IND vs ENG: ഇംഗ്ലീഷ് പരീക്ഷ പാസാവാന്‍ ടീം ഇന്ത്യ- ടീമില്‍ ആരൊക്കെ? എവിടെ കാണാം? എല്ലാമറിയാം
ചെന്നൈ: ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ ചെന്നു തകര്‍ത്തുവിട്ട ടീം ഇന്ത്യക്കു ഇനി നാട്ടില്‍ ഇംഗ്ലീഷ് പരീക്ഷ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു വെള്ളിയാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ തുടക്കമാവും. കൊവിഡ് മഹാമാരിക്കു ശേഷം ഇന്ത്യ സ്വന്തം നാട്ടില്‍ കളിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര മല്‍സരമാണിത്. മാത്രമല്ല 2019നു ശേഷം നാട്ടില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റും കൂടിയാണിത്.
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലേക്കു ന്യൂസിലാന്‍ഡ് യോഗ്യത നേടിയതിനാല്‍ ശേഷിച്ച ഒരു ബെര്‍ത്ത് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാണ് ഈ പരമ്പര. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങി മൂന്നു ടീമുകളാണ് ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ സ്വപ്‌നം കാണുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പര നേടിയാല്‍ ഇന്ത്യക്കു ഫൈനലില്‍ സ്ഥാനമുറപ്പിക്കാം.

മാച്ച് വിവരങ്ങള്‍, കാലാവസ്ഥ, പിച്ച് റിപ്പോര്‍ട്ട്
വെള്ളിയാഴ്ച രാവിലെ 9.30നാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിനു തുടക്കമാവുന്നത്. വൈകീട്ട് നാലു മണിക്ക് ഓരോ ദിവസത്തെയും കളി അവസാനിക്കുകയും ചെയ്യും.
ചെന്നൈയില്‍ ആദ്യ ടെസ്റ്റിനു കാലാവസ്ഥ അനുകൂലമാണ്. ടെസ്റ്റിന്റെ ഒരു ദിസവും മഴ പെയ്യാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്.
ചെന്നൈയിലെ പിച്ചിന്റെ കാര്യമെടുത്താല്‍ സ്പിന്നര്‍മാരെ അകമഴിഞ്ഞ് തുണയ്ക്കുന്ന പിച്ചാണ് ഇവിടുത്തേത്. അതുകൊണ്ടു തന്നെ ഇരുടീമുകളും ചുരുങ്ങിയത് രണ്ടു സ്പിന്നര്‍മാരെയെങ്കിലും പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തും. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ബാറ്റിങ് എളുപ്പമായിരിക്കും. എന്നാല്‍ മൂന്നാംദിനം മുതല്‍ ബൗളര്‍മാര്‍ക്കു കൂടുതല്‍ അനുകൂലമായി മാറും. അതുകൊണ്ടു തന്നെ ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡ് നേടാനായിരിക്കും ഇരുടീമുകളും ശ്രമിക്കുക.

ഇന്ത്യന്‍ ടീം, സാധ്യതാ ഇലവന്‍
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടാവും. മായങ്ക് അഗര്‍വാളിനു പകരം ക്യാപ്റ്റന്‍ വിരാട് കോലി ടീമില്‍ തിരിച്ചെത്തും. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ എന്നിവരോടൊപ്പം മുഹമ്മദ് സിറാജ് മൂന്നാം പേസറായേക്കും. ആര്‍ അശ്വിനൊപ്പം കുല്‍ദീപ് യാദവോ, വാഷിങ്ടണ്‍ സുന്ദറോ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കും. മികച്ച ഫോമിലുള്ള റിഷഭ് പന്ത് തന്നെ വിക്കറ്റ് കീപ്പറായി തുടരുമെന്നുറപ്പാണ്.
സാധ്യതാ ഇലവന്‍- ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍/ കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ.

ഇംഗ്ലണ്ട് ടീം, സാധ്യതാ ഇലവന്‍
ശ്രീലങ്കന്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും ഇംഗ്ലണ്ട് ഇറങ്ങുന്നത്. ജോഫ്ര ആര്‍ച്ചര്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത്.
റോറി ബേണ്‍സും ഡോം സിബ്ലിയും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ജോണി ബെയര്‍സ്‌റ്റോയ്ക്കു പകരം ബെന്‍ സ്റ്റോക്‌സ് ടീമിലെത്തും. ഡോം ബെസ്സും ജാക്ക് ലീച്ചുമായിരിക്കും സ്പിന്‍ ബൗളിങിനു നേതൃത്വം നല്‍കുന്നത്.
സാധ്യതാ ഇലവന്‍- ഡൊമിനിക്ക് സിബ്ലി/ സാക്ക് ക്രോളി, റോറി ബേണ്‍സ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, ഡാനിയേല്‍ ലോറെന്‍സ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്/ സ്റ്റുവര്‍ട്ട് ബ്രോഡ്, ഡോം ബെസ്സ്, ജാക്ക് ലീച്ച്, ജോഫ്ര ആര്‍ച്ചര്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.

കളി എവിടെ കാണാം
ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളില്‍ കളിയുടെ തല്‍സമയ സംപ്രേക്ഷണമുണ്ടാവും. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ വിഐപിയില്‍ കളിയുടെ ലൈവ് സ്ട്രീമിങും ആസ്വദിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications