
ഹാര്‍ദിക്കിനെപ്പോലെ അധികമില്ല
ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യക്കു കുറവാണെന്നതാണ് ആദ്യത്തെ കാരണം. വിജയ് ശങ്കര്‍, ശിവം ദുബെ എന്നിവരടക്കം പലരെയും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ പരീക്ഷിച്ചെങ്കിലും അവര്‍ക്കൊന്നും സ്ഥിരത പുലര്‍ത്താനായിരുന്നില്ല.
നിലവില്‍ ഹാര്‍ദിക്കിനെക്കൂടാതെ ഇന്ത്യക്കു പരിഗണിക്കാവുന്ന ഒരേയൊരു ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ഠാക്കൂറാണ്. പക്ഷെ ഹാര്‍ദിക്കിനെപ്പോലെ ബാറ്റിങില്‍ ശര്‍ദ്ദുലിനെ വിശ്വസിക്കാമോയെന്നതാണ് ചോദ്യം. ഒറ്റയ്ക്കു മല്‍സരഗതി മാറ്റാന്‍ ഹാര്‍ദിക്കിനു കഴിയുമെങ്കില്‍ അത്രത്തോളം ഇംപാക്ടുണ്ടാക്കാന്‍ ശര്‍ദ്ദുലിനു കഴിയില്ല.

പേസ് ട്രാക്കുകളില്‍ ഗുണം ചെയ്യും
പേസ് ബൗളിങിനെ തുണയ്ക്കുന്ന ട്രാക്കുകളില്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ രണ്ടു സ്പിന്നര്‍മാരെയും കളിപ്പിക്കണമോയെന്നത് ഇന്ത്യ ആലോചിക്കേണ്ട വിഷയമാണ്. ഫൈനലില്‍ അശ്വിനു മാത്രമേ പ്രതീക്ഷ കാക്കാനായിരുന്നുള്ളൂ. ജഡേജയ്ക്കു പകരം ഇത്തരം പേസും സ്വിങുമുള്ള പിച്ചുകളില്‍ ഹാര്‍ദിക്കായിരിക്കും കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കുക.
ഇംഗ്ലണ്ടിനെതിരേയുള്ള അടുത്ത പരമ്പരയ്ക്കു ശേഷം ഹാര്‍ദിക്കിനെ ടെസ്റ്റ് ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിക്കണ്ടതുണ്ട്. നിലവില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ശേഷം ഹാര്‍ദിക് അധികം ബൗള്‍ ചെയ്യാറില്ല. ബൗളിങിലേക്കു പഴയതു പോലെ അദ്ദേഹത്തിനു ഇറങ്ങാനായാല്‍ ടെസ്റ്റ് ടീമിലേക്കു തീര്‍ച്ചയായും തിരിച്ചുവിളിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷെ ശര്‍ദ്ദുലിനെപ്പോലെയുള്ള മറ്റു ഓപ്ഷനുകള്‍ തിരയേണ്ടി വരും.

ഒഴിച്ചുകൂടാനാവാത്ത താരം
ഇന്ത്യന്‍ ടീമില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയാത്ത വിധം മികവുറ്റ താരമാണ് ഹാര്‍ദിക്. 27 വയസ്സ് മാത്രമേയുള്ളൂവെങ്കിലും ഇതിനകം ഒരു ലോകോത്തര ഓള്‍റൗണ്ടറാണ് താനെന്നു അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. ശ്രീലങ്കയ്‌ക്കെതിരേ അരങ്ങേറ്റ ടൈസ്റ്റില്‍ ഫിഫ്റ്റിയുമായി ഹാര്‍ദിക് വരവറിയിച്ചിരുന്നു. മാത്രമല്ല കരിയറിലെ മൂന്നാമത്തെ ടെസ്റ്റില്‍ താരം സെഞ്ച്വറിയും കുറിച്ചിരുന്നു.
24ാം വയസ്സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഹാര്‍ദിക് (93 റണ്‍സ്) കളിച്ച ഉജ്ജ്വല ഇന്നിങ്‌സ് പലരും മറന്നുകാണില്ല. ദക്ഷിണാഫ്രിക്കയിലെ ന്യൂലാന്‍ഡ്‌സിലെ അതിവേഗ പിച്ചിലായിരുന്നു ഇത്. ടെസ്റ്റില്‍ ഒരു തവണ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത ബൗളര്‍ കൂടിയാണ് ഹാര്‍ദിക്. 2018ല്‍ ഇംഗ്ലണ്ടിനെതിരേ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്.


Click it and Unblock the Notifications











