
എല്ലാ ടെസ്റ്റിലും തോറ്റു
മായങ്കും പൃഥ്വിയും ചേര്‍ന്ന് ഓപ്പണ്‍ ചെയ്താല്‍ ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുമെന്ന ഘട്ടത്തിലേക്കു കാര്യങ്ങള്‍ ഇപ്പോള്‍ എത്തിയിരിക്കുകയാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഓസ്‌ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റ്. ഇതുവരെ ആറു ടെസ്റ്റുകളിലാണ് മായങ്കും പൃഥ്വും ചേര്‍ന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇവയിലെല്ലം ഇന്ത്യ തോല്‍ക്കുകയും ചെയ്തു.
ഇനിയൊരു തവണ കൂടി ഈ ജോടിയെ ടെസ്റ്റില്‍ ഓപ്പണര്‍മാരായി കാണാന്‍ സാധ്യത തീരെ കുറവാണ്. പൃഥ്വിക്കായിരിക്കും സ്ഥാനം തെറിക്കുകയെന്നുറപ്പായിട്ടുണ്ട്. പിങ്ക് ബോള്‍ ടെസ്റ്റിലെ ദയനീയ പ്രകടനത്തോടെ പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ താരത്തെ പുറത്തിരുത്തുമെന്നാണ് സൂചനകള്‍. പകരം ശുഭ്മാന്‍ ഗില്‍ മായങ്കിനൊപ്പം ഓപ്പണറായി വന്നേക്കും. എന്നാല്‍ ഓസീസിനെതിരായ മൂന്നും നാലു ടെസ്റ്റുകളില്‍ രോഹിത് ഇന്ത്യക്കു വേണ്ടി കളിക്കും. ഇതോടെ രോഹിത്തും മായങ്കുമായിരിക്കും ഓപ്പണിങ് ദൗത്യമേറ്റെടുക്കുക.

പൃഥ്വിയുടെ ബാറ്റിങ് ടെക്നിക്ക്
മോശം ബാറ്റിങ് ടെക്‌നിക്കാണ് പൃഥ്വിയുടെ ഏറ്റവും വലിയ വീക്ക്‌നെസായി പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നത്. ബാറ്റ് ചെയ്യുമ്പോള്‍ ഫൂട്ട് മൂവ്‌മെന്റ് വേണ്ടത്ര ഇല്ലെന്നതാണ് താരത്തിന്റെ പോരായ്മ. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഓസീസ് പേസര്‍മാര്‍ ഇതു മുതലെടുക്കുകയും ചെയ്തു. ബൗള്‍ഡായാണ് പൃഥ്വി രണ്ടിന്നിങ്‌സുകളിലും ക്രീസ് വിട്ടത്. ആദ്യ ഇന്നിങ്‌സില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ഊഴമായിരുന്നെങ്കില്‍ രണ്ടാമിന്നിങ്‌സില്‍ പാറ്റ് കമ്മിന്‍സിനായിരുന്നുവെന്ന് മാത്രം. പന്തിന്റെ ലൈനിലേക്കു മുന്‍കാല്‍ ഊന്നി കളിക്കാതെ തീര്‍ത്തും അലസമായി യാതൊരു പ്രതിരോധവുമില്ലാതെ ബാറ്റ് ചെയ്താണ് രണ്ടിന്നിങ്‌സുകളിലും പൃഥ്വി ബൗള്‍ഡായത്.

രണ്ടിന്നിങ്സിലും ഒറ്റയക്ക സ്കോറിന് പുറത്ത്
ഒന്നാമിന്നിങ്‌സില്‍ പൂജ്യത്തിന് മടങ്ങിയ പൃഥ്വി രണ്ടാമിന്നിങ്‌സില്‍ നാലു റണ്‍സിനും പുറത്തായി. ഇന്ത്യക്കു പ്രതീക്ഷിച്ച തുടക്കം നല്‍കുന്നതില്‍ രണ്ടിന്നിങ്‌സുകളിലും പൃഥ്വി- മായങ്ക് സഖ്യം പരാജയപ്പെട്ടു. ഒന്നാമിന്നിങ്‌സില്‍ അക്കൗട്ട് തുറക്കും മുമ്പായിരുന്നു പൃഥ്വി പുറത്തായത്. രണ്ടാമിന്നിങ്‌സില്‍ ഏഴു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും പൃഥ്വി മടങ്ങുകയും ചെയ്തു. മായങ്ക്- പൃഥ്വി ജോടിയില്‍ നിന്നും മികച്ച തുടക്കം ലഭിച്ചിരുന്നെങ്കില്‍ ഇത്രയും ദയനീയ പരാജയം ഇന്ത്യക്കു നേരിടില്ലായിരുന്നു.
രണ്ടു ദിവസം ബാക്കിനില്‍ക്കവെയാണ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങിയത്. എട്ടു വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ നല്‍കിയ 90 റണ്‍സെന്ന വിജയലക്ഷ്യം രണ്ടു വിക്കറ്റിന് ഓസീസ് മറികടന്നു. ജോ ബേണ്‍സ് 51 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ മാത്യു വെയ്ഡ് 33 റണ്‍സെടുത്ത് മടങ്ങി.


Click it and Unblock the Notifications