
അഹമ്മദാബാദ്: പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ടോസ് ഭാഗ്യം ഇംഗ്ലണ്ടിനൊപ്പം. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുായാണ് ഇന്ത്യയിറങ്ങിയത്. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്കു പകരം ജസ്പ്രീത് ബുംറ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമിമിലെത്തി. മറുഭാഗത്ത് ഇംഗ്ലണ്ട് ടീമില്‍ നാലു മാറ്റങ്ങള്‍ വരുത്തിയിരുന്നു. റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ഓലി സ്‌റ്റോണ്‍, മോയിന്‍ അലി എന്നിവര്‍ക്കു പകരം ജോണി ബെയര്‍സ്‌റ്റോ, ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോഫ്ര ആര്‍ച്ചര്‍, സാക്ക് ക്രോളി എന്നിവരും കളിച്ചു.
ഈ മല്‍സരത്തില്‍ ഇറങ്ങിയതോടെ ഇന്ത്യക്കു വേണ്ടി 100 ടെസ്റ്റുകളെന്ന നാഴികക്കല്ല് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ പിന്നിട്ടു. മുന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവിനു ശേഷം 100 ടെസ്റ്റുകള്‍ കളിച്ച രണ്ടാമത്തെ ഇന്ത്യന്‍ പേസറായി ഇതോടെ ഇഷാന്ത് മാറി. മല്‍സരത്തിനു മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവര്‍ ഇഷാന്തിന് മൊമെന്റോ നല്‍കി ആദരിച്ചു.

പുതുക്കിപ്പണിത അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാണ് ഇരുടീമുകളും പരമ്പരയിലെ മൂന്നാമങ്കത്തില്‍ കൊമ്പുകോര്‍ക്കുന്നത്. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഓരോ ജയം വീതം നേടി ഇരകുടീമുകളും 1-1ന് ഒപ്പമായതിനാല്‍ പിങ്ക് ബോള്‍ ടെസ്റ്റ് പൊടിപാറുമെന്നുറപ്പാണ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്ത് നേടിയെടുക്കാനും ഈ മല്‍സരം ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളും ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലായിരുന്നു. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 227 റണ്‍സിന്റെ വമ്പന്‍ വിജയവുമായി ഇന്ത്യയെ സ്തബ്ധരാക്കിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഗംഭീരമായി തിരിച്ചുവന്നു. ആദ്യ കളിയിലെ തോല്‍വിക്കു 317 റണ്‍സിനാണ് വിരാട് കോലിയും സംഘവും കണക്കുതീര്‍ത്തത്.

അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയം (നേരത്തേ മൊട്ടേറ സ്‌റ്റേഡിയം) നവീകരിച്ച ശേഷം ഇവിടെ നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര മല്‍സരം കൂടിയാണ് പിങ്ക് ബോള്‍ ടെസ്റ്റ്. കഴിഞ്ഞ മാസം സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിന്റെ പ്ലേഓഫ് മല്‍സരങ്ങളായിരുന്നു സ്റ്റേഡിയത്തില്‍ ആദ്യം നടന്നത്. അതിനു ശേഷമാണ് ഇപ്പോള്‍ പിങ്ക് ടെസ്റ്റിനും സ്റ്റേഡിയം ആതിഥേയത്വം വഹിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം കൂടിയാണ് അഹമ്മദാബാദിലേത്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന റെക്കോര്‍ഡും ഇപ്പോള്‍ ഈ വേദിയെ തേടിയെത്തിയിരിക്കുകയാണ്. 1,10,000 കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിനുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ 50 ശതമാനം കാണികളെ മാത്രമേ പിങ്ക് ബോള്‍ ടെസ്റ്റിന് സ്‌റ്റേഡിയത്തില്‍ അനുവദിച്ചിട്ടുള്ളൂ. അതായത് 55,000 കാണികള്‍ക്കു സ്‌റ്റേഡിയത്തിലിരുന്ന് മല്‍സരം നേരിട്ട് ആസ്വദിക്കാം. ചെന്നൈയിലെ ആദ്യ ടെസ്റ്റ് അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിച്ചിരുന്നു.
ഇന്ത്യയുടെ മൂന്നാമത്തെ മാത്രം പിങ്ക് ബോള്‍ ടെസ്റ്റാണിത്. നേരത്തേ നാട്ടിലും വിദേശത്തുമായി ഓരോ ഡേ-നൈറ്റ് ടെസ്റ്റുകളില്‍ മാത്രമേ ഇന്ത്യ കളിച്ചിട്ടുള്ളൂ. 2019 നവംബറില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റ്. ഈ മല്‍സരത്തില്‍ ഇന്ത്യ ഇന്നിങ്‌സ് ജയവും കൊയ്തിരുന്നു. രണ്ടാമത്തെ പിങ്കത് ബോള്‍ ടെസ്റ്റ് കഴിഞ്ഞ ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡിലായിരുന്നു. ഇതിലാവട്ടെ ദയനീയ തോല്‍വിയും ഇന്ത്യക്കു നേരിട്ടു. രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിന് പുറത്തായ ഇന്ത്യക്കു അന്നു നാണക്കേടിന്റെ ലോക റെക്കോര്‍ഡും പേറേണ്ടി വന്നിരുന്നു.
പിങ്ക് ബോള്‍ ടെസ്റ്റ് പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ.
ഇംഗ്ലണ്ട്- ഡൊമിനിക്ക് സിബ്ലി, സാക്ക് ക്രോളി, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്പ്, ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.