മിഷന്‍ ആഫ്രിക്ക: കോലിക്കൂട്ടം കേപ്ടൗണിലേക്ക്... ശിക്കാറിന് ധവാനും, ഒന്നാംടെസ്റ്റ് വെള്ളി മുതല്‍
കേപ്ടൗണ്‍: ചരിത്രനിയോഗവുമായി ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ ദൗത്യത്തിന് വെള്ളിയാഴ്ച തുടക്കമാവുകയാണ്. ഇതുവരെ ആഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലാത്ത ഇന്ത്യ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വിരാട് കോലിയുടെ നായകത്വത്തില്‍ 2017ല്‍ നടത്തിയ വിജയക്കുതിപ്പ് നടത്തിയ ഇന്ത്യ ഈ വര്‍ഷവും ഇതു തുടരാമെന്ന പ്രതീക്ഷയിലാണ്.
എന്നാല്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ വെടിയുണ്ട കണക്കെ പന്ത് ചീറിപ്പായുന്ന പിച്ചില്‍ പിടിച്ചുനില്‍ക്കുക ഇന്ത്യക്കു എളുപ്പമാവില്ല. തങ്ങളുടെ സാഹചര്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ചുറ്റുപാടാണ് ഇന്ത്യക്കു ദക്ഷിണാഫ്രിക്കയില്‍ അതിജീവിക്കേണ്ടത്. പേസും ബൗണ്‍സുമുള്ള പിച്ചില്‍ പരമാവധി നേരം ക്രീസില്‍ നിന്ന് സ്‌കോര്‍ നേടുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ മറ്റു വഴികളില്ല. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു രണ്ടു മണിക്കാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

മൂന്നു ടെസ്റ്റുകള്‍
മൂന്നു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. അതുകൊണ്ടു തന്നെ ആദ്യ ടെസ്റ്റില്‍ ജയിച്ച് പരമ്പരയില്‍ മുന്‍തൂക്കം നേടാവാവും ഇരുടീമിന്റെയും ശ്രമം. കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. രണ്ടാം ടെസ്റ്റ് ജനുവരി 13 മുതല്‍ 17വരെ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കിലാണ്.
മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനു വേദിയാവുക ജൊഹാന്നസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയമാണ്. ജനുവരി 24 മുതല്‍ 28 വരെയാണ് ആ മല്‍സരം.
ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ആറ് ഏകദിനങ്ങളും രണ്ടു ടി20 മല്‍സരങ്ങളും കൂടി ഇന്ത്യ ദക്ഷിണമാഫ്രിക്കയില്‍ കളിക്കുന്നുണ്ട്. ഫെബ്രുവരി 24നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം അവസാനിക്കുന്നത്.

ശിക്കാര്‍ നടത്താന്‍ ധവാനെത്തും
പരിക്കു മൂലം വിശ്രമത്തിലായിരുന്ന ഓപ്പണര്‍ ശിഖര്‍ ധവാന്‍ നേരത്തേ ഒന്നാം ടെസ്റ്റില്‍ കളിക്കുന്ന കാര്യം സംശയത്തിലായിരുന്നു. എന്നാല്‍ ധവാന്‍ ഫിറ്റ്‌നസ് വീണ്ടെടുത്തുവെന്നും ആദ്യ ടെസ്റ്റില്‍ കളിക്കുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ധവാന്റെ തിരിച്ചുവരവ് ഇന്ത്യക്കു വലിയ ആശ്വാസമാവും. വിദേശ പിച്ചുകളില്‍ സ്‌കോര്‍ നേടാന്‍ മിടുക്കുള്ള ചുരുക്കം ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് ധവാന്‍.
ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുന്നതിനു തൊട്ടുമുമ്പാണ് ധവാന്റെ കണംകാലിന് ചെറുതായി പരിക്കേറ്റത്. ടീം ഹോട്ടലില്‍ വീണതിനെ തുടര്‍ന്നായിരുന്നു പരിക്ക്.

ലങ്കയ്‌ക്കെതിരേ തിളങ്ങി
ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന അവസാന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ ധവാന്‍ ഇന്ത്യക്കായി കളിച്ചിരുന്നു. രണ്ടു ടെസ്റ്റുകളില്‍ 48.00 ശരാശരിയില്‍ 192 റണ്‍സും അദ്ദേഹം നേടിയിരുന്നു.
മികച്ച ഫോം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ആവര്‍ത്തിക്കുകയാവും ഇടംകൈയന്‍ ഓപ്പണറുടെ ശ്രമം. കഴിഞ്ഞ വര്‍ഷം ഇന്ത്യ ഇംഗ്ലണ്ടില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കളിച്ചപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായിരുന്നു ധവാന്‍. 338 റണ്‍സാണ് താരം അടിച്ചെടുത്തത്.

ജഡേജ കളിച്ചേക്കില്ല
ധവാന്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തിയെങ്കിലും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് അസുഖം പിടിപെട്ടത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി വൈറല്‍ അസുഖം പിടിപെട്ട ജഡേജ വിശ്രത്തിലാണെന്ന് ബിസിസിഐ തന്നെയാണ് അറിയിച്ചിരിക്കുന്നത്. വിദഗ്ധ ചികില്‍സയ്ക്കായി താരത്തെ ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. അങ്ങനെയാണങ്കില്‍ ഒന്നാം ടെസ്റ്റില്‍ താരത്തിന്റെ സേവനം ലഭിക്കാനുള്ള സാധ്യത കുറവാണ്.

നാലു ബൗളര്‍മാരെ കളിപ്പിക്കും
ഇന്ത്യയിലേതു പോലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് അല്ലാത്തതിനാല്‍ മൂന്നു പേസര്‍മാരെയും ഒരു സ്പിന്നറെയും ഉള്‍പ്പെടുത്തിയുള്ള ബൗളിങ് കോമ്പിനേഷനായിരിക്കും ഇന്ത്യ ഒന്നാം ടെസ്റ്റില്‍ പരീക്ഷിക്കാന്‍ സാധ്യത. പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മയ്‌ക്കൊപ്പം മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പേസര്‍മാരായി ടീമിലെത്തിയേക്കും.
ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ആര്‍ അശ്വിനായിരിക്കും ടീമിലെ ഏക സ്പിന്നര്‍.

ടീമിനെ പരിചയപ്പെട്ടാം
ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, പാര്‍ഥിവ് പട്ടേല്‍, ചേതേശ്വര്‍ പുജാര, ലോകേഷ് രാഹുല്‍, വൃധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ, രോഹിത് ശര്‍മ, മുരളി വിജയ്, ഉമേഷ് യാദവ്.
ദക്ഷിണാഫ്രിക്ക: ഫഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), ഹാഷിം അംല, തെംബ ബവുമ, ത്യുനിസ് ഡി ബ്രുയ്ന്‍, ക്വിന്റണ്‍ ഡി കോക്ക്, എബി ഡിവില്ലിയേഴ്‌സ്, ഡീന്‍ എല്‍ഗര്‍, കേശവ് മഹാരാജ്, എയ്ഡന്‍ മര്‍ക്രാം, മോര്‍നെ മോര്‍ക്കല്‍, ക്രിസ് മോറിസ്, ആന്‍ഡില്‍ ഫെലുക്കായോ, വെര്‍ണോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാദ, ഡെയ്ല്‍ സ്‌റ്റെയ്ന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications