ദൈര്‍ഘ്യമേറിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സമാപിച്ചതോടെ ഇനി ഇന്ത്യയുടെ അടുത്ത പ്രധാന ദൗത്യം ഐസിസി ചാംപ്യന്‍സ് ട്രോഫിയാണ്. കൂടാതെ അതിനു മുമ്പ് ഇംണ്ടുമായുള്ള വൈറ്റ് ബോള്‍ പരമ്പരകളും നാട്ടില്‍ ഇന്ത്യയെ കാത്തിരിക്കുകയാണ്. അഞ്ചു ടി20കളും മൂന്നു ഏകദിനങ്ങളുമാണ് ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ ഇന്ത്യ കളിക്കുന്നത്. ഈ മാസം 22 മുതലാണ് ടി20 പരമ്പര തുടങ്ങുന്നത്. അതിനു ശേഷമാണ് ഫെബ്രുവരി ആറു മുതല്‍ ഏദിന പരമ്പര.
തുടര്‍ന്ന് ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീം യുഎഇയിലേക്കു പറക്കുകയും ചെയ്യും. ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ടൂര്‍ണമെന്റ് നടക്കാനിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള പരമ്പരകള്‍ക്കും ചാംപ്യന്‍സ് ട്രോഫിക്കുമുള്ള ടീമുകളെ ഒരുമിച്ച് പ്രഖ്യാപിക്കാനുളള നീക്കത്തിലാണ് ബിസിസിഐ. കാരണം ഈ മാസം 12നുള്ളില്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിന്റെ ലിസ്റ്റ് ഐസിസിക്കു സമര്‍പ്പിക്കേണ്ടതുണ്ട്.

നിര്‍ണായക യോഗം
ചാംപ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ടുമായുള്ള ടി20, ഏകദിന പരമ്പരകള്‍ക്കുമുള്ള ടീമുകളുടെ സെലക്ഷനുമായി ബന്ധപ്പെട്ടുള്ള ഇന്ത്യന്‍ സെലക്ടര്‍മാരുടെ നിര്‍ണായക യോഗം ഇന്ന് (ജനുവരി 6) നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഞായറാഴ്ച സമാപിച്ചതോടെയാണ് ബിസിസിഐ ഇന്നു തന്നെ യോഗം വിളിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
ഇന്ത്യന്‍ ടീമില്‍ കാര്യമായ സര്‍പ്രൈസുകളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചില കളിക്കാര്‍ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഇവരെ ടീമിലുള്‍പ്പെടുത്താനുള്ള സാധ്യതയും കൂടുതലാണ്.
രോഹിത് തന്നെ നയിക്കും
ബാറ്ററെന്ന നിലയില്‍ കരിയറിലെ ഏറ്റവും മോശം ഫോമിലാണ് ഇപ്പോഴുളളതെങ്കിലും ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ തന്നെയായിരിക്കും ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ നയിക്കുകയെന്നു ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ഇംഗ്ലണ്ടുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ അദ്ദേഹം കളിക്കുമോയെന്ന കാര്യം സംശയമാണ്.
രോഹിത്തിനു ഈ പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനം പരിഗണിക്കുമ്പോള്‍ ഇതിനുള്ള സാധ്യതയും കുറവാണ്. പകരം ഈ പരമ്പരയില്‍ കളിച്ച് ഫോം വീണ്ടെടുക്കാനുള്ള അവസരം നല്‍കാനായിരിക്കും സെലക്ടര്‍മാരുടെ പ്ലാന്‍.
പക്ഷെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഇംഗ്ലണ്ടുമായുള്ള രണ്ടു പരമ്പരകളിലും വിശ്രമം നല്‍കുമെന്നു ഉറപ്പാണ്. ചാംപ്യന്‍സ് ട്രോഫിയില്‍ മാത്രമേ ഇനി അദ്ദേഹം ടീമിനൊപ്പം ചേരാന്‍ സാധ്യതയുള്ളൂ.
സഞ്ജു ഒരു ടീമില്‍ മാത്രം
കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി ടി20യില്‍ മിന്നുന്ന പ്രകടനം നടത്തിയ സഞ്ജു സാംസണിനെ ഇന്ത്യയുടെ ഒരു ടീമില്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ സാധ്യതയുളളൂ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ മാത്രമേ അദ്ദേഹമുണ്ടാവുകയുള്ളൂവെന്നാണ് വിവരം. തുടര്‍ന്നുള്ള ഏകദിന പരമ്പരയിലും ചാംപ്യന്‍സ് ട്രോഫിയിലും സഞ്ജുവിനെ തഴഞ്ഞേക്കും.
ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിനായി കളിക്കാതിരുന്നതും അദ്ദേഹത്തിനു തിരിച്ചടിയാണ്. ഈ ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനം നടത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ ഏകദിന ടീമുകളിലേക്കു അദ്ദേഹത്തിന് അവകാശവാദമുന്നയിക്കാന്‍ സാധിക്കുമായിരുന്നു.

എന്നാല്‍ റിഷഭ് പന്തിനു ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലും ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും ടീമില്‍ ഇടം ലഭിക്കും. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും റിഷഭ് തന്നെ ആയേക്കും.
ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു കെഎല്‍ രാഹുലിനാണ് പ്രഥമ പരിഗണന. 2023ലെ ഐസിസി ഏകദിന ലോകകപ്പ് റിഷഭിനു നഷ്ടമായപ്പോള്‍ മുഴുവന്‍ മല്‍സങ്ങളിലും രാഹുലായിരുന്നു വിക്കറ്റ് കാത്തത്.
അര്‍ഷ്ദീപിനു നറുക്കുവീഴും
നിലവില്‍ ഇന്ത്യന്‍ ടി20 ടീമിലെ അവിഭാജ്യ ഘടകമായ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനെ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡിലും ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടി20യില്‍ ഇന്ത്യക്കു വേണ്ടി കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറാണ് അര്‍ഷ്ദീപ്. ഇതാണ് ചാംപ്യന്‍സ് ട്രോഫി ടീമിലും താരത്തെ ഫേവറിറ്റാക്കി മാറ്റിയിരിക്കുന്നത്.
കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ കസറുന്ന മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും ചാംപ്യന്‍സ് ട്രോഫി ടീമില്‍ സ്ഥാനമുറപ്പാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പകളിലും അദ്ദേഹത്തെ കാണാനായേക്കും. എന്നാല്‍ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തുമോയെന്നതു സംശയമാണ്.