ഇന്ത്യ രണ്ടു ടീമുകളെ പരീക്ഷിക്കുന്നത് ആദ്യമല്ല, 1998ല്‍ തുടക്കമിട്ടു- അന്നു നേരിട്ടത് വന്‍ തിരിച്ചടി!
ഇന്ത്യന്‍ ക്രിക്കറ്റ് ടീം രണ്ടു വ്യത്യസ്ത ടീമുകളെ ഒരേ സമയം അണിനിരത്താനുള്ള തയ്യാറെടുപ്പിലാണ്. വിരാട് കോലിക്കു കീഴില്‍ പ്രധാന ടീം ഇംഗ്ലണ്ടില്‍ ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ടെസ്റ്റ് പരമ്പര എന്നിവയില്‍ കളിക്കാനിരിക്കുകയാണ്. അതേ സമയത്തു തന്നെ ശ്രീലങ്കയില്‍ നിശ്ചിത ഓവര്‍ പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യയും ലങ്കയും കൊമ്പുകോര്‍ക്കുക. ഇതോടെയാണ് നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകളെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി മറ്റൊരു ടീമിനെ ഇന്ത്യ തയ്യാറാക്കുന്നത്.
എന്നാല്‍ ചരിത്രത്തില്‍ ഇതാദ്യമായിട്ടല്ല ഇന്ത്യ രണ്ടു ദേശീയ ടീമുകളെ ഒരുമിച്ച് പരീക്ഷിക്കുന്നത്. 1998ല്‍ ഇന്ത്യ ഇങ്ങനെയൊരു പരീക്ഷണം നടത്തിയിരുന്നു. പക്ഷെ അന്നു അത് വലിയ പരാജയമായി മാറുകയും ചെയ്തു.

1998ല്‍ രണ്ടു ഇന്ത്യന്‍ ടീമുകള്‍
1998ല്‍ സഹാറ കപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവ ഒരേ സമയത്തു വന്നതോടെയായിരുന്നു ഇന്ത്യക്കു രണ്ടു ടീമുകളെ തിരഞ്ഞെടുക്കേണ്ടി വന്നത്. മലേഷ്യയിലെ ക്വലാലംപൂരിലായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസ്. കാനഡയില്‍ നടന്ന സഹാറ കപ്പിലാവട്ടെ പാകിസ്താനായിരുന്നു ഇന്ത്യയുടെ എതിരാളികള്‍.
ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, വിവിഎസ് ലക്ഷ്മണ്‍ എന്നിവരെല്ലാം അജയ് ജഡേജ ക്യാപ്റ്റനായ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ടീമിലുണ്ടായിരുന്നു. സഹാറ കപ്പിലാവട്ടെ മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിച്ച ഇന്ത്യന്‍ സംഘത്തില്‍ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ജവഗല്‍ ശ്രീനാഥ്, വെങ്കടേഷ് പ്രസാദ് തുടങ്ങിയ പ്രമുഖരുമുണ്ടായിരുന്നു.

ഗ്രൂപ്പുഘട്ടത്തില്‍ പുറത്ത്
16 ടീമുകളായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസിലുണ്ടായിരുന്നത്. ഓസ്‌ട്രേലിയ, കാനഡ, ആന്റിഗ്വ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലായിരുന്നു ഇന്ത്യ. റെഡ് ബോളുകളാണ് മല്‍സരങ്ങള്‍ക്കു ഉപയോഗിച്ചിരുന്നത്. താരങ്ങള്‍ ധരിച്ചതാവട്ടെ ടെസ്റ്റിനു സമാനമായി വെള്ള ജഴ്‌സിയുമായിരുന്നു.
കരുത്തരായ ഓസ്‌ട്രേലിയയോടു തോറ്റു കൊണ്ടായിരുന്നു ഗെയിംസില്‍ ഇന്ത്യയുടെ തുടക്കം. കാനഡയ്‌ക്കെതിരായ കളി ജയിച്ചെങ്കിലും ആന്റിഗ്വയുമായുള്ള മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടത് ഇന്ത്യക്കു തിരിച്ചടിയായി. ഇതോടെ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ ഇന്ത്യ പുറത്താവുകയും ചെയ്തു.

താരങ്ങളെ കാനഡയിലേക്കു അയച്ചു
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും നേരത്തേ പുറത്തായതോടെ ടീമിലുണ്ടായിരുന്ന സച്ചിന്‍, ജഡേജ, കുംബ്ലെ, റോബിന്‍ സിങ് എന്നിവരോടു ബിസിസിഐ സഹാറ കപ്പിലെ അവസാന രണ്ടു മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ നിര്‍ദേശിച്ചു. പക്ഷെ സച്ചിനും ജഡേജയ്ക്കും മാത്രമേ ടീമിനൊപ്പം ചേരാനായുള്ളൂ.
പാകിസ്താതാന്‍ പരമ്പരയില്‍ 2-1ന് ലീഡ് ചെയ്യവെ നാലാമത്തെ കളിയില്‍ ജഡേജ ഇന്ത്യക്കായി ഇറങ്ങി. പക്ഷെ സച്ചിന്‍ ടീമിലുണ്ടായിരുന്നില്ല. ഈ സമയത്ത് സച്ചിന്‍ കുടുംബത്തോടൊപ്പം മഹാരാഷ്ട്രയിലെ ഖണ്ഡാലയില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു. നാലാം ഏകദിനവും ജയിച്ച പാകിസ്താന്‍ പരമ്പരയില്‍ 3-1ന്റെ അപരാജിത ലീഡ് സ്വന്തമാക്കി.

അവസാന കളിയില്‍ സച്ചിനെത്തി
അപ്രസക്തമായ അവസാന കളിയിലായിരുന്നു സച്ചിന്‍ ടീമിനൊപ്പം ചേര്‍ന്നത്. മല്‍സരത്തില്‍ 77 റണ്‍സോടെ അദ്ദേഹം തിളങ്ങുകയും ചെയ്തു. ക്യാപ്റ്റന്‍ അസ്ഹറും സെഞ്ച്വറിയടിച്ച മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റിന് 256 റണ്‍സെടുത്തു. എന്നാല്‍ ആമിര്‍ സൊഹൈലിന്റെ (97) ഇന്നിങ്‌സ് പാകിസ്താനു ജയം സമ്മാനിച്ചു. 4-1നായിരുന്നു പാക് പട പരമ്പര പോക്കറ്റിലാക്കിയത്.
അങ്ങനെ അന്നു രണ്ടു ദേശീയ ടീമുകളെ ഇറക്കിയുള്ള ഇന്ത്യയുടെ രണ്ടു പരീക്ഷണങ്ങളും പരാജയത്തില്‍ കലാശിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications