Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ 69.1%, ഓസീസ് 64.77; പക്ഷെ ഇന്ത്യക്കു കിരീടം വട്ടപ്പൂജ്യം, ഓസീസിനു നാലെണ്ണവും!

ഐസിസി ടൂര്‍ണമെന്റുകളില്‍ ലീഗ് ഘട്ട മല്‍സരങ്ങളിലെല്ലാം ഗംഭീരമായി പെര്‍ഫോം ചെയ്ത ശേഷം കളി കാര്യമാവുമ്പോള്‍ തോല്‍വിയിലേക്കു വീഴുകയെന്ന പതിവ് ടീം ഇന്ത്യ ഈ ലോകകപ്പിലും തെറ്റിച്ചില്ല. ഒരു മല്‍സരം പോലും തോല്‍ക്കാതെ തുടര്‍ച്ചയായി 10 വിജയങ്ങളുമായിട്ടാണ് രോഹിത് ശര്‍മയും സംഘവും ഫൈനലിലേക്കു കുതിച്ചത്. പക്ഷെ കലാശക്കളിയില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ ഇന്ത്യ തനിനിറം പുറത്തെടുത്തു. ആറു വിക്കറ്റിന്റെ പരാജയത്തോടെ കൈയെത്തുംദൂരത്തു മൂന്നാം ലോക കിരീടം ഇന്ത്യ കൈവിടുകയായിരുന്നു.

ഐസിസി ടൂര്‍ണമെന്റുകളില്‍ കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ വിജയ ശതമാനത്തില്‍ ഇന്ത്യയെ വെല്ലാന്‍ മറ്റൊരു ടീമില്ല. ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്നിവയടക്കം ചുരുങ്ങിയത് 50 മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ ഏറ്റവുമുയര്‍ന്ന വിജയശതമാനമുള്ളത് ഇന്ത്യക്കാണ്.

INDIA

69.15 ശതമാനമാണ് ഈ കാലയളവില്‍ ഇന്ത്യയുടെ വിജയശതമാനമെന്നു കാണാം. 94 മല്‍സരങ്ങളില്‍ 65ലും ജയിച്ച ഇന്ത്യ തോറ്റത് 24 എണ്ണത്തില്‍ മാത്രമാണ്. അഞ്ചെണ്ണം സമനിലയില്‍ കലാശിക്കുകയും ചെയ്തു. പക്ഷെ ഇത്രയും മികച്ച റെക്കോര്‍ഡുണ്ടായിട്ടും ട്രോഫികള്‍ നോക്കിയാല്‍ അവിടെ ഇന്ത്യ വെറും വട്ടപ്പൂജ്യമാണ്. 70നടുത്ത് വിജയശതമാനമുണ്ടായിട്ടും ഒരു ഐസിസി ട്രോഫി പോലും സ്വന്തമാക്കാന്‍ ഇന്ത്യക്കായിട്ടില്ല.

ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമുയര്‍ന്ന വിജയശതമാനമുള്ള ടീം ഓസ്‌ട്രേലിയയാണ്. 88 മല്‍സരങ്ങളില്‍ 57 എണ്ണത്തിലാണ് കംഗാരുപ്പട വിജയം കൊയ്തിരിക്കുന്നത്. 23 മല്‍സരങ്ങളില്‍ പരാജയപ്പെട്ട അവര്‍ എട്ടെണ്ണത്തില്‍ സമനിലയും വഴങ്ങി. 64.77 ആണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ വിജയശതമാനം.

പക്ഷെ ഇന്ത്യയെയും ഓസീസിനെയും വേറിട്ടു നിര്‍ത്തുന്നത് നേടിയിട്ടുള്ള ഐസിസി കിരീടങ്ങളുടെ എണ്ണമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നാലു ട്രോഫികളാണ് അവര്‍ തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. 2015ലെ ഏകദിന ലോകകപ്പ്, 2021ലെ ടി20 ലോകകപ്പ്, ഈ വര്‍ഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ട്രോഫി, അവസാനമായി ഏകദിന ലോകകപ്പ് എന്നിവയാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയ ഐസിസി കിരീടങ്ങള്‍.

ഓസീസിനേക്കാള്‍ മികച്ച വിജയ ശതമാനമുണ്ടായിട്ടും എന്തുകൊണ്ടാണ് ഒരു ഐസിസി ട്രോഫി പോലും ഇന്ത്യക്കു നേടാന്‍ കഴിഞ്ഞില്ലെന്നതാണ് ചോദ്യം. തോല്‍ക്കുമെന്ന ഭയത്തോടെ കളിക്കുന്നതാണ് ഇന്ത്യക്കു കിരീടങ്ങള്‍ ലഭിക്കാതെ പോവുന്നതിന്റെ പ്രധാന കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്.

AUSTRALIA

ഇന്ത്യയും ഓസ്ട്രലിയയും കഴിഞ്ഞാല്‍ വിജയ ശതമാനത്തിന്റെ കാര്യത്തില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ്. വിജയശതമാനത്തില്‍ ടോപ്പ് ഫൈവിലുണ്ടായിട്ടും ഇന്ത്യയെക്കൂടാതെ ഒരു ഐസിസി ട്രോഫി പോലുമില്ലാത്ത ഏക ടീം സൗത്താഫ്രിക്കയാണ്.

58.44 വിജയ ശതമാനവുമായിട്ടാണ് ന്യൂസിലാന്‍ഡ് മൂന്നാമതുള്ളത്. 77 മല്‍സരങ്ങളില്‍ 45ലും ജയിച്ച അവര്‍ 29 എണ്ണത്തില്‍ പരാജയപ്പെട്ടു. ഒരു ഐസിസി ട്രോഫിയാണ് 10 വര്‍ഷത്തിനിടെ കിവീസ് നേടിയിരിക്കുന്നത്. 2021ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ട്രോഫിയായിരുന്നു ഇത്.

53.33 വിജയ ശതമാനമാണ് നാലാംസ്ഥാനത്തുള്ള സൗത്താഫ്രിക്കയ്ക്കുള്ളത്. പക്ഷെ ഒരു ഐസിസി ട്രോഫി പോലിും അവര്‍ നേടിയിട്ടില്ല. അഞ്ചാംസ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ വിജയശതമാനം 53 ആണ്. രണ്ടു ഐസിസി ട്രോഫികള്‍ അവര്‍ സ്വന്തമാക്കുകയും ചെയ്തു. 2019ല്‍ ഏകദിന ലോകകപ്പും കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പുമാണ് അവര്‍ തങ്ങളുടെ പേരില്‍ ചേര്‍ത്തത്.

ലിസ്റ്റില്‍ ആറു മുതല്‍ ഒമ്പതു വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ പാകിസ്താന്‍ (വിജയ ശതമാനം 50), ശ്രീലങ്ക (വിജയ ശതമാനം 41.03), വെസ്റ്റ് ഇന്‍ഡീസ് (വിജയ ശതമാനം 35.48), ബംഗ്ലാദേശ് (വിജയ ശതമാനം 25.35) എന്നിങ്ങനെയാണ്. ബംഗ്ലാദേശൊഴികെ മറ്റു മൂന്നു ടീമുകളും ഓരോ ഐസിസി ട്രോഫികള്‍ പത്തു വര്‍ഷത്തിനിടെ കൈക്കലാക്കുകയും ചെയ്തു.

Story first published: Tuesday, November 21, 2023, 14:20 [IST]
Other articles published on Nov 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+