ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്ക് ടെസ്റ്റ് ബുധനാഴ്ച മുതല്‍ ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ ആരംഭിക്കുകയാണ്. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ നേടിയ ഗംഭീര വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ മുന്നിലാണ് ഇന്ത്യ. ലീഡ്‌സിലും ജയിച്ച് പരമ്പരയില്‍ 2-0ന് മുന്നിലെത്തുകയാവും വിരാട് കോലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. എന്നാല്‍ ശക്തമായ തിരിച്ചുവരവിനു കച്ചമുറുക്കിയാണ് ആതിഥേയര്‍ ലീഡ്‌സിലെത്തുക. 19 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ലീഡ്‌സില്‍ കളിക്കുന്ന ടെസ്റ്റ് കൂടിയാണ് ഇത്തവണത്തേത്. ഇതിനു മുമ്പ് 2002ലായിരുന്നു ഇന്ത്യ ഈ വേദിയില്‍ ടെസ്റ്റില്‍ ഇറങ്ങിയത്. ആറു ടെസ്റ്റുകളില്‍ മാത്രമേ ഇന്ത്യ ലീഡ്‌സില്‍ ഇതുവരെ കളിച്ചിട്ടുള്ളൂ. ഇതില്‍ മൂന്നെണ്ണത്തില്‍ ഇംഗ്ലണ്ട് വിജയം കൊയ്തപ്പോള്‍ രണ്ടെണ്ണത്തില്‍ ഇന്ത്യയായിരുന്നു ജയിച്ചത്. ഒരു ടെസ്റ്റ് സമനിലയാവുകയും ചെയ്തു.
ആദ്യ മൂന്നു ടെസ്റ്റുകളിലും ഇന്ത്യയെ ഇംഗ്ലണ്ട് തകര്‍ത്തുവിട്ടിരുന്നു. 1952ല്‍ ഏഴു വിക്കറ്റിനും 59ല്‍ ഇന്നിങ്‌സിനും 173 റണ്‍സിനും 67ല്‍ ആറു വിക്കറ്റിനുമായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. 79ലെ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. അതിനു ശേഷം കളിച്ച രണ്ടു ടെസ്റ്റുകളിലും ജയം ഇന്ത്യക്കൊപ്പം നിന്നു. ഇത്തവണ ഹാട്രിക്ക് വിജയം തേടിയാണ് വിരാട് കോലിയും സംഘവും ഇവിടെയെത്തിയിരിക്കുന്നത്. ലീഡ്‌സില്‍ ഇന്ത്യയുടെ കഴിഞ്ഞ രണ്ടു ടെസ്റ്റ് വിജയങ്ങളെക്കുറിച്ചും കൂടുതലറിയാം-
1986- ഇന്ത്യ ഇന്നിങ്‌സിനും 279 റണ്‍സിനും ജയിച്ചു
1986ലായിരുന്നു ഹെഡിങ്‌ലേയില്‍ ഇന്ത്യ തങ്ങളുടെ കന്നി ടെസ്റ്റ് വിജയം കൊയ്തത്.
മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റായിരുന്നു ഇത്. ലോര്‍ഡ്‌സിലെ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0നു മുന്നിട്ടുനില്‍ക്കുകായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 272 റണ്‍സായിരുന്നു നേടിയത്. ടോപ്പ് ത്രീ 30ന് മുകളില്‍ സ്‌കോര്‍ ചെയ്‌പ്പോള്‍ ദിലിപ് വെങ്‌സാര്‍ക്കര്‍ ഫിഫ്റ്റിയും കുറിച്ചു. ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 61 റണ്‍സായിരുന്നു വെങ്‌സാര്‍ക്കര്‍ നേടിയത്.
തുടര്‍ന്ന് ഉജ്ജ്വലമായി പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി. വെറും 102 റണ്‍സിന് ഇംഗ്ലണ്ട് പുറത്താവുകയായിരുന്നു. 170 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡ് ഇതോടെ ഇന്ത്യക്കു ലഭിച്ചു. റോജര്‍ ബിന്നി അഞ്ചു വിക്കറ്റുകളെടുത്തു.

രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറിയുമായി വെങ്‌സാര്‍ക്കര്‍ വീണ്ടും ഇന്ത്യന്‍ ഹീറോയായി. പുറത്താവാതെ 102 റണ്‍സ് അദ്ദേഹം നേടി. ഇന്ത്യയെ ഇതു 237 റണ്‍സിലെത്തിച്ചു. 408 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. പക്ഷെ 128 റണ്‍സിന് അവരുടെ റണ്‍ചേസ് അവസാനിച്ചു. മനീന്ദര്‍ സിങ് നാലു വിക്കറ്റുകളെടുത്തു. 279 റണ്‍സിന്റെ ആധികാരിക വിജയമായിരുന്നു ഇന്ത്യ നേടിയത്. ഇതോടെ പരമ്പരയും ഇന്ത്യ 2-0നു സ്വന്തമാക്കി. അപ്രസക്തമായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.

2002- ഇന്ത്യ ഇന്നിങ്‌സിനും 46 റണ്‍സിനും ജയിച്ചു
2002ലെ ഇംഗ്ലീഷ് പര്യടനത്തില്‍ നാലു ടെസ്റ്റുകളായിരുന്നു ഇന്ത്യ കളിച്ചത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 170 റണ്‍സിന്റെ വന്‍ പരാജയമേറ്റുവാങ്ങിയിരുന്നു. രണ്ടാം ടെസ്റ്റ് സമനിലയാവുകയും ചെയ്തു. മൂന്നാം ടെസ്റ്റായിരുന്നു ലീഡ്‌സിലേത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനു മുന്നില്‍ റണ്‍മല തന്നെ പടുത്തുയര്‍ത്തി. ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (193), രാഹുല്‍ ദ്രാവിഡ് (148), സൗരവ് ഗാംഗുലി (128) എന്നിവരുടെ സെഞ്ച്വറികള്‍ ഇന്ത്യയെ 628 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചു. 19 ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു സച്ചിന്റെ ഇന്നിങ്‌സെങ്കില്‍ ദ്രാവിഡ് 23 ബൗണ്ടറികള്‍ നേടി. ഗാംഗുലിയാവട്ടെ 14 സിക്‌സറുകളും മൂന്നു സിക്‌സറും പറത്തി.

മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 273 റണ്‍സിന് പുറത്തായി. ഫോളോഓണ്‍ നേരിട്ട ഇംഗ്ലണ്ടിനോടു ഇന്ത്യ വീണ്ടും ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. രണ്ടാമിന്നിങ്‌സില്‍ 309 റണ്‍സാണ് അവര്‍ക്കു നേടാനായത്. ഇന്നിങ്‌സിനും 46 റണ്‍സിനുമായിരുന്നു അന്നു ഇന്ത്യയുടെ വിജയം. സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ ഇന്ത്യക്കു വേണ്ടി രണ്ടിന്നിങ്‌സുകളിലായി ഏഴു വിക്കറ്റുകള്‍ വീഴ്ത്തി.