ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ റണ്‍ ചേസിന് ഇറങ്ങിയ ഇന്ത്യക്കു തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടം. രോഹിത് ശര്‍മയാണ് (12) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയത്. 420 റണ്‍സെന്ന വന്‍ ലക്ഷ്യത്തിലേക്കു ബാറ്റ് ചെയ്യുന്ന ഇന്ത്യ നാലാംദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിനു 39 റണ്‍സെടുത്തിട്ടുണ്ട്. ഒരു ദിവസവും ഒമ്പത് വിക്കറ്റുകളും ശേഷിക്കെ ഇന്ത്യക്കു ജയിക്കാന്‍ 381 റണ്‍സ് കൂടി വേണം. ശുഭ്മാന്‍ ഗില്ലും (15*) ചേതേശ്വര്‍ പുജാരയുമാണ് (12*) ക്രീസില്‍.20 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 12 റണ്‍സെടുത്ത ഹിറ്റ്മാനെ ഇംഗ്ലീഷ് സ്പിന്നര്‍ ജാക്ക് ലീച്ച് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
നേരത്തേ 241 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനെ രണ്ടാമിന്നിങ്‌സില്‍ വെറും 178 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ആര്‍ അശ്വിന്റെ ഉജ്ജ്വല ബൗളിങാണ് ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തിയത്. അശ്വിന്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റെടുത്ത അദ്ദേഹം ഇതോടെ രണ്ടിന്നിങ്‌സുകളിലായി ഒമ്പത് വിറ്റുകളെടുത്തു.

രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ ആരെയും ചുവടുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറിയുമായി ടോപ്‌സ്‌കോററായ നായകന്‍ ജോ റൂട്ട് തന്നെയാണ് രണ്ടാമിന്നിങ്‌സിലും കൂടുതല്‍ റണ്‍സെടുത്തത്. 32 ബോളില്‍ ഏഴു ബൗണ്ടറികളോടെ അദ്ദേഹം 40 റണ്‍സ് നേടി. മറ്റുള്ളവരൊന്നും 30 തികച്ചില്ല. ഓലി പോപ്പ് (28), ഡൊമിനിക്ക് ബെസ്സ് (25), ജോസ് ബട്‌ലര്‍ (24) എന്നിവര്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഡാനിയേല്‍ ലോറന്‍സ് (18), ഡൊമിനിക്ക് സിബ്ലി (16) എന്നിവരും രണ്ടക്കം കടന്നു. 17.3 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 61 റണ്‍സ് വിട്ടുകൊടുത്താണ് അശ്വിന്‍ ആറു പേരെ പുറത്താക്കിയത്. ഷഹബാസ് നദീം രണ്ടു വിക്കറ്റ് നേടി.

വന്‍ ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനെ സ്തബ്ധരാക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം. രണ്ടാമിന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ ഇംഗ്ലീഷ് ഓപ്പണര്‍ റോറി ബേണ്‍സിനെ അശ്വിന്‍ മടക്കി. അജിങ്ക്യ രഹാനെയാണ് താരത്തിന്റെ ക്യാച്ചെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ 87 റണ്‍സുമായി മിന്നിയ ഡൊമിനിക്ക് സിബ്ലിയെ 16 റണ്‍സെടുത്തു നില്‍ക്കവെ അശ്വിന്‍ ചേതേശ്വര്‍ പുജാരയുടെ കൈകളിലെത്തിച്ചു. ഇംഗ്ലണ്ട് രണ്ടിന് 32.
പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. ഒരു സഖ്യത്തിനും അര്‍ധസഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താനായില്ല. ഏഴാം വിക്കറ്റില്‍ ജോസ് ബട്‌ലറും ഡൊമിനിക്ക് ബെസ്സും ചേര്‍ന്നെടുത്ത 35 റണ്‍സാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. രണ്ടാം വിക്കറ്റില്‍ ലോറന്‍സ്- സിബ്ലി സഖ്യം 32ഉം അഞ്ചാം വിക്കറ്റില്‍ റൂട്ട്- ഓലി പോപ്പ് സഖ്യം 31ഉം റണ്‍സ് നേടി.