
ഇന്ത്യ വിജയിക്കും
ഓവലില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ വിജയിക്കുമെന്നാണ് ചോപ്രയുടെ പ്രവചനം. ഈ ടെസ്റ്റില്‍ ഞാന്‍ ഇന്ത്യയോടൊപ്പമാണ്. ഇന്ത്യ ജയിക്കുമെന്ന് തന്നെയാണ് താന്‍ പറയുകയെന്ന് ചോപ്ര വ്യക്തമാക്കി.
എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് മോശം ടെസ്റ്റ് റെക്കോര്‍ഡാണ് ഓവലിലേത്. ഒരേയൊരു ടെസ്റ്റില്‍ മാത്രമേ ഇന്ത്യക്കു ഇതുവരെ ഇവിടെ വിജയിക്കാനായിട്ടുള്ളൂ. ഇതാവട്ടെ 1971ലുമായിരുന്നു. കഴിഞ്ഞ 50 വര്‍ഷമായി ഓവലില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ടെസ്റ്റ് വിജയം നേടിയിട്ടുമില്ല.

ആദ്യം ബാറ്റിങ്
ഓവല്‍ ടെസ്റ്റില്‍ ടോസ് ലഭിക്കുന്ന ടീം ബാറ്റ് ചെയ്യാനായിരിക്കും ശ്രമിക്കുകയെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ടോസിനു ശേഷം ബാറ്റ് ചെയ്യുന്നത് ഒരു മോശം ഐഡിയയല്ല. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ടോസ് ലഭിച്ച ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യണമായിരുന്നു. കാരണം രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് അത്ര എളുപ്പമല്ല. ആദ്യം ബാറ്റ് ചെയ്ത ശേഷം വലിയ ടോട്ടല്‍ നേടാനായാല്‍ അതു ഏതു ടീമിനും മല്‍സരത്തില്‍ മുന്‍തൂക്കം നല്‍കുമെന്നും ചോപ്ര വിശദമാക്കി.
ലീഡ്‌സിലെ മൂന്നാം ടെസ്റ്റില്‍ ടോസ് ഇന്ത്യക്കായിരുന്നു. എട്ടു ടെസ്റ്റുകള്‍ക്കു ശേഷം കോലി ഇംഗ്ലണ്ടില്‍ ആദ്യമായി നേടിയ ടോസ് കൂടിയായിരുന്നു ഇത്. പക്ഷെ ബാറ്റിങ് തിരഞ്ഞെടുത്ത അദ്ദേഹത്തിന്റെ തീരുമാനം ദുരന്തത്തില്‍ കലാശിച്ചിരുന്നു. വെറും 78 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായിരുന്നു. ഇതാണ് മല്‍സരഗതി തന്നെ ഇംഗ്ലണ്ടിനു അനുകൂലമാക്കിയത്.

സ്പിന്നര്‍മാര്‍ തിളങ്ങും
ആദ്യത്തെ മൂന്നു ടെസ്റ്റുകളെ അപേക്ഷിച്ച് ഓവലില്‍ സ്പിന്നര്‍മാര്‍ കൂടുതല്‍ ശ്രദ്ധേയമായ പ്രകടനം നടത്തുമെന്ന് ചോപ്ര വിലയിരുത്തി. കഴിഞ്ഞ ടെസ്റ്റുകളിലേത് പോലെയായിരിക്കില്ല സ്പിന്നര്‍മാര്‍ക്ക് ഓവല്‍. അഞ്ചാമത്തെയും അവസാനത്തെയും ദിനത്തിലേക്കു മല്‍സരം നീങ്ങുകയാണെങ്കില്‍ സ്പിന്നര്‍മാര്‍ ആറില്‍ക്കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തും. ആരൊക്കെയായിരിക്കും സ്പിന്നര്‍മാര്‍- മോയിന്‍ അലി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ അല്ലെങ്കില്‍ മറ്റാരെങ്കലുമാവുമോയെന്നും ചോപ്ര ചോദിച്ചു.

ബാറ്റിങ് എളുപ്പമാവും
ലഞ്ച് ബ്രേക്കിനു ശേഷമുള്ള രണ്ടാം സെഷനിലായിരിക്കും ഇരുടീമുകളിലെയും ബാറ്റ്‌സ്മാന്‍മാര്‍ക്കു കൂടുതല്‍ റണ്ണെടുക്കാനാവുകയെന്നു ചോപ്ര നിരീക്ഷിച്ചു. ഓവല്‍ ഗ്രൗണ്ടില്‍ ഓരോ ദിനവും രണ്ടാം സെഷനിലായിരിക്കും ഇരുടീമുകളിലെയും ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ റണ്‍സെടുക്കുന്നത്. മധ്യ ഓവറുകളില്‍ പഴയ ബോള്‍, ഫ്‌ളാറ്റ് പിച്ച്, കൂടുതല്‍ സ്പിന്‍ എന്നിവയെല്ലാം ഒത്തുവരുമ്പോള്‍ കൂടുതല്‍ റണ്ണെടുക്കാന്‍ ഉചിതമായ സമയവും ഇതാണെന്നു ചോപ്ര ചൂണ്ടിക്കാട്ടി.

ഓവലിലെ റെക്കോര്‍ഡ്
ടെസ്റ്റില്‍ ഇന്ത്യക്കു ഏറ്റവും മോശം റെക്കോര്‍ഡുള്ള വേദികളിലൊന്നാണ് ഓവല്‍. ഈ ചരിത്രം അടുത്ത ടെസ്റ്റില്‍ തിരുത്തണമെങ്കില്‍ വിരാട് കോലിക്കും സംഘത്തിനും അസാധാരണ പ്രകടനം തന്നെ കാഴ്ചവയ്‌ക്കേണ്ടിവരും. 14 ടെസ്റ്റുകളാണ് ഇതുവരെ ഓവലില്‍ ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ ഒന്നില്‍ മാത്രമേ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിട്ടുള്ളൂ. അഞ്ചു ടെസ്റ്റുകളില്‍ ഇന്ത്യ പരാജയം രുചിച്ചപ്പോള്‍ ഏഴെണ്ണം സമനിലയിലും കലാശിക്കുകയായിരുന്നു. 1971ലായിരുന്നു ഈ വേദിയില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ ആദ്യമായും അവസാനമായും പരാജയപ്പെടുത്തിയത്.


Click it and Unblock the Notifications











