ഏഷ്യാ കപ്പിനു ഇത്തവണ പാകിസ്താന്‍ വേദിയായാല്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന ബിസിസിഐയുടെ തീരുമാനം ഒടുവില്‍ വിജയിച്ചിരിക്കുകയാണ്. മറുഭാഗത്തു പാകിസ്താനും അതിന്റെ ക്ഷീണമുണ്ടായിട്ടില്ല. ഇരുകൂട്ടരെയും ചൊടിപ്പിക്കാതെ വളരെ തന്ത്രപരമായ നീക്കമാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) നടത്തിയത്. ഏഷ്യാ കപ്പിന്റെ വേദി പാകിസ്താനില്‍ നിന്നും മാറ്റിയിട്ടില്ല, പക്ഷെ ഇന്ത്യന്‍ ടീമിന്റെ മല്‍സരങ്ങള്‍ ഇവിടെ നടക്കുകയുമില്ല. മറിച്ച് വിദേശത്തെ നിഷ്പക്ഷ വേദിയിലായിരിക്കും ഇന്ത്യയുടെ മല്‍സരം എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ടി20 ഫോര്‍മാറ്റിലായിരുന്നു ഏഷ്യാ കപ്പിലെ മല്‍സരങ്ങളെങ്കില്‍ ഇത്തവണ ഏകദിന ഫോര്‍മാറ്റിലാണ് കളികള്‍. ഐസിസിയുടെ ഏകദിന ലോകകപ്പ് വരാനിരിക്കെ ഏഷ്യന്‍ ടീമുള്‍ക്കു ഇതു നല്ലൊരു തയ്യാറെടുപ്പിന് അവസരമൊരുക്കുകയും ചെയ്യും. സപ്തംബര്‍ ആദ്യമാണ് ആറു ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യാ കപ്പ് അരങ്ങേറുന്നത്. ഒരിക്കല്‍ക്കൂടി ചിരവൈരകളായ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ തന്നെയാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ശക്തമായ ടീമിനെയായിരുന്നു കഴിഞ്ഞ എഡിഷനില്‍ ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ നിരാശാജനകമായ പ്രകടനത്തോടെ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയായിരുന്നു. ഇത്തവണയും ഇന്ത്യ ലഭ്യമായതില്‍ വച്ച് ഏറ്റവും ശക്തമായ ടീമിനെ അയക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഒരുപക്ഷെ രണ്ടാംനിര ടീമിനെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ പരീക്ഷിക്കുന്നതെങ്കില്‍ ആരൊക്കെയായിരിക്കും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും തന്റെ സ്ഥാനമുറപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന മലയാളി താരം സഞ്ജു സാംസണാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഏറ്റവും അനുയോജ്യനായ താരം. ടീമിന്റെ വിക്കറ്റ് കാക്കുന്നതും അദ്ദേഹമായിരിക്കും. സഞ്്ജുവിന്റെ ക്യാപറ്റന്‍സി മികവിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. നേരത്തേ ഇന്ത്യന്‍ എ ടീമിനെ നയിച്ചിട്ടുള്ള അദ്ദേഹം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെയും ആഭ്യന്തര ക്രിക്കറ്റില്‍ കേരള ടീമിന്റെയും ക്യാപ്റ്റനാണ്. ഐപിഎല്‍ നായകസ്ഥാനം ലഭിച്ച് രണ്ടാമത്തെ സീസണില്‍ തന്നെ ടീമിനെ റണ്ണറപ്പാക്കാനും സഞ്ജുവിനായിരുന്നു.
വെടിക്കെട്ട് താരം പൃഥ്വി ഷായും സീനിയര്‍ ടീമിനായി ഇനിയും അരങ്ങേറിയിട്ടില്ലാത്ത യുവ ഇടംകൈയന്‍ താരം യശസ്വി ജയ്‌സ്വാളുമായിരിക്കും ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ രണ്ടാംനിര ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ ക്രീസിലെത്തുന്നത് നായകന്‍ സഞ്ജുവായിരിക്കും. നാലാമനായി റുതുരാജ് ഗെയ്ക്വാദ്, രജത് പാട്ടിധര്‍ എന്നിവരിലൊരാളും അഞ്ചാമനായി പുതുമുഖം സര്‍ഫറാസ് ഖാനും കളിക്കും. ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനായ താരത്തിനു ഇനിയും സീനിയര്‍ ടീമിലേക്കു വിളിയെത്തിയിട്ടില്ല. ആറാം നമ്പറില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരായിരിക്കും കളിക്കുന്നത്.

തുടര്‍ന്നു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദായിരിക്കും ടീമിലുണ്ടാലവുക. ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ യുവതാരം രവി ബിഷ്‌നോയ് ആയിരിക്കും. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം തിളങ്ങിയിട്ടും ഇപ്പോഴും തഴയപ്പെടുന്ന താരമാണ് ബിഷ്‌നോയ്. ടീമിന്റെ പേസാക്രണത്തിനു ചുക്കാന്‍ പിടിക്കുക ഇടംകൈയന്‍ പേസര്‍ ടി നടരാജനായിരിക്കും. ഇന്ത്യക്കായി അരങ്ങേറിക്കഴിഞ്ഞ അദ്ദേഹം ദീര്‍ഘകാലമായി ടീമിനു പുറത്താണ്. സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കും യുവ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങുമായിരിക്കും ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍.
ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ രണ്ടാംനിര സാധ്യതാ ടീം-
പൃഥ്വി ഷാ, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്/ രജത് പാട്ടിധര്‍, സര്‍ഫറാസ് ഖാന്‍, വെങ്കടേഷ് അയ്യര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌നോയ്, ടി നടരാജന്‍, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ്.