിലെ ഓര്‍മ്മ വേട്ടയാടിയ നിമിഷം. ആറാം ഓവറില്‍ രണ്ടിന് 19 എന്ന നിലയ്ക്ക് ഇന്ത്യ പരുങ്ങുമ്പോഴാണ് ശുഭ്മാന്‍ ഗില്‍ - അജിങ്ക്യ രഹാനെ സഖ്യം ക്രീസില്‍ ഒരുമിക്കുന്നത്. ശേഷം വിക്കറ്റിനായി ഒരവസരം പോലും ഓസ്‌ട്രേലിയക്ക് ലഭിച്ചില്ല.
അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലേറ്റ നാണംകെട്ട തോല്‍വിക്കു ഇന്ത്യ മെല്‍ബണില്‍ അതേ നാണയത്തില്‍ തന്നെ കണക്കുതീര്‍ത്തു. അന്നു എട്ടു വിക്കറ്റിനു ജയിച്ച ഓസീസിനെ അതേ മാര്‍ജിനില്‍ തന്നെയാണ് മെല്‍ബണില്‍ ഇന്ത്യ കെട്ടുകെട്ടിച്ചത്. ഈ വിജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തുകയും ചെയ്തു. ഇതിനേക്കാള്‍ മികച്ചൊരു തിരിച്ചുവരവ് ഇനി ഇന്ത്യക്കു നടത്താനില്ല. കാരണം ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിന് പുറത്തായി ഇന്ത്യ നാണംകെട്ടിരുന്നു. മാത്രമല്ല നായകന്‍ വിരാട് കോലി, പേസര്‍ മുഹമ്മദ് ഷമി എന്നിവരുടെ സേവനവും രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു ലഭിച്ചില്ല. ഇത്രയും മോശം അവസ്ഥയില്‍ നിന്നാണ് അജിങ്ക്യ രഹാനെ ടീമിനെ വിജയത്തിലേക്കു കൈപിടിച്ചു നടത്തിയത്.

ഓസീസ് 200 റണ്‍സിന് പുറത്ത്
ഓസീസിന്റെ രണ്ടാമിന്നിങ്‌സിന് 200 റണ്‍സില്‍ ഇന്ത്യ തിരശ്ശീലയിടുകയായിരുന്നു. ഓസീസ് നിരയില്‍ തുടരെ രണ്ടാമിന്നിങ്‌സിലും ആരെയും ഫിഫ്റ്റി തികയ്ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. കാമറോണ്‍ ഗ്രീനാണ് (45) ആതിഥേയരുടെ ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ മാത്യു വെയ്ഡ് 40 റണ്‍സെടുത്തു പുറത്തായി. മാര്‍നസ് ലബ്യുഷെയ്ന്‍ (28), പാറ്റ് കമ്മിന്‍സ് (22) എന്നിവരാണ് 20ന് മുകളില്‍ നേടിയ മറ്റു താരങ്ങള്‍. ഒന്നാമിന്നിങ്‌സില്‍ 132 റണ്‍സിന്റെ മികച്ച ലീഡ് ഇന്ത്യക്കുണ്ടായിരുന്നു.
ഇന്ത്യക്കു വേണ്ടി ബൗള്‍ ചെയ്ത അഞ്ചു പേര്‍ക്കും വിക്കറ്റ് ലഭിച്ചു. മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇക്കൂട്ടത്തില്‍ മികച്ചുനിന്നത്. ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തപ്പോള്‍ പരിക്കേറ്റു മടങ്ങുന്നതിനു മുമ്പ് ഉമേഷ് യാദവിനു ഒരു വിക്കറ്റ് ലഭിച്ചു.

ആദ്യ ബ്രേക്ക്ത്രൂ ബുംറയുടെ വക
ആറു വിക്കറ്റിന് 133 റണ്‍സെന്ന നിലയിലായിരുന്നു നാലാം ദിനം ഓസ്‌ട്രേലിയ ബാറ്റിങ് പുനരാരംഭിച്ചത്. കാമറോണ്‍ ഗ്രീനും (17*) പാറ്റ് കമ്മിന്‍സുമായിരുന്നു (15*) ക്രീസില്‍. ന്യൂബോളില്‍ ഇന്ത്യക്കു ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കിയത് ജസ്പ്രീത് ബുംറയായിരുന്നു. ടീം സ്‌കോര്‍ 156ല്‍ വച്ച് കമ്മിന്‍സിനെ ബുംറ പുറത്താക്കി. 103 ബോളുകളില്‍ നിന്നും ഒരു ബൗണ്ടറിയോടെ 22 റണ്‍സെടുത്ത കമ്മിന്‍സിനെ മായങ്ക് അഗര്‍വാള്‍ ക്യാച്ചെടുക്കുകയായിരുന്നു.
പിന്നീട് വളരെ പെട്ടെന്നാണ് ഓസീസീനിന്റെ 'വാല്‍' ഇന്ത്യ മുറിച്ചത്. 177ല്‍ ആതിഥേയരുടെ എട്ടാം വിക്കറ്റും വീണു. ടീമിനിന്റെ ടോപ്‌സ്‌കോററായ കാമറോണ്‍ ഗ്രീനാണ് എട്ടാമനായി മടങ്ങിയത്. സിറാജിനായിരുന്നു ഈ വിക്കറ്റ്. രവീന്ദ്ര ജഡേജയ്ക്കു ക്യാച്ച് നല്‍കിയാണ് ഗ്രീന്‍ ക്രീസ് വിട്ടത്. പുള്‍ ഷോട്ടിനായിരുന്നു താരത്തിന്റെ ശ്രമം. എന്നാല്‍ ടൈമിങ് പിഴച്ച് വായുവിലുയര്‍ന്ന ബോള്‍ മിഡ് വിക്കറ്റില്‍ ജഡേജയുടെ കൈകളിലൊതുങ്ങി. ഒമ്പതാം വിക്കറ്റും അരങ്ങേറ്റക്കാരാനായ സിറാജിനു തന്നെയായിരുന്നു. ഷോട്ടിനു ശ്രമിച്ച ലിയോണിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ റിഷഭ് പന്ത് അനായാസം പിടികൂടുകയായിരുന്നു. 15 ബോളുകള്‍ നേരിട്ട ലിയോണിന് മൂന്നു റണ്‍സ് മാത്രമാണ് നേടാനായത്.

രഹാനെയും ജഡേജയും
നേരത്തേ ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 195 റണ്‍സിനു മറുപടിയില്‍ നായകന്‍ അജിങ്ക്യ രഹാനെയുടെ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ 326 റണ്‍സെടുത്തു. 112 റണ്‍സുമായാണ് രഹാനെ ടീമിന്റെ അമരക്കാരനായത്. 223 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 12 ബൗണ്ടറികളുള്‍പ്പെട്ടിരുന്നു. രവീന്ദ്ര ജഡേജ (57), അരങ്ങേറ്റക്കാരന്‍ മായങ്ക് അഗര്‍വാള്‍ (45) എന്നിവരുടെ പ്രകടനവും ഇന്ത്യക്കു നിര്‍ണായക ലീഡ് നേടിത്തരാന്‍ സഹായിച്ചു.
ആദ്യ ഇന്നിങ്‌സില്‍ ഓസീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഉജ്ജ്വല ബൗളിങിലൂടെ വരിഞ്ഞുകെട്ടുകയായിരുന്നു. ഒരാളെപ്പോലും ഫിഫ്റ്റി തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. മാര്‍നസ് ലബ്യുഷെയ്ന്‍ 48 റണ്‍സുമായി ഓസീസിന്റെ ടോപ്‌സ്‌കോററായി. ട്രാവിസ് ഹെഡും (38) മാത്യു വെയ്ഡുമാണ് (30) മറ്റു പ്രധാന സ്‌കോറര്‍മാര്‍. നാലു വിക്കറ്റെടുത്ത ബുംറയും മൂന്നു വിക്കറ്റ് വീഴ്ത്തിയ അശ്വിനും ചേര്‍ന്നാണ് ഓസീസിനെ തകര്‍ത്തത്. സിറാജിനു രണ്ടു വിക്കറ്റ് ലഭിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications