IND vs ENG: പട നയിച്ച് പന്ത്, കൂട്ടിന് ഹാര്‍ദിക്കും ധവാനും- ഇംഗ്ലണ്ടിന് 330 റണ്‍സ് വിജയലക്ഷ്യം
പൂനെ: ഏകദിന പരമ്പര പോക്കറ്റിലാക്കാന്‍ ഇംഗ്ലണ്ടിനു വേണ്ടത് 330 റണ്‍സ്. പരമ്പരയിലെ തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട ഇന്ത്യ 300ന് മുകളില്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 48.2 ഓവറില്‍ 329 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ആരും സെഞ്ച്വറി തികച്ചില്ലെങ്കിലും മൂന്നു പേര്‍ ഫിഫ്റ്റിയുമായി മിന്നിച്ചു. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് (78) ടോപ്‌സ്‌കോറര്‍. 62 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറും പന്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ശിഖര്‍ ധവാന്‍ (67), ഹാര്‍ദിക് പാണ്ഡ്യ (64) എന്നിവരും ഇന്ത്യക്കു വേണ്ടി മിന്നി. ധവാന്‍ 56 ബോളില്‍ 10 ബൗണ്ടറികള്‍ പായിച്ചപ്പോള്‍ ഹാര്‍ദിക് 44 ബോളില്‍ അഞ്ചു ബൗണ്ടറികളിം നാലു സിക്‌സറും പറത്തി.
രോഹിത് ശര്‍മ (37), ശര്‍ദ്ദുല്‍ ഠാക്കൂര്‍ (30), ക്രുനാല്‍ പാണ്ഡ്യ (25) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. നായകന്‍ വിരാട് കോലിയും കഴിഞ്ഞ മല്‍സരത്തിലെ സെഞ്ച്വറി വീരന്‍ കെഎല്‍, രാഹുലും നിരാശപ്പെടുത്തി. ഇരുവരും ഏഴു റണ്‍സ് വീതമെടുത്ത് മടങ്ങുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ (3), പ്രസിദ്ധ് കൃഷ്ണ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. അവസാന അഞ്ചോവറില്‍ 29 റണ്‍സ് മാത്രമേ ഇന്ത്യക്കു നേടാനായുള്ളൂ. നാലു വിക്കറ്റുകളും നഷ്ടമായി. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ ആദില്‍ റഷീദിന് രണ്ടു വിക്കറ്റ് ലഭിച്ചു.

ഇന്ത്യക്കു ഗംഭീര തുടക്കം
ഇന്ത്യക്കു ഉജ്ജ്വല തുടക്കമായിരുന്നു രോഹിത്- ധവാന്‍ ജോടി നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 103 റണ്‍സ് നേടി. എന്നാല്‍ ആദില്‍ റഷീദിലൂടെ ഇംഗ്ലണ്ട് ഇരട്ട പ്രഹരമേല്‍പ്പിച്ചു. തകര്‍പ്പനൊരു ഗൂഗ്ലിയിലൂടെ രോഹിത്തിനെ റഷീദ് ക്ലീന്‍ ബൗള്‍ഡാക്കി. തന്റെ അടുത്ത ഓവറില്‍ ധവാനെയും അദ്ദേഹം പുറത്താക്കി. ധവാനെ റഷീദ് സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു. ഇന്ത്യ രണ്ടിന് 117. ടീം സ്‌കോറിലേക്കു നാലു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും നായകന്‍ കോലി കൂടി പുറത്തായതോടെ ഇന്ത്യ ഞെട്ടി. മോയിന്‍ അലിയാണ് കോലിയുടെ ലെഗ്‌സ്റ്റംപ് തെറിപ്പിച്ചത്.

നിരാശപ്പെടുത്തി രാഹുല്‍
നാലാമനായി ഇറങ്ങിയ പന്തും അഞ്ചാമതായി ക്രീസിലെത്തിയ രാഹുലും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 36 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഈ സഖ്യം മുന്നേറവെയാണ് രാഹുല്‍ പുറത്തായത്. കരിയറിലെ രണ്ടാമത്തെ മാത്രം മല്‍സരം കളിച്ച ലിയാം ലിവിങ്സ്റ്റണിനാണ് വിക്കറ്റ്. ലെഗ് സൈഡിലൂടെ പോയ നിരുപദ്രവകാരിയായ ഒരു ഫുള്‍ ടോസാണ് രാഹുലിന് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. മോയിന്‍ അലി തകര്‍പ്പന്‍ ക്യാച്ചിലൂടെ രാഹുലിനെ പിടികൂടി. ഇതോടെ ഇന്ത്യ നാലിന് 157. കളി അപ്പോള്‍ പകുതി ഓവറുകള്‍ മാത്രമേ പിന്നിട്ടിരുന്നുള്ളൂ.

പന്ത്- ഹാര്‍ദിക് കൂട്ടുകെട്ട്
മല്‍സരത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമായിരുന്നു ഇത്. ഇവിടെയാണ് പന്ത്- ഹാര്‍ദിക് സഖ്യം ഒരുമിക്കുന്നത്. 99 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ ജോടി ഇന്ത്യയെ മികച്ച സ്‌കോറിലേക്കു നയിച്ചു. ഇതിനിടെ പന്ത് പരമ്പരയിലെ രണ്ടാമത്തെ ഫിഫ്റ്റിയും തികച്ചിരുന്നു. പന്തിനെ പുറത്താക്കി ഇംഗ്ലണ്ട് കളിയിലേക്കു തിരിച്ചുവന്നു. സാം കറെന്റെ ബൗളിങില്‍ നായകന്‍ ബട്‌ലറായിരുന്നു ക്യാച്ചെടുത്തത്. ഏകദിന കരിയറിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണ് ഈ മല്‍സരത്തില്‍ പന്ത് കുറിച്ചത്.
പന്ത് മടങ്ങുമ്പോഴേക്കും ഇന്ത്യ 36 ഓവറില്‍ 256 റണ്‍സിലെത്തിയിരുന്നു.

സ്പിന്നര്‍മാരില്ലാതെ ഇന്ത്യ
കഴിഞ്ഞ മല്‍സരത്തില്‍ ഞെട്ടിക്കുന്ന പരാജയമേറ്റുവാങ്ങിയ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങിയത്. മോശം ഫോമിലുള്ള സ്പിന്നര്‍ കുല്‍ദീപ് യാദവിനു പകരം പേസര്‍ ടി നടരാജന്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്ത് ഇംഗ്ലണ്ട് ടീമിലും ഒരു മാറ്റം വരുത്തിയിരുന്നു. ടോം കറെനെ ഒഴിവാക്കി ഇംഗ്ലണ്ട് മാര്‍ക്ക് വുഡിനെ തിരിച്ചുവിളിച്ചു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, പ്രസിദ്ധ് കൃഷ്ണ, ടി നടരാജന്‍
ഇംഗ്ലണ്ട്-ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി, സാം കറെന്‍, മാര്‍ക്ക് വുഡ്, റീസ് ടോപ്പ്‌ലെ, ആദില്‍ റഷീദ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications