ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടെസ്റ്റ്: കോലിയുടെ സ്പിന്‍ കെണിയില്‍ വീണ് പ്രോട്ടീസ് നിര
വിശാഖപട്ടണം: ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിലെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ കോലിപ്പടയ്ക്ക് സമ്പൂര്‍ണ ആധിപത്യം. സ്‌കോര്‍ബോര്‍ഡില്‍ ഇന്ത്യ കുറിച്ച 502 റണ്‍സിലേക്കാണ് ആദ്യ ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്ക ബാറ്റു വീശുന്നത്. പക്ഷെ ഇതിനകം മൂന്നു വിക്കറ്റുകള്‍ സന്ദർശകർക്ക് നഷ്ടമായിക്കഴിഞ്ഞു. ഓപ്പണര്‍ ഡീന്‍ എല്‍ഗാറും ടെമ്പ ബവൂമയുമാണ് ക്രീസില്‍. അവസാന സെഷനില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച പ്രോട്ടീസ് നിരയെ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും കൂടിയാണ് കറക്കി വീഴ്ത്തിയത്. അശ്വിന് രണ്ടു വിക്കറ്റുകളുണ്ട്. ജഡേജയ്ക്ക് ഒന്നും. നിലവില്‍ 463 റണ്‍സിന് പിന്നിലാണ് ദക്ഷിണാഫ്രിക്ക.

നേരത്തെ, ഇന്ത്യ ഏഴു വിക്കറ്റിന് 502 റണ്‍സെടുത്ത് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളിന്റെയും (215) രോഹിത് ശര്‍മയുടെയും (176) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. മായങ്ക് കന്നി ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയുമാണ് മല്‍സരത്തില്‍ കുറിച്ചതെങ്കില്‍ ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ രോഹിത് സെഞ്ച്വറിയുമായി കസറുകയായിരുന്നു.

371 പന്തില്‍ 23 ബൗണ്ടറികളും ആറു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു മായങ്കിന്റെ ഇന്നിങ്‌സെങ്കില്‍ രോഹിത് 244 പന്തില്‍ ഇത്ര തന്നെ ബൗണ്ടറികളും സിക്‌സറും പായിച്ചു. രവീന്ദ്ര ജഡേജ 30 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ വൃധിമാന്‍ സാഹ (21), ക്യാപ്റ്റന്‍ വിരാട് കോലി (20) എന്നിവര്‍ക്കു കാര്യമായ സംഭാവന നല്‍കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സ്പിന്നര്‍ കേശവ് മഹാരാദ് മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. റിഷഭ് പന്തിനു പകരം വെറ്ററന്‍ താരം വൃധിമാന്‍ സാഹയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രണ്ടു ടെസ്റ്റുകളിലും അവസരം ലഭിക്കാതിരുന്ന വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി.

റെക്കോര്‍ഡ് കൂട്ടുകെട്ട്
റെക്കോര്‍ഡ് കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ രോഹിതും മായങ്കും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ആദ്യ വിക്കറ്റില്‍ ഈ സഖ്യം 317 റണ്‍സ് അടിച്ചെടുത്തു. ഡബിള്‍ സെഞ്ച്വറി ലക്ഷ്യമിട്ട് കളിച്ച രോഹിത്തിനെയാണ് ഇന്ത്യക്കു ആദ്യം നഷ്ടമായത്. വമ്പനടിക്കു ശ്രമിച്ച ഹിറ്റ്മാനെ മഹാരാജിന്റെ ബൗളിങില്‍ ഡികോക്ക് സ്റ്റംപ് ചെയ്യുകയായിരുന്നു.

പുജാര പെട്ടെന്നു മടങ്ങി
ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാരയ്ക്കു കളിയില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. വെറും ആറ് റണ്‍സ് മാത്രമേ പുജാരയ്ക്കു നേടാന്‍ കഴിഞ്ഞുള്ളൂ. 17 പന്തില്‍ ഒരു ബൗണ്ടറിയോടെ ആറു റണ്‍സ് നേടിയ പുജാരയെ ഫിലാന്‍ഡര്‍ ബൗള്‍ഡാക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുള്ളത് 324 റണ്‍സ്.

നിരാശപ്പെടുത്തി കോലിയും
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യന്‍ നായകന്‍ കോലിയും വലിയ ഇന്നിങ്‌സ് കളിക്കാനാവാതെയാണ് ക്രീസ് വിട്ടത്. മായങ്ക് - കോലി സഖ്യം 53 റണ്‍സിന്റെ കൂട്ടുകെട്ടുമായി കരുത്താര്‍ജിക്കവെയാണ് ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുന്നത്. 40 ്പന്തില്‍ നാലു ബൗണ്ടറികളോടെ 20 റണ്‍സെടുത്ത കോലിയെ ഇന്ത്യന്‍ വംശജനായ സേനുരാന്‍ മുത്തുസ്വാമി സ്വന്തം ബൗളിങില്‍ പിടികൂടി.

രഹാനെ, പിന്നാലെ മായങ്ക്
ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രഹാനെയും കളിയില്‍ ടീമിന്റെ ഹീറോയായ മായങ്കും പുറത്തായത് അടുത്തടുത്ത ഓവറുകളിലായിരുന്നു. രഹാനെയാണ് നാലാമനായി ക്രീസ് വിട്ടത്. 15 റണ്‍സ് നേടിയ രഹാനെയെ മഹാരാജിന്റെ ബൗളിങില്‍ ബഹുമ പിടികൂടി. ടീം സ്‌കോറിലേക്ക് അഞ്ചു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മായങ്കിന്റെ ഉജ്ജ്വല ഇന്നിങ്‌സിലും തിരശീല വീണു. 215 റണ്‍സെടുത്ത മായങ്കിനെ പവലിയനിലേക്കു മടക്കിയത് ഡീന്‍ എല്‍ഗറായിരുന്നു. ഇന്ത്യ ആറിന് 436.

വിഹാരി, സാഹ
വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ വിഹാരിക്ക് ഇത്തവണ ഇതാവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. 10 റണ്‍സ് മാത്രമാണ് വിഹാരിക്കു നേടാന്‍ കഴിഞ്ഞത്. മഹാരാജ് തന്നെയാണ് വിഹാരിയെയും മടക്കിയത്.
റിഷഭ് പന്തിനു പകരം മുഖ്യ വിക്കറ്റ് കീപ്പറായി ടീമിലെത്തിയ വൃധിമാന്‍ സാഹ ഭേദപ്പെട്ട രീതിയില്‍ തുടങ്ങിയെങ്കിലും അത് വലിയ ഇന്നിങ്‌സിലേക്കു മാറ്റുന്നതില്‍ പരാജയപ്പെട്ടു. 16 പന്തില്‍ നാലു ബൗണ്ടറികളോടെ 21 റണ്‍സെടുത്ത സാഹയെ പുറത്താക്കിയത് പിയെഡെറ്റാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications