IND vs ENG: കലാശക്കൊട്ടിന് കച്ചമുറുക്കി ഇന്ത്യയും ഇംഗ്ലണ്ടും- ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവും
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ഞായറാഴ്ച നടക്കും. ഇരുടീമുകളും പരമ്പരയില്‍ 1-1നു ഒപ്പം നില്‍ക്കുന്നതിനാല്‍ ഫൈനലിനു തുല്യമായി മാറിയിരിക്കുകയാണ് ഈ പോരാട്ടം. ടെസ്റ്റ്, ടി20 എന്നിവയ്ക്കു പിന്നാലെ ഏകദിനത്തിലും പരമ്പര സ്വന്തമാക്കി ആധിപത്യമുറപ്പിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ ഇംഗ്ലണ്ടിനു കഴിഞ്ഞ രണ്ടു പരമ്പരകളും നഷ്ടമായതിനാല്‍ ഇതെങ്കിലും നേടി മാനംകാത്തേ തീരൂ.
രണ്ടാം ഏകദിനത്തില്‍ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ജോസ് ബട്‌ലര്‍ക്കു കീഴില്‍ ഇംഗ്ലണ്ട് ഇറങ്ങുക. ഇന്ത്യയാവട്ടെ കഴിഞ്ഞ കളിയിലെ തോല്‍വി മറന്ന് വിജയവഴിയില്‍ തിരിച്ചെത്താമെന്ന ശുഭപ്രതീക്ഷയിലാണ്.

ഇന്ത്യയെ സ്തബ്ധരാക്കിയ റണ്‍ചേസ്
ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കുന്ന റണ്‍ചേസായിരുന്നു രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 336 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ നേടിയപ്പോള്‍ വിജയവും പരമ്പരയും ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു.
എന്നാല്‍ ഇംഗ്ലണ്ടിന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. വെറും 43.3 ഓവറുകള്‍ മാത്രമേ വിജയലക്ഷ്യത്തിലെത്താന്‍ അവര്‍ക്കു വേണ്ടി വന്നുള്ളൂ. മാത്രമല്ല നഷ്ടമായത് വെറും നാലു വിക്കറ്റുകളായിരുന്നു. ബൗളിങ് നിരയുടെ, പ്രത്യേകിച്ചും സ്പിന്നര്‍മാരുടെ ദയനീയ പ്രകടനമാണ് ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ടത്. അതുകൊണ്ടു തന്നെ മൂന്നാം ഏകദിനത്തില്‍ കോലിയുടെ ആശങ്കയും ബൗളിങിനെക്കുറിച്ച് മാത്രമാണ്.

മല്‍സരവിവരങ്ങള്‍, പിച്ച് റിപ്പോര്‍ട്ട്
ഞായറാഴ്ച ഉച്ചയ്ക്കു 1.30നാണ് പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ മല്‍സരം ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളും പോലെ തന്നെ ഈ കളിയിലും സ്‌റ്റേഡിയത്തിലേക്കു കാണികള്‍ക്കു പ്രവേശനനമില്ല.
പൂനെയിലെ പിച്ച് ബാറ്റിങിന് അനുകൂലമായിരിക്കും. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇതു കണ്ടതുമാണ്. കളിയുടെ തുടക്കത്തില്‍ സീമര്‍മാര്‍ക്ക് ചെറിയ മൂവ്‌മെന്റ് ലഭിക്കും. സ്പിന്നര്‍മാര്‍ക്കു ഈ പിച്ചില്‍ റണ്ണൊഴുക്ക് തടഞ്ഞുനിര്‍ത്തുക ബുദ്ധിമുട്ടാവും.

ഇന്ത്യന്‍ ടീം
ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ലൈനപ്പില്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ട. പുതുമുഖ താരം സൂര്യകുമാര്‍ യാദവിന് ഈ മല്‍സരത്തിലും അരങ്ങേറ്റത്തില്‍ അവസരം ലഭിക്കാനിടയില്ല. എന്നാല്‍ ബൗളിങ് ലൈനപ്പില്‍ ഉറപ്പായും മാറ്റങ്ങളുണ്ടാവും. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും നിരാശപ്പെടുത്തി സ്പിന്നര്‍ കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാളെ ഇന്ത്യ കളിപ്പിച്ചേക്കും. ഒരു അധിക പേസറെക്കൂടി ഇന്ത്യ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ടി നടരാജന്‍, മുഹമ്മദ് സിറാജ് എന്നിവരിലൊരാള്‍ ടീമിലെത്തും.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍
ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചഹല്‍/ കുല്‍ദീപ് യാദവ്.

ഇംഗ്ലണ്ട് ടീം
ഇംഗ്ലണ്ട് വിന്നിങ് കോമ്പിനേഷനില്‍ കാര്യമായ പരീക്ഷണങ്ങള്‍ നടത്താനിടയില്ല. എന്നാല്‍ ബൗളിങിന് മൂര്‍ച്ച കൂട്ടണമെന്ന് തീരുമാനിച്ചാല്‍ പേസര്‍ മാര്‍ക്ക് വുഡിനെ തിരിച്ചുവിളിച്ചേക്കും. ഇതോടെ ടോം കറെനായിരിക്കും സ്ഥാനം നഷ്ടമാവുക. മറ്റു മാറ്റങ്ങളൊന്നും ഇംഗ്ലണ്ടിന്റെ ലൈനപ്പില്‍ പ്രതീക്ഷിക്കേണ്ടതില്ല.

ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവന്‍
ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി, സാം കറെന്‍, ടോം കറെന്‍/ മാര്‍ക്ക് വുഡ്, റീസ് ടോപ്പ്‌ലെ, ആദില്‍ റഷീദ്.

എവിടെ കാണാം?
ഞായറാഴ്ച ഉച്ചയ്ക്കു 1.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ഡിഡി സ്‌പോര്‍ട്‌സിലും കളിയുണ്ടാവും.
കളിയുടെ ലൈവ് സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ വിഐപിയിലും കാണാന്‍ കഴിയും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications