മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിവരുന്നു. പരിക്കിനെ തുടര്‍ന്നു ആറു മാസത്തോളം ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. ഈ മാസമവസാനം നടക്കാനിരിക്കുന്ന ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റിലൂടെയായിരിക്കും ഹാര്‍ദിക്കിന്റെ മടങ്ങിവരവ്. റിലയന്‍സ് ടീമിനു വേണ്ടിയായിരിക്കും താരം കളിക്കുക.
പുറംഭാഗത്തിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം സപ്തംബറിനു ശേഷം ഹാര്‍ദിക് കളിച്ചിട്ടില്ല. ഒക്ടോബറില്‍ ലണ്ടനില്‍ വച്ചു താരം ശസ്ത്രക്രിയക്കു വിധേയനായിരുന്നു. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള കഠിനാധ്വാനത്തിലാണ് ഹാര്‍ദിക്. ഒരു ദേശീയ മാധ്യമമാണ് അദ്ദേഹം ഈ മാസമവസാനം തന്നെ കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അണ്ടര്‍ 19 ലോകകപ്പ്: കുഴപ്പക്കാരെ വെറുതെ വിടരുത്, കടുത്ത നടപടി വേണം!! ആഞ്ഞടിച്ച് കപിലും അസ്ഹറും
മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുന്ന ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പം തന്റെ യഥാര്‍ഥ ഫോമിലേക്കു മടങ്ങിയെത്താനായിരിക്കും ഹാര്‍ദിക്കിന്റെ ശ്രമം. ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ അദ്ദേഹത്തിനു ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.
ഇപ്പോള്‍ നടക്കുന്ന ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ കളിച്ചു കൊണ്ട് ഹാര്‍ദിക് മടങ്ങിയെത്തുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. ഡിസംബറില്‍ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താരത്തെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഫിറ്റ്നസ് വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ടതോടെ പര്യടനത്തില്‍ നിന്നും ഹാര്‍ദിക് പിന്മാറുകയായിരുന്നു.