ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും രക്ഷകരായപ്പോള്‍ വന്‍ തകര്‍ച്ചയുടെ വക്കില്‍ നിന്നും ഇന്ത്യ രക്ഷപ്പെട്ടു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 300 റണ്‍സെന്ന നിലയിലാണ്. ആദ്യദിനം ഇംഗ്ലണ്ടിന് അവകാശപ്പെട്ടതാണെന്നു ഇത്രയും പേരെ പുറത്താക്കാനായത് അടിവരയിടുന്നു. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയതു പോലൊരു പ്രകടനം ആവര്‍ത്തിക്കാന്‍ ഇന്ത്യക്കായില്ല. മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് മികച്ച ബാറ്റിങ് കാഴ്ചവച്ചാല്‍ ഇന്ത്യയുടെ കാര്യം പരുങ്ങലിലാവും. എന്നാല്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തിളങ്ങിയാല്‍ പ്രതീക്ഷയ്ക്കു വകയുണ്ട്.

രോഹിത്തിന്റെ (161) ഉജ്ജ്വല സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത്. രഹാനെ 67 റണ്‍സും നേടി. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 231 ബോളില്‍ 18 ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. രഹാനെ 149 ബോളില്‍ ഒമ്പത് ബൗണ്ടറികളും നേടി. ശുഭ്മാന്‍ ഗില്‍, നായകന്‍ വിരാട് കോലി എന്നിവര്‍ ഡെക്കായി മടങ്ങിയപ്പോള്‍ ചേതേശ്വര്‍ പുജാര (21), ആര്‍ അശ്വിന്‍ (13) എന്നിവരും കാര്യമായ സംഭാവന നല്‍കാതെ പുറത്തായി.

റിഷഭ് പന്തിനോടൊപ്പം (33*) കന്നി ടെസ്റ്റ് കളിക്കുന്ന അക്ഷര്‍ പട്ടേലാണ് (5*) ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്. ഒന്നാമിന്നിങ്‌സില്‍ കുറഞ്ഞത് 350 റണ്‍സെങ്കിലും നേടാനായാല്‍ മാത്രമേ ഇംഗ്ലണ്ടിന് അല്‍പ്പമെങ്കിലും വെല്ലുവിളിയുയര്‍ത്താന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. അതിനായി പന്ത്-അക്ഷര്‍ ജോടിക്കു രണ്ടാംദിനം മികച്ച കൂട്ടുകെട്ട് തന്നെ പടുത്തുയര്‍ത്തേണ്ടിവരും. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ചും മോയിന്‍ അലിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഓലി സ്‌റ്റോണിനും നായകന്‍ ജോ റൂട്ടിനും ഓരോ വിക്കറ്റുകള്‍ വീതം ലഭിച്ചു.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ സ്തബ്ധരാക്കുന്നതായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. ഇന്നിങ്‌സിലെ രണ്ടാമത്തെ ബോളില്‍ തന്നെ, ഇന്ത്യന്‍ സ്‌കോര്‍ കാര്‍ഡില്‍ നമ്പര്‍ തെളിയുന്നതിനു മുമ്പ് തന്നെ ഗില്ലിനെ ഇംഗ്ലണ്ട് വീഴ്ത്തി. ഓലി സ്‌റ്റോണ്‍ ഗില്ലിനെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. കരിയറിലെ അഞ്ചാമത്തെ ടെസ്റ്റ് കളിക്കുന്ന താരം ഇതാദ്യമായാണ് പൂജ്യത്തിനു പുറത്തായത്.

രണ്ടാം വിക്കറ്റില്‍ കോലിക്കു കൂട്ടായി പുജാര വന്നതോടെ ഇന്ത്യന്‍ ഇന്നിങ്‌സിനു ജീവന്‍ വച്ചു. രണ്ടു പേരും ടീമിനെ കൂടുതല്‍ പരിക്കുകളിലില്ലാതെ മുന്നോട്ടു നടത്തി. ഈ സഖ്യം കരുത്താര്‍ജിക്കവെയായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചടി. 21 റണ്‍സെുത്ത പുജാരയെ ലീച്ചിന്റെ ബൗളിങില്‍ സ്റ്റോക്‌സ് പിടികൂടി. എങ്കിലും രണ്ടാം വിക്കറ്റില്‍ രോഹിത്തിനൊപ്പം 85 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നായകന്‍ കോലി വന്നതും മടങ്ങിയതും കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. ആര്‍സിബിയിലെ തന്റെ സഹതാരമായ അലിയുടെ ബോളില്‍ ഓഫ് സ്റ്റംപ് തെറിച്ചപ്പോള്‍ കോലി എന്താണ് സംഭവിച്ചതെന്നു പോലും മനസ്സിലാവാതെ സ്തബ്ധനായി നില്‍ക്കുകയായിരുന്നു. ഒടുവില്‍ മനസ്സില്ലാ മനസോടെ ക്രീസ് വിടുകയും ചെയ്തു. ഇന്ത്യ മൂന്നിന് 86.
പിന്നീടാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് കണ്ടത്. രോഹിത്തും രഹാനെയും ചേര്‍ന്ന് ഇംഗ്ലീഷ് ബൗളിങിനെ കൂസലില്ലാതെ നേരിട്ടു. 162 റണ്‍സ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തു. ഈ ഘട്ടത്തില്‍ ഇന്ത്യ 400ന് മുകളില്‍ വരെ സ്‌കോര്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ടീം സ്‌കോര്‍ 248ല്‍ വച്ച് രോഹിത്തിന്റെ പുറത്താവല്‍ കളിയുടെ ഗതി തന്നെ മാറ്റി. രോഹിത്തിനെ ലീച്ച് അലിക്കു സമ്മാനിക്കുകയായിരുന്നു. ടീം സ്‌കോറിലേക്കു ഒരു റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും രഹാനെയും വീണു. അലിയാണ് രഹാനെയെ ബൗള്‍ഡാക്കിയത്. ഇതോടെ മൂന്നിന് 247ല്‍ നിന്ന് ഇന്ത്യ അഞ്ചിന് 249ലേക്കു വീണു. അഷശ്വിനാണ് ഏറ്റവും ഒടുവിലായി പുറത്തായത്. റൂട്ടിന്റെ ബൗളിങില്‍ പോപ്പ് ക്യാച്ചെടുക്കുകയായിരുന്നു.
ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യയിറങ്ങിയത്. ഇംഗ്ലണ്ട് ടീമിലാവട്ടെ നാലു മാറ്റങ്ങളുമുണ്ടായിരുന്നു. ജസ്പ്രീത് ബുംറ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് നദീം എന്നിവരെ ഒഴിവാക്കിയ ഇന്ത്യ പകരം മുഹമ്മദ് സിറാജ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരെ കളിപ്പിച്ചു.