IND vs SL: ഇന്ത്യ ബി ടീമോ? ലങ്കയ്ക്ക് എന്ത് അര്‍ഹത? ലോകകപ്പ് ബെര്‍ത്ത് പോലും ഉറപ്പില്ലെന്നു ചോപ്ര
ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ ബി ടീമിനെതിരേ കളിക്കുന്നത് തങ്ങളുടെ ക്രിക്കറ്റിനെ അപമാനിക്കുന്നതിനു തുല്യമാണെന്ന മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയുടെ വിമര്‍ശനങ്ങള്‍ക്കെതിരേ ആകാശ് ചോപ്ര രംഗത്ത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര തുറന്നടിച്ചത്. ശിഖര്‍ ധവാനാണ് ഇന്ത്യയെ ലങ്കയില്‍ നയിക്കുന്നത്. മൂന്നു വീതം ഏകദിന, ടി20 പരമ്പകളാണ് ലങ്കയില്‍ ഇന്ത്യക്കു ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ രണ്ടാംനിര ടീം ലങ്കയിലേക്കു വന്നത് ലങ്കന്‍ ക്രിക്കറ്റിനു അപമാനമാണെന്നും ടെലിവിഷന്‍ മാര്‍ക്കറ്റിങ് മുന്നില്‍കണ്ടത് ഇതിനു സമ്മതം മൂളിയ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭരണാധികാരികളാണ് തെറ്റുകാരെന്നുമായിരുന്നു രണതുംഗയുടെ വിമര്‍ശനം. ഇതിനു പിന്നാലെ ഇന്ത്യയുടെത് ബി ടീം അല്ലെന്നു ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു.

ഇതു ബി ടീമോ?
ഇന്ത്യയുടെ മെയിന്‍ ടീമല്ല ലങ്കയിലെത്തിയിരിക്കുന്നത് എന്നതു ശരി തന്നെയാണ്. വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരെപ്പോലുള്ളവര്‍ ഈ ടീമില്‍ ഇല്ല. പക്ഷെ ഇതു ശരിക്കും ബി ടീമാണോയെന്നും ചോപ്ര ചോദിക്കുന്നു.
ലങ്കന്‍ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ അവരേക്കാള്‍ മല്‍സരപരിചയമുള്ളതാണ് ഇന്ത്യന്‍ സംഘമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

471 ഏകദിനങ്ങളില്‍ കളിച്ചു
ലങ്കയിലെ ഇന്ത്യയുടെ ഏകദിന സാധ്യതാ ഇലവനിലെ എല്ലാവരും കൂടി 471 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഇതു ഇന്ത്യയുടെ ഫസ്റ്റ് ടീമല്ല. എന്നാല്‍ ശ്രീലങ്ക ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ അവരെല്ലാവരും കൂടി എത്ര മല്‍സരങ്ങളില്‍ കളിച്ചെന്നറിയാന്‍ താല്‍പ്പര്യമുണ്ടെന്നും ചോപ്ര വ്യക്തമാക്കി.

ഒരു ഓപ്ഷന്‍ മാത്രം
ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ക്വാറന്റീന്‍ നിബന്ധനകള്‍ പാലിച്ച് ഇന്ത്യയുടെ പ്രധാന ടീമിന് ശ്രീലങ്കയില്‍ പര്യടനം നടത്തുകയെന്നത് അസാധ്യമാണെന്നു ചോപ്ര പറഞ്ഞു. ബിസിസിഐയ്ക്കു മുന്നിലുള്ള മറ്റൊരു ഓപ്ഷന്‍ ടീമിനെ ലങ്കയിലേക്കു അയക്കാതിരിക്കുകയെന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലെത്തിയ കോലിയും സംഘവും ഇനി അടുത്ത മാസം ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയും കളിക്കുന്നുണ്ട്.

ശ്രീലങ്ക സ്വയം വിലയിരുത്തണം
ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ അവസ്ഥ ഇപ്പോള്‍ എന്താണെന്നു വിമര്‍ശനങ്ങളുന്നയിക്കുന്നതിനു മുമ്പ് സ്വയം വിലയിരുത്തണമെന്നും രണതുംഗയുടെ പേര് പരാമര്‍ശിക്കാതെ ചോപ്ര തുറന്നടിച്ചു.
ലങ്ക സ്വയം തങ്ങളിലേക്കു തന്നെ ഒന്നു നോക്കണം. സത്യസന്ധമായി പറഞ്ഞാല്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ അഫ്ഗാനിസ്താന്‍ പോലും യോഗ്യതാ മല്‍സരങ്ങള്‍ കളിക്കുന്നില്ല. പക്ഷെ ലങ്കയ്ക്കു യോഗ്യത നേടണമെങ്കില്‍ യോഗ്യതാ റൗണ്ട് കളിക്കണം. ഇതു യാഥാര്‍ഥ്യമാണ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ഇപ്പോള്‍ പതറുകയാണെന്നു കണക്കുകള്‍ നോക്കിയാല്‍ വ്യക്തമാവുമെന്ന് ചോപ്ര കൂട്ടിച്ചേര്‍ത്തു.

യോഗ്യത ലഭിച്ചേക്കില്ല
ശ്രീലങ്ക ഒരുപക്ഷെ ടി20 ലോകകപ്പിനു യോഗ്യത പോലും നേടിയേക്കില്ല. പ്രധാന ഡ്രോയിലേക്കും അവര്‍ വന്നേക്കില്ല. സൂപ്പര്‍ 12ലും നിങ്ങള്‍ ഉണ്ടായേക്കില്ല. ഇതും യാഥാര്‍ഥ്യമാണ്. അഫ്ഗാനിസ്താന്‍ ഇതിനകം ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്കു യോഗ്യത നേടിയിട്ടുണ്ടെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

ഞങ്ങളൊന്നു പറയട്ടെ...
ആകാശ് ചോപ്രയുടെ അഭിപ്രായം പൂര്‍ണമായും ശരി തന്നെ. ലങ്കന്‍ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ പരിഗണിക്കുമ്പോള്‍ ഇന്ത്യയെ ബി ടീമെന്നു പരിഹസിക്കാന്‍ അവര്‍ക്കു ഒരു അര്‍ഹതയുമില്ല. തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്കു കൂപ്പുകുത്തുന്ന ലങ്ക ഇപ്പോള്‍ ഏഷ്യയിലെ ഏറ്റവും ദുര്‍ബല ടീമാണ്. ഇന്ത്യ പര്യടനത്തിനെത്തുന്നത് ലങ്കന്‍ ക്രിക്കറ്റിന് പുത്തനുണര്‍വ് നല്‍കാനും സാമ്പത്തികമായി നേട്ടമുണ്ടാക്കാനും സഹായിക്കുമെന്നതില്‍ സംശയമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications