ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് വീണ്ടും കളിക്കളത്തിലേക്ക്. ഓസ്‌ട്രേലിയയിലെ ഒരു ക്ലബ്ബിനായി യുവി കളിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മെല്‍ബണിലെ ഈസ്റ്റേണ്‍ ക്രിക്കറ്റ് അസോസിയേഷന്റെ (ഇസിഎ) മൂന്നം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന മല്‍ഗ്രേവ് ക്രിക്കറ്റ് ക്ലബ്ബാണ് യുവിയെ തങ്ങളുടെ ടീമിലെത്തിക്കാന്‍ നീക്കം നടത്തുന്നത്.

താരവുമായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും വൈകാതെ കരാര്‍ ഒപ്പുവയ്ക്കുമെന്നുമാണ് ക്ലബ്ബ് അറിയിച്ചിരിക്കുന്നത്. യുവിയെക്കൂടാതെ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍, ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് എന്നിവരും ഈ ഫ്രാഞ്ചൈസിയുമായി കരാറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയുടെ മുന്‍ സൂപ്പര്‍ താരങ്ങളായ തിലകരത്‌നെ ദില്‍ഷന്‍, ഉപുല്‍ തരംഗ എന്നിവരെ മല്‍ഗ്രേവ് ഇതിനകം ടീമിലെത്തിച്ചുകഴിഞ്ഞു. ലങ്കയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ സനത് ജയസൂര്യയെ മുഖ്യ കോച്ചാക്കുകയും ചെയ്തിട്ടുണ്ട്.
വിന്‍ഡീസ് മുന്‍ ഇതിഹാസം ബ്രയാന്‍ ലാറയുമായും തങ്ങള്‍ ചര്‍ച്ചയിലാണെന്നു മല്‍ഗ്രേവ് പ്രസിഡന്റ് മിലാന്‍ പുല്ലേനായെഗാം അറിയിച്ചു. ദില്‍ഷന്‍, സനത്, തരംഗ എന്നിവരെ ഞങ്ങള്‍ സ്വന്തമാക്കി. മറ്റു ചില കളിക്കാരുമായും കരാറിലെത്താനുള്ള അവസാനവട്ട ചര്‍ച്ചയിലാണെന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയോടു അദ്ദേഹം പറഞ്ഞു. ഗെയ്ല്‍, യുവരാജ് എന്നിവരുമായുള്ള ചര്‍ച്ചകള്‍ 85-90 ശതമാനം വരെയെത്തിയിട്ടുണ്ട്. ചില കാര്യങ്ങള്‍ക്കൂടി ധാരണയായാല്‍ ഇതു ഔദ്യോഗകമാവുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വമ്പന്‍ താരങ്ങളെ ടീമിലേക്കു കൊണ്ടു വരുന്നതിനായി കൂടുതല്‍ സ്‌പോണ്‍സര്‍മാരെ തിരയുകയാണ് മല്‍ഗ്രേവ് ക്രിക്കറ്റ് ക്ലബ്ബ്. മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ ദില്‍ഷന്‍ കഴിഞ്ഞ സീസണില്‍ ക്ലബ്ബിനു വേണ്ടി ആറു മല്‍സങ്ങളില്‍ കളിച്ചിരുന്നു.

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം യുവി ചില വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിച്ചിരുന്നു. ഏറ്റവും അവസാനമായി അദ്ദേഹത്തെ കളിക്കളത്തില്‍ കണ്ടത് പ്രഥമ റോഡ് സേഫ്റ്റി ലോക സീരീസ് ചാംപ്യന്‍ഷിപ്പിലായിരുന്നു. വിരമിച്ച താരങ്ങള്‍ അണിനിരന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്റ്‌സിനു വേണ്ടി യുവി കളിച്ചിരുന്നു. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ അദ്ദേഹം ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍. വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍ എന്നിവരടക്കമുള്ളവര്‍ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു.